•  21 Nov 2024
  •  ദീപം 57
  •  നാളം 37
ശ്രേഷ്ഠമലയാളം

പൂങ്കുഴലി

   സന്ധിയില്‍ ആഗമിക്കുന്നത് യകാരമോ വകാരമോ മാത്രമാണെന്നും യയ്ക്കു പകരം ചിലപ്പോള്‍ നയും വ യ്ക്കു പകരം ചിലപ്പോള്‍ ക യും വരാമെന്നും നിരീക്ഷിച്ചത് കേരളപാണിനിയാണ്. ''ശ്രുതിമാധുര്യാര്‍ഥമായും/ നാഗമം ചിലെടങ്ങളില്‍* (കാരിക8) എന്നൊരു കാരിക രചിക്കാനിടയായതിന്റെ പിന്നിലും ഈ നിഗമനത്തിന്റെ പൊരുള്‍ ഉള്ളടങ്ങുന്നു. കരി + പുലി = കരിമ്പുലി; പുളി + കുരു = പുളിങ്കുരു. രണ്ടിടത്തും നകാരത്തിനു മകാരവും ങകാരവും ആദേശമായി വരുമത്രേ!'' നാഗമം വിധിച്ച് അതിനെ ആദേശമായി അനുനാസികങ്ങള്‍ വരുന്നുവെന്നു വിധിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. അനുനാസികങ്ങള്‍ നേരേ ആഗമങ്ങളായി വരികയാണെന്നു പറഞ്ഞുകൂടേ? ഈ ശങ്കയ്ക്കു കേരളപാണിനി പ്രതിവിധി നിര്‍ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ നമ്മുടെ പ്രാചീനവൈയാകരണനായ ലീലാതിലകകാരന്റെ അഭിപ്രായം സ്വീകാര്യമാണ്. ''ക്വചിദദാദിദൂദ്ഭ്യഃ പരസ്യപഞ്ചമഃ(സൂത്രം 48)** എന്ന സൂത്രത്തില്‍ ചിലടത്ത് അ ആ ഇ ഈ - ഇവയ്ക്കുശേഷം കചതപങ്ങള്‍ വന്നാല്‍ ഇടയ്ക്ക് അവയുടെ അനുനാസികങ്ങള്‍ ആഗമമായി വരുമെന്ന് ആചാര്യന്‍ വിധിക്കുന്നു. ...അനുനാസികാഗമം നേരേ സംഭവിക്കുന്നുവെന്നാണ് ആചാര്യന്റെ മതം. അതാണ് സ്വീകാര്യവും'' *** കരിമ്പുലിയില്‍ മകാരവും പുളിങ്കുരുവില്‍ ങകാരവും ആഗമിക്കുന്നു  എന്നു ഗണിച്ചാല്‍ എല്ലാ സങ്കീര്‍ണതകളും ഒഴിവാകും.
    ക, ച, ത, പ - ഇവ അ ആ ഇ ഊ എന്നീ സ്വരങ്ങള്‍ക്കുശേഷം ഇവയിലേതെങ്കിലുംകൊണ്ടു തുടങ്ങുന്ന പദം സന്ധി ചെയ്താല്‍, ഇടയ്ക്ക് കയ്ക്ക് ങ, ചയ്ക്ക് ഞ, ത യ്ക്ക് ന, പ യ്ക്ക് മ എന്നീ ക്രമത്തില്‍ വ്യഞ്ജനങ്ങള്‍ വരും. ഉദാഹരിക്കാം: പൂ + കുഴലി = പൂങ്കുഴലി (കണ്ണങ) മാ + കനി = മാങ്കനി(കണ്ണങ) പൂ + ചേല= പൂഞ്ചേല (ചണ്ണഞ) മാ + തോല്‍ = മാന്തോല്‍ (തണ്ണന) പൂ + പൊടി = പൂമ്പൊടി(പണ്ണമ). മാ, പൂ എന്നിവ മാവിനെയും പൂവിനെയും കുറിക്കുന്നു. ''ദീര്‍ഘത്തിന്നവസാനത്തില്‍ ബാഹുല്യേന യവാഗമം''**** (കാരിക 11). അതായത്, ദീര്‍ഘത്തില്‍ അവസാനിക്കുന്ന ശബ്ദങ്ങള്‍ക്ക് ബഹുലമായി യകാരമോ വകാരമോ ആഗമമായി വരാം. ഉദാ: മാ - മാവ്, പൂ - പൂവ്, കാ - കായ് എന്നിങ്ങനെ. ലീലാതിലകത്തിലെ പല സന്ധിനിയമങ്ങളും ഇന്നു പ്രസക്തമല്ല. പക്ഷേ, 48-ാം സൂത്രം ചോദ്യം ചെയ്യാന്‍ കഴിയാത്തവിധം ആധുനികമായി നിലകൊള്ളുന്നു. ആചാര്യന്റെ ധൈഷണികതയ്ക്കു മുമ്പില്‍ നമസ്‌കരിക്കാം!
   * രാജരാജവര്‍മ്മ, ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം-127.
    ** ക്വചിത് അത് ആത് ഇത് ഊദ്ഭ്യ എന്നു പദച്ഛേദം. അദാദിദൂദ്ഭ്യഃ അത്, ആത്, ഇത്, ഊഭ്ഭ്യ = അ, ആ, ഇ, ഊ എന്നിവയില്‍നിന്ന്
*** ആന്റണി സി.എല്‍.,സി.എല്‍. ആന്റണിയുടെ സമ്പൂര്‍ണകൃതികള്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, പുറം-315, 316
**** രാജരാജവര്‍മ്മ ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം - 128. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)