''ചില്ലിമുളങ്കാടുകളില്‍
ലല്ലലലം പാടിവരും
തെന്നലേ! തെന്നലേ!
അല്ലിമലര്‍ക്കാവുകളില്‍
വള്ളികളിലൂയലാടും
തെന്നലേ! തെന്നലേ!'' (1)
മുടിയനായ പുത്രന്‍ (കെ.പി.എ.സി.) എന്ന നാടകത്തിനുവേണ്ടി ഒ.എന്‍.വി. കുറുപ്പ് എഴുതിയ ഗാനത്തിന്റെ പല്ലവിയാണ് മുകളില്‍ ഉദ്ധരിച്ചത്. ജി. ദേവരാജന്റെ സംഗീതസംവിധാനത്തില്‍ കെ.എസ്. ജോര്‍ജാണ് കെ.പി.എ.സിക്കുവേണ്ടി ആ ഗാനം ആലപിച്ചത്. ഗാനാലാപനത്തിലെ അവ്യക്തതമൂലമാകണം 'ചില്ലിമുളങ്കാട്', കേട്ടവര്‍ക്കെല്ലാം 'ഇല്ലിമുളങ്കാ'ടായിപ്പോയി. പിന്നീട് പാടിപ്പാടി പ്രചരിച്ചതാകട്ടെ 'ഇല്ലിമുളങ്കാടും.' ഇപ്പോള്‍ ശരി അതാണെന്നത്രേ പലരുടെയും ധാരണ!
പ്രസ്തുത ഗാനത്തിന്റെ അച്ചടിപ്പാഠങ്ങളിലെല്ലാം 'ചില്ലിമുളങ്കാടു'കളില്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. മുള=ഇല്ലി; ഇല്ലി=മുള എന്നിങ്ങനെ മുളയ്ക്കും ഇല്ലിക്കും തിരിച്ചും മറിച്ചും നിഘണ്ടുകര്‍ത്താക്കള്‍ അര്‍ഥം കല്പിച്ചിരിക്കുന്നു. അങ്ങനെ ഇല്ലിയും മുളയും ഒന്നെന്നിരിക്കേ, ഭാഷാധ്യാപകനായിരുന്ന ഒ.എന്‍.വി. കുറുപ്പ് 'ഇല്ലിമുളം കാടുകളില്‍' എന്നെഴുതാന്‍ സാധ്യത കാണുന്നില്ല. ചില്ലി എന്ന വാക്ക് വിശേഷണമായും നാമമായും വരാം. വിശേഷണമായ ചില്ലിക്ക് ചെറിയ, നിസ്സാരമായ, ഏറ്റവും ചെറിയ എന്നൊക്കെയും നാമമായ ചില്ലിക്ക് ചീവീട്, പുരികം, കലത്തിലും മറ്റുമുണ്ടാകുന്ന ചെറിയ ദ്വാരം എന്നൊക്കെയും അര്‍ഥമുണ്ട്. ചില്ലിമുളങ്കാട് എന്നിടത്ത് ചില്ലി വിശേഷണമാണെന്നു വ്യക്തമാണല്ലോ! അങ്ങനെയെങ്കില്‍ ചില്ലിമുളങ്കാടിന് ചെറിയ മുളകളുടെ കാട് എന്നു വിഗ്രഹിച്ച് അര്‍ഥം പറയാം.
മുളം+കാട് സന്ധി ചെയ്യുമ്പോള്‍ മുളങ്കാട് എന്നാകും. അനുസ്വാരത്തിനു പരമായി വര്‍ഗാക്ഷരങ്ങള്‍ വരുമ്പോള്‍ അതത് വര്‍ഗാക്ഷരങ്ങളുടെ അനുനാസികങ്ങള്‍ ആദേശമായി വരാം. മുളം+കാട്ണ്ണ മുളങ്+കാട്ണ്ണമുളങ്കാട്. (ങ്+ക=ങ്ക) ''മകാരം താനനുസ്വാരം/സ്വരം ചേരന്നാല്‍ തെളിഞ്ഞിടും / വര്‍ഗ്യങ്ങള്‍ പരമായി വന്നാല്‍/അതാതിന്‍ പഞ്ചമം വരാം'' (കാരിക 25) എന്ന കേരളപാണിനീയനിയമം (2) ഏറെ സുവിദിതമാണല്ലോ. ഈ വക കാര്യങ്ങള്‍ പുതുഗായകര്‍ ശ്രദ്ധിച്ചാല്‍ കവിഹൃദയം സന്തോഷിക്കും!
(1) കെ.പി.എ.സി. (സമാഹരണം), കെ.പി.എ.സി. നാടകഗാനങ്ങള്‍, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം, 2000,പുറം-72
(2) രാജരാജവര്‍മ്മ, ഏ.ആര്‍. കേരളപാണിനീയം, എന്‍.ബി.എസ്., കോട്ടയം, 1988, പുറം-137