ആഴമുള്ള കടലിന് ആഴക്കടല്‍ (Deep sea) എന്നും തീരത്തോടു തൊട്ടുനില്‍ക്കുന്ന കടലിന് തീരക്കടല്‍ എന്നും പറയുന്നു. സായ്പിന്റെ ഡീപ്പ് സീയാണ് മലയാളിയുടെ പുറംകടല്‍(പുറങ്കടല്‍). ഭൂവിഭാഗത്തിന്റെ (കരയുടെ) ഉള്ളിലേക്കു കയറിക്കിടക്കുന്ന ഒരു കടലുമുണ്ട്. അതാണ് ഉള്‍ക്കടല്‍. ഉദാഹരണം ബംഗാള്‍ ഉള്‍ക്കടല്‍. ഇവ കൂടാതെ, സമീപകാലത്ത് ഒരു കടല്‍കൂടി നമുക്കു പരിചിതമായി: കള്ളക്കടല്‍. നിഘണ്ടുക്കള്‍ ഈ വാക്ക് പരിഗണിച്ചുവരുന്നതേയുള്ളൂ.
എന്താണ് കള്ളക്കടല്‍? സമുദ്രത്തില്‍ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്തു വലിയ തിരകള്‍ ഉണ്ടാക്കുന്ന പ്രതിഭാസമാണ് കള്ളക്കടല്‍ (Swell Surge). അപ്രതീക്ഷിതമായി തിരകള്‍ അടിച്ചുകയറി തീരത്തെ അപ്പാടെ കവര്‍ന്നെടുക്കും. തന്മൂലം ഈ പ്രതിഭാസത്തിന് കള്ളക്കടല്‍ എന്നു തദ്ദേശവാസികള്‍ നാമകരണം ചെയ്തു. കാറ്റിന്റെ ഗതിവിഗതികള്‍ക്കനുസരിച്ചോ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണഫലമായോ അല്ലാതെ അപ്രതീക്ഷിതമായി എത്തുന്ന വന്‍തിരകള്‍ തീരത്ത് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിനാലാണ് കള്ളക്കടല്‍ എന്ന പേര് സ്വാഭാവികമായി രൂപം കൊണ്ടത്.
കള്ള + കടല്‍, സന്ധി ചെയ്യുമ്പോള്‍ കള്ളക്കടല്‍ എന്നാവും. കള്ള(ം), കടല്‍ എന്നീ വാക്കുകള്‍ വിശേഷണവിശേഷ്യങ്ങള്‍ ആയതിനാലാണ് സന്ധിയില്‍, ഉത്തരപദാദിയിലെ ദൃഢവര്‍ണമായ 'ക' ഇരട്ടിച്ചത്. ''വിശേഷണവിശേഷ്യങ്ങള്‍/ പൂര്‍വോത്തരപദങ്ങളായ്/ സമാസിച്ചാലിരട്ടിപ്പൂ/ ദൃഢം പരപദാദിഗം'' (കാരിക 13) എന്നാണല്ലോ ഇതിന്റെ പിന്നിലെ നിയമം. കള്ളക്കടല്‍ എന്ന പദത്തെ കള്ളം + കടല്‍ എന്നു പിരിച്ചെഴുതുന്നതും വ്യാകരണപരമായി ശരിയാണ്. അപ്പോള്‍ അനുസ്വാരലോപം അധികമായി വരുന്നു എന്നു വിശേഷം. കള്ളക്കണക്ക്, കള്ളക്കടത്ത്, കള്ളക്കണ്ണീര്‍, കള്ളക്കളി എന്നിങ്ങനെ മേല്‍വിവരിച്ച നിയമപരിധിയില്‍ വരുന്ന ഒട്ടേറെ വാക്കുകള്‍ മലയാളത്തില്‍ ഉണ്ടല്ലോ. സമാനസ്വഭാവമുള്ള പദങ്ങള്‍ക്കുവേണ്ടി പുതിയ നിയമം സൃഷ്ടിക്കേണ്ടതില്ല.
* രാജരാജവര്‍മ്മ, ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം - 130.