•  2 May 2024
  •  ദീപം 57
  •  നാളം 8
ഈശോ F r o m t h e B i b l e

തിരസ്‌കരണം

താന്‍ തിരഞ്ഞെടുത്തവരാല്‍ത്തന്നെ തിരസ്‌കൃതനായി അവന്‍ നിന്നു. പ്രാണനു തുല്യം താന്‍ കരുതിയവര്‍ തങ്ങളുടെ പ്രാണനുംകൊണ്ട് ഉടുതുണിപോലും ഉപേക്ഷിച്ചു പറപറന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിപ്പോയി. എല്ലാം ഉപേക്ഷിച്ചുവന്നവര്‍ ഉപേക്ഷിച്ചവയെക്കുറിച്ചൊക്കെ ഒരുവട്ടം ഓര്‍ത്തുപോയി. അവയിലേക്കാക്കെയാണ് അവര്‍ തിരിഞ്ഞോടിയതും. വിട്ടുപിടിച്ച പവിഴങ്ങളെ വീണ്ടും പിടിക്കാനുള്ള വ്യഗ്രതയില്‍ ഗുരുവെന്ന പുറ്റിനെ അവര്‍ വിസ്മരിച്ചു. ചുറ്റിലും ശത്രുക്കള്‍ മാത്രം. ചിലര്‍ക്കായി മിഴികള്‍ തിരഞ്ഞെങ്കിലും, തിരിഞ്ഞുനോക്കിയിടത്തൊന്നും ആരെയും കാണ്മാനായില്ല. കൂട്ടിനുണ്ടാവുമെന്നു കരുതിയവരൊക്കെ കൂരിരുട്ടിന്റെ കുടമറയ്ക്കുള്ളില്‍ പരിഭ്രാന്തിപൂണ്ടു പതുങ്ങിയിരുന്നു. കരംപിടിച്ചു നിന്നവര്‍ കുതറിയോടി; നിഴലായി മേവിയര്‍ പൊടുന്നനേ മാഞ്ഞുപോയി. അവരുടെ ആദ്യസ്‌നേഹം തണുത്തു. എന്നിട്ടും, അവര്‍ നിവര്‍ന്നുതന്നെ നിന്നു. അവന്റെ നിലപാടുകള്‍ ദൃഢവും വഴി നേരേയുള്ളതും ലക്ഷ്യം വ്യക്തവുമായിരുന്നു.
ഉറ്റവരാല്‍ ഒറ്റപ്പെട്ട, വൈരികളാല്‍ വളയപ്പെട്ട ആ അവസ്ഥയില്‍നിന്നു വേണമെങ്കില്‍ അവനു വഴുതിമാറിപ്പോകാമായിരുന്നു. നിസ്സഹായതയുടെ നടുവില്‍ അവന് ഏത് ഇന്ദ്രജാലവും കാട്ടി രക്ഷപ്പെടാമായിരുന്നു. വഴിയായി വന്നവനു മുന്നില്‍ ഒരു വഴിപോലും അടഞ്ഞുകിടന്നിരുന്നില്ല. എന്നാല്‍, ഒന്നിനും മുതിര്‍ന്നില്ല. പരിത്യജിച്ചവര്‍ക്കുനേരേ പല്ലിറുമ്മിയില്ല, പുച്ഛവാക്കുകള്‍ പുലമ്പിയില്ല. ജീവിതത്തില്‍ പല കാരണങ്ങളാല്‍ ചിലരെയെങ്കിലും നാമും ഒറ്റപ്പെടുത്തിയിട്ടുണ്ടാവാം. തന്നെ തിരസ്‌കരിച്ചവരെയൊക്കെ  ചങ്കോടുചേര്‍ക്കാന്‍ കുരിശില്‍ കൈകള്‍ കഴിയുന്നത്ര വിരിച്ചവന്റെ അനുയായികളായ നമുക്കു തിരസ്‌കരണത്തിന്റെ സംസ്‌കാരം തെല്ലും ചേര്‍ന്നതല്ല. കുട്ടിക്കളിയല്ല, കൂടെ നില്ക്കാനുള്ളതാണ് ഓരോ വ്യക്തിബന്ധവും. മറ്റുള്ളവരുടെ ആവശ്യങ്ങളില്‍നിന്നുള്ള അകന്നുപോകല്‍ സ്വന്തം കടമകളില്‍നിന്നുള്ള കടന്നുകളയലാണ്. 
തിരസ്‌കരണത്തിന്റെ രണ്ടാം ഭാഗമെന്നവണ്ണം  ഗുരുവിനെക്കുറിച്ചുള്ള യഥാര്‍ത്ഥ അറിവിന്റെ പേരില്‍ അവനില്‍നിന്ന് അഭിനന്ദനവും അംഗീകാരവും നേടിയ ശിഷ്യമുഖ്യനുപോലും അവനെ അറിയില്ലെന്ന് ഒരു പെണ്ണിനെ പേടിച്ചു പറയേണ്ടിവന്നു. ഒന്നാമനായിരുന്നവന്‍ ഒരുവേള ഒന്നുമല്ലാതായിപ്പോയി. അവന്റെ അസ്തിത്വം മരവിച്ചു. തണുപ്പകറ്റാന്‍ അവനു തീക്കൊള്ളികള്‍ തേടേണ്ടതായി വന്നു. ആനുകൂല്യങ്ങള്‍, പരിഗണനകള്‍, നേട്ടങ്ങള്‍ എന്നിവയ്ക്കായി വിശ്വാസത്തെത്തന്നെ തള്ളിപ്പറഞ്ഞ, ക്രിസ്ത്യാനിയെന്ന വ്യക്തിത്വത്തെ മറച്ചുവച്ച, സുരക്ഷയ്ക്കുവേണ്ടി സത്യത്തെ പൂഴ്ത്തിവച്ച സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പൊറുതിയപേക്ഷിക്കാം. ഏതു സാഹചര്യത്തിലും കര്‍ത്താവിനോടും കത്തോലിക്കാസഭയോടും ചേര്‍ന്നു നില്ക്കാന്‍ ശ്രദ്ധിക്കാം. ശിഷ്യത്വത്തിന്റെ വഴിയേ നിര്‍ഭയം നീങ്ങാനുള്ള വരത്തിനായി നന്നായി പ്രാര്‍ത്ഥിക്കാം.

 

Login log record inserted successfully!