മണിപ്രവാളത്തിനു സമാന്തരമായി വളര്‍ന്നുവന്ന ഒരു സാഹിത്യരൂപമാണ് പാട്ട്. 15-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടു എന്നു കരുതുന്ന ലീലാതിലകത്തില്‍ പാട്ടിന് ഇങ്ങനെ ലക്ഷണം ചെയ്യുന്നു: ''ദ്രമിഡ (ദ്രവിഡ) സംഘാതാക്ഷരനിബദ്ധ(ന്ധ) മെതുകമോന വൃത്തവിശേഷയുക്തം പാട്ട്'' (സൂത്രം 11). ഇതിന്‍പ്രകാരം ഒരു കൃതി പാട്ടാകണമെങ്കില്‍ നാലു സംഗതികള്‍ ഉണ്ടായിരിക്കണം. ഒന്ന്: പാട്ട് ദ്രമിഡസംഘാതസംയുക്തമായിരിക്കണം. ലീലാതിലകകാലത്ത് കേരളഭാഷയെഴുതാന്‍ ഉപയോഗിച്ചിരുന്ന അക്ഷരമാലയിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും ചേര്‍ന്നതാണ് ദ്രമിഡസംഘാതപാഠം. 12 സ്വരങ്ങളും 18 വ്യഞ്ജനങ്ങളും ദ്രമിഡസംഘാതപാഠത്തില്‍ (തമിഴ് അക്ഷരമാല) അടങ്ങിയിരിക്കുന്നു. അ ആ ഇ ഈ ഉ ഊ എ ഏ ഐ ഒ ഓ ഔ - 12 സ്വരങ്ങള്‍. ക ങ ച ഞ ട ണ ത ന പ മ യ ര ല വ ള ഴ റ - 18 വ്യഞ്ജനങ്ങള്‍. ഇവ പാട്ടില്‍ ആകാം.
രണ്ട്: പാട്ടില്‍ എതുക, മോന എന്നീ പ്രാസങ്ങള്‍ ഉണ്ടായിരിക്കണം. ''ഇരണ്ടാമെഴുത്തൊന്റിയൈവതേയെതുകൈ'' (സൂത്രം 36) എന്നു യാപ്പരുങ്കലകാരനും ''സര്‍വ്വേഷ്വപിപാദേഷു ദ്വിതീയാക്ഷരസാമ്യം എതുക'' എന്നു ലീലാതിലകകാരനും എതുകയെ നിര്‍വചിച്ചിട്ടുണ്ട്. ഓരോ പാദത്തിലും രണ്ടാമത്തെ അക്ഷരവും ഒന്നാമത്തെ അക്ഷരത്തിന്റെ മാത്രയും ഒന്നുപോലെ ഇരിക്കുന്നത് എതുക. തുടക്കത്തിലെ അക്ഷരം രണ്ടു വരിയിലും ലഘു; അല്ലെങ്കില്‍ രണ്ടു വരിയിലും ഗുരു. രണ്ടു തരത്തിലാവരുത് എന്നത്രേ വ്യവസ്ഥ. ദ്വിതീയാക്ഷരപ്രാസത്തോടടുത്തുനില്‍ക്കുന്ന പ്രാസമാണ് എതുക. പ്രായേണ പാദങ്ങള്‍ക്കു തമ്മിലാണ് പൊരുത്തമെന്നതിനാല്‍ എതുകയ്ക്ക് പാദാനുപ്രാസം എന്നും പേരുണ്ട്.
മൂന്ന്: പാദാര്‍ദ്ധങ്ങളിലെ ആദ്യാക്ഷരങ്ങള്‍ യോജിച്ചുവരുന്നതാണ് മോന. 'മുതലെഴുത്തൊന്റി മുടിവതു മോനൈ' (സൂത്രം 37) എന്നു യാപ്പരുങ്കലത്തിലും ''പാദാദ്യക്ഷരേണ പദദ്വിതീയ ഭാഗാദ്യക്ഷരസ്യസാമ്യം മോന''* എന്നു ലീലാതിലകത്തിലും ലക്ഷണം ചെയ്തിരിക്കുന്നു. ഒരു പാട്ടിന്റെ ഓരോ വരിയെയും തുല്യാക്ഷരസംഖ്യയുള്ള രണ്ടു ഭാഗങ്ങളാക്കണം. ഒന്നാം ഭാഗത്തിലെ ആദ്യാക്ഷരവും രണ്ടാം ഭാഗത്തിന്റെ ആദ്യാക്ഷരവും തുല്യമായിരിക്കണം. അതാണു മോന. സ്വരവ്യഞ്ജനങ്ങള്‍ക്ക് ഐകരൂപ്യം വേണമെന്ന നിര്‍ബന്ധമില്ല. അ ആ ഐ ഔ എന്നിവയ്ക്കും ച ത തമ്മിലും ഞ ന തമ്മിലും മ വ തമ്മിലും പരസ്പരം മോനയാകാം. ഘടകപ്രാസം എന്ന പേരിലും മോന അറിയപ്പെടുന്നു. തമിഴ് വൃത്തശാസ്ത്രമനുസരിച്ച് തൊടൈ എന്ന വകുപ്പില്‍പ്പെടുന്ന പ്രാസങ്ങളാണ് എതുകയും മോനയും.
നാല്: വസന്തതിലകാദിവൃത്തങ്ങളില്‍നിന്നു വിലക്ഷണമായ ഛന്ദോഭേദങ്ങള്‍ പാട്ടില്‍ വേണമെന്നുണ്ട്. അതാണ് വൃത്തവിശേഷം. കലിവിരുത്തം, കലിത്തുറൈ വിരുത്തം, ആചിരിയവിരുത്തം എന്നീ ഭാഗങ്ങളില്‍പ്പെടുന്ന പതിനാറു വൃത്തങ്ങള്‍, പാട്ടുപ്രസ്ഥാനത്തിലെ പ്രഥമകൃതിയായ രാമചരിതത്തില്‍ (12-ാം നൂറ്റാണ്ട്) ഉപയോഗിച്ചിട്ടുണ്ട്. എല്ലാ വൃത്തങ്ങളും നാലു പാദങ്ങള്‍ ഉള്ളവയാണ്. ഇത്രയധികം വൃത്തങ്ങള്‍ ഉപയോഗിച്ചിട്ടുള്ള മറ്റൊരു പ്രാചീനകൃതി മലയാളത്തിലില്ല. **
''അടല്‍ക്കുവന്തനുമനുനെഞ്ചി/ലകമ്പനന്‍ പൊഴിന്താനമ്പാല്‍
തുടുക്കനയെങ്കുമൊക്ക/ത്തൂവലും മുഴുകും വണ്ണം
അടുത്ത പോത ചോറ്റിനു കൂട്ട /
മചലത്തെപ്പൊതിന്തപോലെ
കടുത്ത ചെങ്കുരുതി പായ്ന്തു / കലര്‍ന്തുമെയ് വിളങ്കീതെങ്കും''
(രാമചരിതം പടലം 20 പാട്ട് 9).
നാലു വരിയിലും രണ്ടാമത്തെ അക്ഷരവും (ട) ഒന്നാമത്തെ അക്ഷരത്തിന്റെ മാത്രയും (ലഘു) തുല്യമാകയാല്‍ ഇവിടെ എതുക ദീക്ഷിക്കപ്പെട്ടിരിക്കുന്നു. നാലു പാദങ്ങളിലെയും ആദ്യാര്‍ദ്ധങ്ങളിലെ അക്ഷരങ്ങള്‍ (ആ അ / ത ത / അ അ / ക ക) സമാനങ്ങളാകയാല്‍ മോനയും ശരിപ്പെട്ടിട്ടുണ്ട്. വൃത്തം ദ്രാവിഡമാണ്. മണിപ്രവാളത്തിനുപയോഗിക്കുന്ന സംസ്‌കൃതവൃത്തമല്ലെന്നു മേല്‍ക്കൊടുത്ത പാട്ടില്‍നിന്നു വ്യക്തമാകുന്നുണ്ടല്ലോ. ***
എതുകയും മോനയും കൂടാതെ ഒരു വിശേഷാല്‍പ്രാസംകൂടി രാമചരിതം ദീക്ഷിച്ചിട്ടുണ്ട്. അന്താദിപ്രാസം. ഒരു പാട്ടിന്റെ ഒടുവിലുള്ള പദമോ പദാംശമോ പദസമൂഹമോകൊണ്ട് അടുത്ത പാട്ട് ആരംഭിക്കുന്ന രീതിയാണത്. അന്താദിപ്രാസം ലീലാതിലകകാരന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. പാട്ടുകാരെ സഹായിക്കുന്നതിനാകാം ഈ പ്രാസം രാമചരിതകാരന്‍ നിലനിര്‍ത്തിയത്. മലയാളത്തില്‍ അന്താദിപ്രാസം ഏതാണ്ട് എഴുത്തച്ഛന്റെ കാലംവരെ നിലനിന്നിരുന്നു.
* സര്‍വ്വേഷ്വപിപാദേഷു ദ്വിതീയാക്ഷരസാമ്യമെതുകഃ,
യഃപാദാനുപ്രാസ ഇത്യുച്യതേ. പാദാദ്യക്ഷരേണ
പാദദ്വിതീയ ഭാഗാദ്യക്ഷരസ്യസാമ്യം മോനഃ മണിപ്രവാളപ്രസിദ്ധവസന്തതിലകാദി വൃത്തവിലക്ഷണശ്ഛന്ദോഭേദാദിര്‍വൃത്തവിശേഷഃയഥാ (ലീലാതിലകം ഒന്നാം ശില്പം)
** ഗോപാലകൃഷ്ണന്‍ നടുവട്ടം, രാമചരിതപഠനത്തിന് ഒരാമുഖം, കേരള സാഹിത്യ അക്കാദമി, 2012, പുറം - 13, 84.
*** ഗോപി, ആദിനാട്, മലയാളം (ഭാഷ, വ്യാകരണം, പ്രയോഗം) കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം-79, 80.