•  26 Dec 2024
  •  ദീപം 57
  •  നാളം 42
ശ്രേഷ്ഠമലയാളം

ഇടിതാങ്ങി

    അതു ചെയ്യുന്നു / അതിനെ താങ്ങുന്നു എന്നര്‍ഥം വരുന്ന വ്യാകരണൈകകമാണ്  കാരകകൃത്ത്. ധര്‍മം അനുഷ്ഠിക്കുന്ന ധര്‍മിയെ കുറിക്കലാണതിന്റെ രീതി.  അകാരം താന്‍ ഇകാരം  താന്‍ കുറി കാരകകൃത്തിന്* (കാരിക 161) എന്നാണു പ്രമാണം. അതിന്‍പ്രകാരം അ എന്നും ഇ എന്നും രണ്ടു പ്രത്യയം കാരകകൃത്തിനുവരും. ഉദാ. ചതി ണ്ണ ചതിയ (അ) ണ്ണ ചതിയന്‍/ ചതിച്ചി. കൊതി ണ്ണ കൊതിയ (അ) കൊതിയന്‍/ കൊതിച്ചി.
    കാരകത്തിന്റെ രൂപനിര്‍മിതിക്ക് പ്രധാനപ്രത്യയം ഇ ആണ്. സമസ്തപദങ്ങളിലാണ് ഇകാരം അധികവും കാണുന്നത്. ഇവിടെ പരാമര്‍ശിച്ച ഇകാരം ഭൂതകാലപ്രത്യയമല്ല എന്നും മനസ്സിലാക്കേണ്ടതുണ്ട്. ഇ എന്ന പ്രത്യയം അധികരണകാരകത്തില്‍ വരുന്നതെങ്ങനെയെന്നു നോക്കാം. ചുമടുതാങ്ങി ണ്ണ  ചുമടിനെ ഇതില്‍ താങ്ങുന്നു; മീന്‍ കോര്‍മ്പല്‍ ണ്ണ മീനിനെ ഇതില്‍ കോര്‍ക്കുന്നു; അടിച്ചുകോരി ണ്ണ ഇതില്‍ അടിച്ചുകോരുന്നു; കാല്‍താങ്ങി ണ്ണ കാലുകള്‍ ഇതില്‍ താങ്ങുന്നു. ഇവിടെയെല്ലാം കൃതിയുടെ കാരകമായ വസ്തുവിനെ സൂചിപ്പിക്കുന്നു. ഇ പ്രത്യയം ചേര്‍ന്ന രൂപം മിക്കപ്പോഴും (ഇവിടെ അധികരണം) കാരകത്തെ കുറിക്കുന്ന നാമത്തോടു സമാസിച്ചാണു പ്രയോഗിക്കാറുള്ളത്.
   ഇംഗ്ലീഷിലെ Crash barrier (Traffic barrier)  എന്നതിനു സമാനമായി ഈയിടെ സൃഷ്ടിച്ചെടുത്ത ഒരു പദമാണ് ഇടിതാങ്ങി. ഇടിയെ (ഇടിയുടെ ആഘാതത്തെ) ഇതില്‍ താങ്ങുന്നു എന്ന വിവക്ഷിതത്തിലാണ് ഈ സംജ്ഞ നിര്‍മിച്ചെടുത്തത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആഘാതത്തെ ചെറുക്കാന്‍ കെല്പുള്ള ഉപയുക്തി എന്ന നിലയിലത്രേ ഇതിന്റെ പ്രസക്തി. മലയാളത്തിന്റെ തന്മ അടയാളപ്പെടുത്തുന്ന ഒരു പദം എന്ന മെച്ചവും നിര്‍മിച്ചെടുത്ത ഈ കാരക കൃദ്രൂപത്തിനുണ്ട്. പ്രസംഗകര്‍ക്കുണ്ടാകുന്ന 'വേപഥു ഇതില്‍ താങ്ങുന്നു' എന്ന സങ്കല്പത്തില്‍ പ്രസംഗപീഠത്തിന് 'വിറതാങ്ങി' എന്നു പരിഹാസരൂപേണ പറയാറുണ്ട്. അതും കാരകകൃത്തിന് ഉദാഹരണമാണ്. ഉഴപ്പന്‍ ണ്ണ ഉഴപ്പിനടക്കുന്നവന്‍ (കര്‍ത്തൃകാരകം) അറിവ് ണ്ണ യാതൊന്ന് അറിയുന്നുവോ അത് (കര്‍മകാരകം) അരിപ്പ ണ്ണ അരിക്കാനുള്ള ഉപകരണം (കരണകാരകം) എന്നിങ്ങനെ കാരകകൃത്തിന് അനേകം ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താവുന്നതേയുള്ളൂ.
വാല്‍ക്കഷണം: 'കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ വലത്തുവശത്തെ ഇടിതാങ്ങിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു' എന്ന പത്രവാര്‍ത്തയാണ് ഈ കുറിപ്പിനു പ്രേരകം.

*രാജരാജവര്‍മ്മ, ഏ.ആര്‍., കേരളപാണിനീയം, എന്‍ബിഎസ്, കോട്ടയം, 1988, പുറം - 278.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)