1969 ല്‍ പുറത്തിറങ്ങിയ കുമാരസംഭവം എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ രചിച്ചത് ഒ.എന്‍.വി. കുറുപ്പാണ്. അതിലെ ഒരു ഗാനത്തിന്റെ വിരുത്തം ഇങ്ങനെ ആരംഭിക്കുന്നു: ''പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍/ ശൈലാഗ്രശൃംഗത്തില്‍...''* ഇവിടെ പരാമൃഷ്ടമായ പൊല്‍ത്തിങ്കള്‍ പിരിച്ചെഴുതേണ്ടത്; ''ഖരത്തിനു മുമ്പു ലാദേശം/ മുന്‍പിന്‍ പൊന്നെന്ന ാവിന്''** (കാരിക 23) എന്ന നിയമമനുസരിച്ചാവണം. അതായത്, മുന്‍, പിന്‍, പൊന്‍ എന്നീ വാക്കുകളിലെ അന്ത്യമായ കാരം ഖരം പരമാകമ്പോള്‍ ലകാരമായി മാറും. വര്‍ത്സ്യമായ കാരം ദന്ത്യമായ ലകാരമാകുമെന്നു ചുരുക്കം.
അപ്പോള്‍, പൊന്‍+തിങ്കള്‍ = പൊല്‍ത്തിങ്കള്‍ എന്നാകുന്നു. പൊന്‍+കുടം = പൊല്‍ക്കുടമാകുന്നതും ഇതേ നയമനുസരിച്ചുതന്നെ. ആധുനികമലയാളത്തെ സംബന്ധിച്ചിടത്തോളം അന്യംനിന്ന സന്ധിനിയമമാണിത്. ഭാഷയുടെ ഉത്ഭവകാലഘട്ടങ്ങളിലുണ്ടായ വര്‍ണപരിണാമത്തിന് (ആദേശം) ഇപ്പോള്‍ പ്രസക്തിയില്ലാതായിരിക്കുന്നു. പുതിയ പദയോഗങ്ങളിലൊന്നും ഈ നയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതേയില്ല. പൊന്‍+തള = പൊന്‍തള; പൊന്‍+തളിക= പൊന്‍തളിക; പിന്‍+കാല് = പിന്‍കാല് എന്നെല്ലാം വര്‍ണവികാരം സംഭവിക്കാത്ത രൂപത്തിനാണ് ഇന്നു പ്രസിദ്ധി.
പൊല്‍ത്തിങ്കള്‍ എന്ന സമസ്തപദത്തിലെ ല(ല്‍)കാരത്തിനുശേഷം തകാരം ഇരട്ടിച്ചതിന്റെ പിന്നില്‍ മറ്റൊരു യുക്തികൂടി ഉണ്ട്. ചില്ലുകള്‍ക്ക് പ്രകടധ്വനി, ലീനധ്വനി എന്നിങ്ങനെ രണ്ട് അവസ്ഥകളുണ്ട്. മറ്റൊന്നില്‍ ലയിച്ചുപോകാതെ ചില്ലുകള്‍ക്ക് സ്വയം ഉള്ള മാത്ര ശ്രവിക്കത്തക്കവിധമുള്ള ഉച്ചാരണമുണ്ട്. ആ വിധം ഉച്ചാരണത്തിനു പ്രകടധ്വനി എന്നു പേര്‍*** അനുനാസികചില്ലുകള്‍ക്ക് സര്‍വത്ര പ്രകടധ്വനിയാണുള്ളത്. അടുത്തു പിന്‍വരുന്ന വ്യഞ്ജനത്തിന് ഇരട്ടിപ്പ് ഉള്ളതാണെങ്കില്‍, അതിനു മുന്‍നില്‍ക്കുന്ന ചില്ലിന്റെ ധ്വനി പ്രകടമായിരിക്കും. 'പൊല്‍' എന്നതിലെ ല്‍ നു ശേഷം തകാരത്തിന് ദ്വിത്വം വന്നിരിക്കുന്നു. ആയതിനാല്‍, ഇവിടത്തെ ചില്ലായ ല്‍ ന് പ്രകടധ്വനിയുണ്ടെന്നു കരുതണം. ല്‍ എന്ന ചില്ലിന്റെ ഉച്ചാരണത്തിലെ തീവ്രയത്‌നംകൊണ്ടുകൂടിയാണ് തകാരത്തിന് ദ്വിത്വം ഉണ്ടായത്. ഉച്ചാരണത്തിലെ ഇരട്ടിപ്പാണല്ലോ എഴുത്തിലേക്കും കടന്നുവരുന്നത്.
*കുറുപ്പ്, ഒ.എന്‍.വി., ഓയെന്‍വിയുടെ ഗാനങ്ങള്‍, സഹൃദയാ ബുക്‌സ്, പാലാ, 1999, പുറം-44.
**രാജരാജവര്‍മ്മ, ഏ.ആര്‍.,
കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം - 136.
***രാജരാജവര്‍മ്മ, ഏ.ആര്‍.,
കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം - 116.