•  21 Nov 2024
  •  ദീപം 57
  •  നാളം 37
ശ്രേഷ്ഠമലയാളം

ചിറ്റപ്പനും ചിറ്റമ്മയും

    എല്ലാവര്‍ക്കും സുപരിചിതമായ രണ്ടു വാക്കുകളാണ് ചിറ്റപ്പനും ചിറ്റമ്മയും. ചിറു + അപ്പന്‍ = ചിറ്റപ്പന്‍; ചിറു+അമ്മ =ചിറ്റമ്മ. ഇവ്വിധം ഈ പദങ്ങളെ പിരിച്ചും ചേര്‍ത്തും എഴുതാം. പൂര്‍വോത്തരപദങ്ങള്‍ വിശേഷണവിശേഷ്യങ്ങളായി സമാസിക്കുമ്പോള്‍, പൂര്‍വപദത്തിന്റെ അവസാനം റകാരമാണെങ്കില്‍ ആ റകാരം ഇരട്ടിക്കും.  ഒപ്പം പൂര്‍വപദാന്തവര്‍ണമായ വിവൃതോകാരം ലോപിക്കുകയും ചെയ്യും. അങ്ങനെ ചിറു+അപ്പന്‍ ചിറ്റപ്പനും ചിറു+ അമ്മ = ചിറ്റമ്മയുമാകുന്നു. ''വിശേഷണവിശേഷ്യത്തില്‍/ സമാസത്തിങ്കലൊത്തപോല്‍/ ദൃഢവര്‍ണമിരട്ടിക്കും/ മുമ്പോ പിമ്പോ പലപ്പൊഴും''* (251) എന്നാണല്ലോ നിയമം അനുശാസിക്കുന്നത്. 
    ചിറു = ചെറു = ചെറിയ. ചിറ്റപ്പന്‍ എന്ന വാക്കിന് ചെറിയച്ഛന്‍, അച്ഛന്റെ അനുജന്‍, അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ്, അമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവ് എന്നെല്ലാമാണ് വിവക്ഷിതങ്ങള്‍. ''ചിറ്റപ്പന്റേ പകുതിയകുതിക്കാക്കുവാന്‍ നോക്കിദാനീം''** (ചിറ്റപ്പന്റെ പകുതി സ്വത്ത് സ്വന്തം അധീനത്തിലാക്കാന്‍ നോക്കണം) എന്ന് ഉണ്ണുനീലിസന്ദേശകാരന്‍ പ്രയോഗിച്ചിട്ടുണ്ട്. അമ്മയുടെ അനുജത്തി, അച്ഛന്റെ അനുജന്റെ ഭാര്യ, അച്ഛന്റെ രണ്ടാംഭാര്യ എന്നീ അര്‍ഥങ്ങളാണ് ചിറ്റമ്മ എന്ന നാമധേയത്തിനുള്ളത്. ചിറ്റമ്മയുടെ ചുരുക്കരൂപമായ ചിറ്റ എന്ന പദം വാമൊഴിയായി പ്രചാരത്തിലുണ്ട്. ''അകലെ കിടന്ന മഞ്ഞപ്പുല്‍ത്തട്ടുകളിലേക്കു നോക്കിയ കിടപ്പറയുണ്ട്. അവിടെയാണ് താന്‍ ചിറ്റമ്മയെ അറിഞ്ഞത്''*** ഖസാക്കിന്റെ ഇതിഹാസത്തില്‍ പരാമൃഷ്ടമായ ചിറ്റമ്മയ്ക്ക് അച്ഛന്റെ രണ്ടാം ഭാര്യ എന്ന അര്‍ഥമാണുള്ളത്. ചിറ്റമ്മയനയം എന്നൊരു ശൈലിയും പ്രചാരത്തിലുണ്ട്.  
   ആദ്യഭാര്യയുടെ മക്കളോട് രണ്ടാനമ്മ പുലര്‍ത്തുന്ന മനോഭാവമാണ് ചിറ്റമ്മനയം. ഉള്ളില്‍ വിദ്വേഷം വച്ചുകൊണ്ട് പ്രവര്‍
ത്തിക്കുക എന്നതാണ് ആ നയത്തിന്റെ പ്രധാനഭാവം.
* നമ്പൂതിരി, ഇ.വി.എന്‍. ഡോ., കേരളഭാഷാവ്യാകരണം, ഡി.സി. ബുക്‌സ്, കോട്ടയം, 2005, പുറം - 53.
** ശങ്കരന്‍നായര്‍, തേമ്പാട്ട്, വ്യാഖ്യാനം, ഉണ്ണുനീലിസന്ദേശം, കറന്റ് ബുക്‌സ്, തൃശൂര്‍, 1989, പുറം - 109.
*** വിജയന്‍, ഒ.വി., ഖസാക്കിന്റെ ഇതിഹാസം, ഡി.സി. ബുക്‌സ്, കോട്ടയം, 2009, പുറം - 116.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)