•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

രക്ഷയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍

നവംബര്‍ 13 പള്ളിക്കൂദാശക്കാലം മൂന്നാം ഞായര്‍
ഉത്പ 29 : 15-30   പ്രഭാ 11 : 20-27
2 തെസ 3 : 6-15   മത്താ 25 : 14-30

ഹലോകജീവിതത്തില്‍ ഉയര്‍ന്ന ഭൗതികനേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനു കഠിനാധ്വാനം ആവശ്യമാണെന്നത് അംഗീകരിക്കപ്പെട്ട പൊതുനിയമമാണ്. ഈ ലോകജീവിതത്തിനുശേഷം ദൈവമഹത്ത്വത്തിലേക്കു പ്രവേശിക്കുന്നതിനും കഠിനാധ്വാനം തന്നെ ആവശ്യമാണെന്നു വി. ഗ്രന്ഥം പഠിപ്പിക്കുന്നു. ഭൗതികലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പണത്തോടെയുള്ളതും  ഏകാഗ്രവുമാണ്. തങ്ങളാഗ്രഹിക്കുന്ന നേട്ടങ്ങളിലേക്കെത്താന്‍ സര്‍വ അലസതയും മാറ്റിവച്ച് മനുഷ്യര്‍ പരിശ്രമിക്കുന്നു. ഭൗതികമായ നേട്ടങ്ങള്‍ അത്രയധികം വിലപ്പെട്ടതാണെന്നു തിരിച്ചറിയുന്ന മനുഷ്യന്‍ തന്റെ ആത്യന്തികലക്ഷ്യമായ ദൈവമഹത്ത്വം പ്രാപിക്കാന്‍ എത്രയധികം അധ്വാനിച്ചേ മതിയാവൂ! ഭൗതികലക്ഷ്യത്തിനപ്പുറം  നില്‍ക്കുന്ന ആധ്യാത്മികപൂര്‍ണതയ്ക്കു നാം കൊടുക്കുന്ന വിലയും, അതിനായുള്ള പരിശ്രമവും അതിലേക്ക് ഒഴുകിയിറങ്ങുന്ന ദൈവകൃപയും കൂടിച്ചേരുമ്പോള്‍ മനുഷ്യന്റെ ഇഹലോകവാസം ഫലപ്രദമാകുകയും ദൈവമഹത്ത്വത്തിന്റെ സന്തോഷാനുഭവത്തിലേക്കു നമ്മെ നയിക്കുകയും ചെയ്യും.
യാക്കോബിന്റെ ചിരകാലാഭിലാഷമായ റാഹേലുമൊത്തുള്ള ജീവിതത്തിന്, അവന്‍ കൊടുക്കേണ്ടിവന്ന നീണ്ട പതിന്നാലുവര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ചരിത്രമാണ് ഒന്നാം വായനയില്‍, കാണുന്നത് (ഉത്പ. 29:15-30). യാക്കോബിന് ലാബാന്റെ അടുത്തേക്കെത്താന്‍ വഴിതെളിക്കുന്നത് റാഹേലുമൊത്തുള്ള കൂടിക്കാഴ്ചയാണല്ലോ (ഉത്പ. 29:9-12). റാഹേലിനെ വിവാഹം കഴിക്കണമെന്ന  യാക്കോബിന്റെ ആഗ്രഹത്തിന് ലാബാന്‍ കൂട്ടിയെടുത്ത ലാഭത്തിന്റെ വിലയാണ് ഏഴും ഏഴും പതിന്നാലു വര്‍ഷത്തെ അടിമയെപ്പോലുള്ള അധ്വാനജീവിതം. ''അവളോടുള്ള സ്‌നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും  നാളുകളായേ അവനു തോന്നിയുള്ളൂ'' (29:20). ഭൗതികനേട്ടങ്ങളിലേക്കുള്ള പ്രയാണത്തില്‍ സമയവും വര്‍ഷങ്ങളും മനുഷ്യനു പ്രതിബന്ധങ്ങളേയല്ല. ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം ജീവിക്കാന്‍ തന്റെ യൗവനത്തിലെ പതിന്നാലു വര്‍ഷം യാക്കോബ് അടിമപ്പണി ചെയ്യുന്നു. അങ്ങനെയെങ്കില്‍ നമ്മുടെ ദൈവമഹത്ത്വത്തിലേക്കുള്ള പ്രവേശനത്തിനായി ജീവിതകാലം മുഴുവന്‍ നാം അദ്ധ്വാനിച്ച് ഒരുങ്ങേണ്ടിവരില്ലേ!
ഒരാള്‍ക്കു മറ്റൊരാളുമായി, മറ്റു സാഹചര്യങ്ങളുമായി പങ്കുവയ്ക്കാനുള്ളത് സമയം മാത്രമാണ്. നന്മ ചെയ്യണമെങ്കിലും തിന്മ ചെയ്യണമെങ്കിലും മാറ്റിവയ്ക്കപ്പെടുന്നതു സമയമാണ്. അതായത്, നമ്മുടെ ജീവിതമാകുന്ന സമയം നഷ്ടപ്പെടുത്തിയാണു നന്മയും തിന്മയും നാം ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ജീവിതത്തെ പ്രശോഭിതമാക്കുന്ന നന്മകള്‍ ചെയ്തു സമയത്തിന് അനന്യത കൊടുക്കുന്നതല്ലേ നല്ലത്? നമ്മുടെ ജീവിതത്തിന്റെ ഏതു കാര്യം നിര്‍വഹിക്കുമ്പോഴും, മറ്റുള്ളവര്‍ക്കുവേണ്ടി ഉപകാരപ്രദമായ കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോഴും സമയത്തെ നാം നന്നായി ഉപയോഗിക്കുന്നു. അലസരായി ഒന്നും  ചെയ്യാതിരിക്കുമ്പോഴും പ്രതിലോമകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും സമയം നഷ്ടമാകുന്നു. സമയമാകട്ടെ ജീവിതംതന്നെയാണ്. തിരിച്ചുപിടിക്കാനാവാത്ത ജീവിതാനുഭവങ്ങളുടെ ആകത്തുകയാണ് ജീവിതകാലം എന്നു പറയുന്നത്. ഉത്കൃഷ്ടമായ ചിന്തകളും ആശയങ്ങളും വച്ചുപുലര്‍ത്തി സമയത്തെ ഉപകാരപ്രദമായി ചെലവഴിക്കുമ്പോഴാണ് ജീവിതം ആദരിക്കപ്പെടുന്നത്.
യാക്കോബിന്റെ പതിന്നാലുവര്‍ഷത്തിന്റെ വിലയാണ് റാഹേല്‍. വ്യക്തിപരമായി, ഉത്കൃഷ്ടമായ കാര്യമായി യാക്കോബ് കരുതിയതുകൊണ്ടാണ് ഇത്രയും വര്‍ഷങ്ങള്‍ മറ്റൊരാള്‍ക്കുവേണ്ടി അധ്വാനിക്കാന്‍ യാക്കോബ് തയ്യാറായത്. ഇതുപോലെ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുള്ള ഉത്തമമായ ജീവിതത്തെക്കുറിച്ചാണ് പ്രഭാഷകനും സംസാരിക്കുന്നത് (പ്രഭാ. 11:20-27). തനിക്കു സ്വന്തമായി യാക്കോബു കരുതിയ പതിന്നാലു വര്‍ഷങ്ങളാണ് റാഹേലിനുവേണ്ടി യാക്കോബു നല്‍കുന്നത്. ഇതില്‍നിന്ന് അല്പം വ്യത്യസ്തമായി ദൈവത്തിലാശ്രയിച്ചുള്ള അധ്വാനത്തെക്കുറിച്ചാണ് പ്രഭാഷകന്‍ സൂചിപ്പിക്കുന്നത്. ''കര്‍ത്താവില്‍ ശരണം വച്ചുകൊണ്ട് നിന്റെ ജോലികള്‍ ചെയ്യുക... കര്‍ത്താവിന്റെ അനുഗ്രഹമാണ് ദൈവഭക്തനു സമ്മാനം'' (11:21,22). ലാബാന്റെഅടുത്തായിരുന്നപ്പോള്‍ സ്വന്തം കഴിവില്‍ ആശ്രയിച്ചിരുന്ന യാക്കോബ് പിന്നീടു ദൈവത്തെ തിരിച്ചറിഞ്ഞ് ജീവിക്കുന്നതിലേക്ക് (ഉത്പ. 32:22-32) ശ്രദ്ധിക്കുമ്പോള്‍ അവനുണ്ടാകുന്ന അഭിവൃദ്ധിക്ക് അടിമജീവിതത്തിന്റെ പരിമിതികളില്ല.
''ഐശ്വര്യത്തില്‍ കഷ്ടത വിസ്മരിക്കപ്പെടുന്നു; കഷ്ടതയില്‍ ഐശ്വര്യവും'' (11:25). യാക്കോബിന്റെ ജീവിതത്തിലെ പതിന്നാലു വര്‍ഷങ്ങളെ മനസ്സിലാക്കാനുള്ള സൂത്രവാക്യമാണിത്. കടന്നുപോയ ഏഴു വര്‍ഷത്തെ കഷ്ടതകളെ മുഴുവന്‍ നിഷ്പ്രഭമാക്കി ഐശ്വര്യത്തിന്റെ തിലകമണിയിക്കുന്ന രാത്രിയാണ് യാക്കോബിനെ സംബന്ധിച്ചിടത്തോളം റാഹേലുമായുള്ള വിവാഹരാത്രി. എന്നാല്‍, തനിക്കു നല്‍കപ്പെട്ടത് ലെയായെയാണെന്നു തിരിച്ചറിയുന്ന യാക്കോബിന് ഐശ്വര്യത്തിന്റെ സന്തോഷം ഒറ്റരാത്രി മാത്രം ദൈര്‍ഘ്യമുള്ളതായി മാറുന്നു. കഷ്ടതയുടെ ഏഴു വര്‍ഷക്കാലംകൂടി അവനു തിരഞ്ഞെടുക്കേണ്ടിവരുന്നു. യാക്കോബിന്റെ ജീവിതത്തിലെ മാറിമാറി വരുന്ന ഐശ്വര്യകഷ്ടതകള്‍ മാറി സ്ഥായിയായ ഐശ്വര്യത്തിലേക്ക് അവന്‍ പ്രവേശിക്കുന്നത് ദൈവവുമായുള്ള ബന്ധം യാക്കോബ് ദൃഢമാക്കുമ്പോഴാണ്. താന്‍ വഞ്ചിച്ച സഹോദരനുമായി രമ്യതയിലെത്തുകയും  ഐശ്വര്യം സുദൃഢമാകുകയും ചെയ്യുന്നത് കര്‍ത്താവിന്റെകൂടെ യാക്കോബ് ആയിരിക്കുമ്പോഴാണ്.  യാക്കോബ് ഇസ്രായേലാകുന്നു.
സഭ സ്വര്‍ഗരാജ്യത്തിലേക്കുള്ള പ്രവേശനത്തിന്റെ ഒരുക്കത്തിലാണ്. സഭയിലായിരിക്കുന്നവര്‍ അതിനായി നന്നായി അധ്വാനിക്കണം. ദൈവമഹത്ത്വത്തിലേക്കു  പ്രവേശിക്കാനുള്ള അനുഗ്രഹം നമുക്കു നല്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ആ അനുഗ്രഹങ്ങളെ വേണ്ടവിധത്തില്‍ ഉപയോഗിക്കാതിരുന്നാല്‍ നിത്യജീവനിലേക്കു നാം പ്രവേശിക്കുകയില്ലെന്ന് താലന്തുകളുടെ ഉപമയിലൂടെ (മത്താ. 25:14-30) ഈശോ നമ്മെ  ഓര്‍മിപ്പിക്കുന്നു.
ഓരോരുത്തന്റെയും കഴിവനുസരിച്ച് വിവിധ എണ്ണം താലന്തുകള്‍ ലഭിക്കുന്നു (25:15). പക്ഷേ, താലന്തുകള്‍ വര്‍ദ്ധിപ്പിച്ചാല്‍, അവയുടെ വര്‍ദ്ധനയുടെ തോതു കണക്കാക്കാതെതന്നെ, ഒരേ പ്രതിഫലമാണു ലഭിക്കുന്നത്; 'യജമാനന്റെ സന്തോഷത്തിലേക്കുള്ള പ്രവേശനം!' (25:21-23). താലന്തുകളുടെ ഉപമകൊണ്ടുദ്ദേശിക്കുന്നത് ദൈവരാജ്യപ്രവേശനത്തിന്റെ ഓര്‍മയാണെന്നും, അതു യജമാനന്റെ സന്തോഷത്തിലേക്കുള്ള പ്രവേശനമാണെന്നും നാമോര്‍ക്കണം.
രണ്ടു  കാര്യങ്ങള്‍ ഇവിടെ വ്യക്തമാകുന്നുണ്ട്.
1. സ്വര്‍ഗരാജ്യം ഐശ്വര്യത്തിന്റെ പ്രഖ്യാപനവും കഷ്ടതകളുടെ അവസാനവുമാണ്. ഐശ്വര്യമെന്നത് ഭൗതികമായ നേട്ടങ്ങളും കഷ്ടതകള്‍ ഈലോകത്തിന്റെ സഹനവുമാണെന്ന ഇടുങ്ങിയ ചിന്ത നമുക്കുണ്ടാകരുത്. ഐശ്വര്യമെന്നാല്‍, പ്രഭാഷകന്‍ പറയുന്ന, യാക്കോബ് അനുഭവിച്ച ദൈവമഹത്ത്വത്തിന്റെ ആഘോഷമാണ്; കഷ്ടതകള്‍ ഈ ഐശ്വര്യത്തിലേക്കെത്താന്‍ നാം കൊടുക്കേണ്ട വിലയും. ഈ ഐശ്വര്യകാലം യഥാര്‍ത്ഥത്തില്‍ നിറവേറപ്പെടുന്നത് ഈശോമിശിഹായിലാണ്. ''അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനം വലിയ പ്രകാശം കണ്ടു'' (മത്താ. 4:16).
2. സ്വര്‍ഗരാജ്യം സന്തോഷകരമായ ദൈവാനുഭവമാണ്.  ''യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക'' (മത്താ. 25:21). സൃഷ്ടിയെ തന്റെ മഹത്ത്വത്തിന്റെ സന്തോഷത്തിലേക്കു വിളിക്കുന്ന സ്രഷ്ടാവിന്റെ ഉദാരമനസ്‌കതയ്ക്കു നമുക്കു നന്ദി പറയാം. ഈശോമിശിഹായുടെ ജനനത്തിലാണ് സന്തോഷത്തിന്റെ ഈ യാഥാര്‍ത്ഥ്യം ലോകത്തിനുമുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നത്. ''ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ട, ഇതാ, സകല  ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു'' (ലൂക്കാ. 2:10).
അലസരാകാതെ ഭൗതികജീവിതത്തിനും നിത്യജീവനുംവേണ്ടി അധ്വാനിക്കാന്‍ പൗലോസ് ശ്ലീഹാ തെസലോനിക്കായിലെ സഭയോടാവശ്യപ്പെടുന്നു (2 തെസ 3:6-15). ദൈവവചനപ്രഘോഷണം  നിരന്തരം നടത്തിയിരുന്നപ്പോഴും ഭക്ഷണത്തിനായി അധ്വാനിക്കുന്ന 'അനുകരണാര്‍ഹമായ മാതൃക' (3:9) പൗലോസിനുണ്ടായിരുന്നു.
ഇതിലൂടെ പൗലോസ് നല്‍കുന്ന സന്ദേശങ്ങള്‍ രണ്ടാണ്: 
1. ശാരീരികാധ്വാനം ആത്മീയമായ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായകമാണ്. പ്രാര്‍ത്ഥനയും അധ്വാനവും (Ora et labora- prayer and work) എന്ന ബെനഡിക്‌ടൈന്‍ ആദര്‍ശം ഇതിനോടു വളരെയധികം ചേര്‍ന്നിരിക്കുന്നു. ശാരീരികമായ അധ്വാനം, ഭക്ഷണത്തിനുവേണ്ടി സമ്പാദിക്കാന്‍ സഹായിക്കുന്നതോടൊപ്പം, വളരെ ഊര്‍ജസ്വലതയോടെ ഭൗതികജീവിതത്തിനപ്പുറം നില്‍ക്കുന്ന ആത്മീയകാര്യങ്ങളിലേക്കു ശ്രദ്ധയാകര്‍ഷിക്കാനും സഹായിക്കും.
2. ശാരീരികാധ്വാനത്തിന്റെ  ഫലങ്ങള്‍, അതു ഭക്ഷണസാധനങ്ങളായാലും മറ്റു നേട്ടങ്ങളായാലും പ്രകൃതിയില്‍ നിരന്തരമായി ഇടപെടുന്ന സ്രഷ്ടാവായ ദൈവത്തിന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങള്‍കൂടിയാണ്. അതിനാല്‍, ദൈവാനുഗ്രഹത്തിന്റെ ഈ ഫലങ്ങള്‍ മനുഷ്യന്റെ ഭൗതികാവശ്യങ്ങള്‍ക്കും ആത്മീയമായ ഉണര്‍വിനും കാരണമാകുന്നു.
ഒരേസമയം ഭൗതികവും ആധ്യാത്മികവുമായ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സഭയാകട്ടെ, തന്റെ മക്കള്‍ക്ക് അധ്വാനിക്കുന്നതിനുള്ള വേദികൂടിയാണ്. സഭയില്‍ വ്യാപരിക്കുന്ന  ദൈവാത്മാവിന്റെ ശക്തി എല്ലാ നേട്ടങ്ങള്‍ക്കും നിദാനമായി നമ്മില്‍ നിറയുന്നു. നമുക്കും അദ്ധ്വാനിക്കാം, ഭൗതികമായ നേട്ടങ്ങളാല്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ; ആത്യന്തികമായ ആത്മീയരക്ഷയാല്‍ 'യജമാനന്റെ സന്തോഷത്തിലേക്ക്' നാം പ്രവേശിക്കുമാറാകട്ടെ!

Login log record inserted successfully!