വിമോചകന്റെ വിശുദ്ധ പാണികളില്‍ വിലങ്ങുവീണ ഒരു രാത്രി. അന്ധത നീക്കാന്‍ വന്നവനെ അന്ധകാരത്തിലിട്ടുതന്നെ അവര്‍ ബന്ധിച്ചു. കാഴ്ച കൊടുത്ത, കാതുകള്‍ തുറന്ന, കാലുകള്‍ കഴുകിയ, മൃതരെ ഉയിര്‍പ്പിച്ച കരങ്ങളില്‍ കയര്‍ക്കുരുക്കു മുറുകിയ നിമിഷങ്ങള്‍. അവന്‍ ബന്ധിതനായത് നാം മോചിതരാകാനാണ്. കൈയാമത്തിനായി അവന്‍ കരങ്ങള്‍ നീട്ടിക്കൊടുത്തത് നമ്മുടേത് അഴിയപ്പെടാനാണ്. കുറ്റമറ്റവനായിരുന്നിട്ടും കുറ്റവാളിയെപ്പോലെ അവന്‍ കെട്ടപ്പെട്ടത് പൈശാചികമായ പല കെട്ടുകളില്‍നിന്നും നാം വിമുക്തരാകാനാണ്. അവന്റെ കണങ്കൈകളില്‍ കെട്ടുകള്‍ മുറുകിയത് നമ്മുടെ ചില കെട്ടുകള്‍ അഴിയാന്‍ വേണ്ടിയായിരുന്നു. അവനണിഞ്ഞ ബാഹ്യവിലങ്ങ് നമ്മുടെ ആത്മീയവിടുതലിനുവേണ്ടിയായിരുന്നു. കൂട്ടിക്കെട്ടപ്പെട്ട കരാംഗുലികള്‍കൊണ്ട് അവന്‍ നമ്മെ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു. തന്നെ കയര്‍കൊണ്ടു വരിഞ്ഞുമുറുക്കിയവരോട് അവന്‍ കയര്‍ക്കുകയോ, ആക്രോശിക്കുകയോ ചെയ്തില്ല. മറിച്ച്, ശാന്തനായി നിന്നുകൊടുത്തു. അവരുടെ ഇംഗിതത്തിന് അവന്‍ വഴങ്ങിക്കൊടുത്തപ്പോള്‍ തന്റെ പിതൃഹിതത്തോടു ചേര്‍ന്നുനില്ക്കുകയായിരുന്നു.
നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ കൂടെയുള്ളവരുടെ ഉന്നമനത്തിനുവേണ്ടി അല്പം ഒതുങ്ങിക്കൊടുക്കാന്‍ മെനക്കെടാറുണ്ടോ? നാം സ്‌നേഹിക്കുന്നവര്‍ക്കും നമ്മെ സ്‌നേഹിക്കുന്നവര്‍ക്കുംവേണ്ടി ചില ഞെരുക്കങ്ങള്‍ ഏറ്റുവാങ്ങാന്‍ തയ്യാറുണ്ടോ? നമ്മുടെ സഹനങ്ങളെക്കാള്‍ പ്രാധാന്യം മറ്റുള്ളവരുടേതിനു കൊടുക്കാന്‍ സാധിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍, നാം വിലങ്ങുവയ്ക്കപ്പെട്ട നമ്മുടെ രക്ഷകന്റെ വഴിയിലാണ്. ഇല്ലെങ്കില്‍, അതിലേക്കു വരാന്‍ ഇനിയും വൈകിയിട്ടില്ല എന്നറിയുക. അതിനുള്ള വരങ്ങള്‍ ഇരന്നുവാങ്ങാനുള്ളതാണ് വലിയ നോമ്പിന്റെ നാളുകള്‍. ജീവിതത്തില്‍ ചില ബന്ധനങ്ങളുടെ ഭാരപ്പെടുത്തുന്ന അനുഭവങ്ങള്‍ നമുക്കും ഉണ്ടായിട്ടുണ്ടാവാം. മേലിലും ഉണ്ടാവാം. അപ്പോഴൊന്നും മനമിടറേണ്ടാ. നമുക്കു മുമ്പേ ബന്ധിക്കപ്പെട്ടവനെ ഓര്‍ക്കുക. ഒപ്പം, ആര്‍ക്കും ബന്ധനത്തിന്റെ അനുഭവം നല്കാതിരിക്കുക. കുടുംബത്തിന്റെ സുസ്ഥിരതയ്ക്ക്, സഹോദരങ്ങളുടെ സ്വരുമയ്ക്ക് , കുടുംബാംഗങ്ങളുടെ സൈ്വരജീവിതത്തിന്, വിശ്വാസവളര്‍ച്ചയ്ക്ക്, മക്കളുടെ വിദ്യാഭ്യാസത്തിന്, മാതാപിതാക്കളുടെ മനസ്സമാധാനത്തിന്, അയല്ക്കാരുടെ സന്തോഷത്തിന് നാം വിലങ്ങാതിരിക്കാം. ദൈവികപദ്ധതികളുടെ സാക്ഷാത്കാരത്തിനും, സ്വര്‍ഗരാജ്യത്തിന്റെ സംസ്ഥാപനത്തിനും, വചനത്തിന്റെ വിതയ്ക്കും വിളവെടുപ്പിനുമൊന്നും വിഘാതമാകാതിരിക്കാം. ക്രിസ്ത്യാനികളായ നമ്മുടെ കര്‍മങ്ങളും മൊഴികളും മറ്റുള്ളവരെ മോചിപ്പിക്കുന്നവയാകട്ടെ. താഴല്ല, താക്കോലാകാനുള്ളതാണ് നമ്മുടെ നിയോഗം.