•  5 Dec 2024
  •  ദീപം 57
  •  നാളം 39
ഈശോ F r o m t h e B i b l e

കുറ്റാരോപണം

റ്റവനായി ഒരു രാവില്‍ പുല്ക്കൂട്ടില്‍ പിറന്നവന്‍ കുറ്റക്കാരനായി മറ്റൊരു രാവില്‍ പ്രതിക്കൂട്ടില്‍നിന്നു. തെറ്റുകളൊന്നും ചെയ്യാതിരുന്നിട്ടും കുറ്റരോപിതനായി പ്രതിപ്പട്ടികയില്‍ പേരുചേര്‍ക്കപ്പെട്ട അവന് അല്പനേരത്തേക്കെങ്കിലും വിധിയാളന്മാരുടെ മുമ്പാകെ നില്‌ക്കേണ്ടിവന്നു. പലരുടെയും ശിരസ്സു നിവരാന്‍ അവന്‍ ശിരസ്സു നമിക്കേണ്ടത് ആവശ്യമായിരുന്നു. നീതി നിഷേധിക്കപ്പെട്ട നീതിമാന്‍. കുറ്റാന്വേഷണത്തിനു മുമ്പേ അവന്റെ കുറ്റപത്രം തയ്യാറാക്കപ്പെട്ടു. പാപികളായ വൈരികള്‍ക്കു പുലമ്പാന്‍ പാതകങ്ങള്‍ പലതുമുണ്ടായിരുന്നു. വ്യാജമായ ആരോപണങ്ങളുടെ വലിയ ഒരു പട്ടികതന്നെ അവര്‍ അവനെതിരേ വായിച്ചുകേള്‍പ്പിച്ചു. നിര്‍മലനും നിരപരാധിയുമായിരുന്ന അവനില്‍ നിരവധി കുറ്റങ്ങള്‍ അവര്‍ ചുമത്തി. അവനു പറയാന്‍ അധികമൊന്നുമില്ലായിരുന്നു. പറഞ്ഞതു കേള്‍ക്കാന്‍ ആരുമില്ലായിരുന്നു. പക്ഷേ, അവയ്‌ക്കൊക്കെ നടുവിലും നമ്മുടെ നാഥന്‍ പതറിയില്ല. ഒലിവുകൊമ്പുകളേന്തിയ കരങ്ങളില്‍ കുറുവടികളും, കീര്‍ത്തനം പാടിയ അധരങ്ങളില്‍ അസഭ്യവര്‍ഷവും അവന്‍ പണ്ടേ പ്രതീക്ഷിച്ചിരുന്നോ?
ജീവിതത്തില്‍ അന്യായമായ ചില കുറ്റാരോപണങ്ങള്‍ക്കു നാമും വിധേയരായിട്ടുണ്ടാവാം. നിനയ്ക്കാത്ത നീചകൃത്യങ്ങള്‍വരെ നമുക്കെതിരേ ആരോപിക്കപ്പെട്ട് നിന്ദിതരായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം.  നമ്മെ മുഴുവന്‍ കേള്‍ക്കാനും മനസ്സിലാക്കാനും ആരുമില്ലാതിരുന്ന നേരങ്ങള്‍. നമ്മുടെ നിഷ്‌കളങ്കതയ്ക്ക് ആരും വില കല്പിക്കാതിരുന്ന അവസരങ്ങള്‍. അപ്പോഴൊക്കെ നാം അവലംബിച്ച മൗനത്തിനും അനുഭവിച്ച നിസ്സഹായതയ്ക്കും  രക്ഷദമായ എന്തൊക്കെയോ അന്തരാര്‍ഥങ്ങളുണ്ടായിരുന്നു. ആരെയും കുറ്റക്കാരായി ചിത്രീകരിക്കാതിരിക്കാം. നമുക്കുമില്ലേ ആവശ്യത്തിലധികം തെറ്റുകള്‍? മറ്റുള്ളവരുടെ കുറ്റങ്ങള്‍ നമുക്കുള്ളവയുടെ വകഭേദങ്ങളാണെന്നു കരുതിയാല്‍ മതി. കുറ്റംപറച്ചില്‍ കുറച്ചാല്‍ മനസ്സിന്റെ കനം കുറയും. ജീവിതം കൂടുതല്‍ സന്തോഷഭരിതമാകും. മറ്റുള്ളവരുടെ നേര്‍ക്കുള്ള ചൂണ്ടുവിരല്‍ ചെറുതാണെങ്കിലും വ്യക്തിബന്ധങ്ങള്‍ക്കിടയില്‍ അതു സൃഷ്ടിക്കുന്ന അകലം വലുതായിരിക്കും. കുറ്റാന്വേഷികളല്ല, സത്യാന്വേഷികളാകാനുള്ള നിയോഗമാണു നമ്മുടേത്. മറ്റുള്ളവര്‍ക്കെതിരേ അബദ്ധപ്രചാരണങ്ങള്‍ നടത്തി അവരുടെ നിലയ്ക്കും വിലയ്ക്കും കളങ്കമേല്പിക്കാതിരിക്കാം. അര്‍ഹമായ നീതി ആര്‍ക്കും നിഷേധിക്കാതിരിക്കാം. നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി മറ്റുള്ളവര്‍ക്കു ന്യായമായി ലഭിക്കേണ്ടത് അപഹരിക്കാതിരിക്കാം. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആരെയും വ്യക്തിഹത്യ ചെയ്യാതിരിക്കാം. അയല്‍ക്കൂട്ടങ്ങള്‍ അയല്‍ക്കുറ്റങ്ങളുടെ ആഘോഷക്കമ്മിറ്റികളാകാതിരിക്കട്ടെ. ക്രൈസ്തവകുടുംബങ്ങള്‍ കോടതികളല്ല, കുമ്പസാരക്കൂടുകളായാണ് മാറേണ്ടത്. പരസ്പരവിചാരണയല്ല, മറ്റുള്ളവരെക്കുറിച്ചുള്ള വിചാരവും വിട്ടുവീഴ്ചകളുമാണ് അവയില്‍ ഉണ്ടാകേണ്ടത്. എല്ലാവരിലും എന്തെങ്കിലുമൊക്കെ നന്മയുണ്ട്. അവയെ കാണാനും നല്ലതു പറയാനും പരിശീലിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)