•  9 Feb 2023
  •  ദീപം 55
  •  നാളം 48
വചനനാളം

സഭ രക്ഷയുടെ കൂട്ടായ്മ

നവംബര്‍ 6    പള്ളിക്കൂദാശക്കാലം   രണ്ടാം ഞായര്‍

പുറ 6 : 1-8    ഏശ 49 : 1-7
1 പത്രോ 1 : 3-7   മത്താ 19 : 23-30

ര്‍ത്താവിന്റെ സഭ മഹത്ത്വത്തിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ശിരസ്സാകുന്ന ഈശോയും, അംഗങ്ങളും അവയവങ്ങളുമാകുന്ന വിശ്വാസികളും ചേരുന്ന സഭയെ കര്‍ത്താവിന്റെ ദിനത്തില്‍ അവിടുന്നു മഹത്ത്വമണിയിക്കും. ഈ ഉറപ്പ് ഇന്നത്തെ വി. ഗ്രന്ഥ വായനകളിലൂടെ അനാവരണം ചെയ്യപ്പെടുന്നു. മഹത്ത്വത്തിലേക്കുയര്‍ത്തപ്പെടുന്ന സഭയുടെ പ്രഥമകര്‍ത്തവ്യം അതിനായി തന്നെത്തന്നെ ഒരുക്കുകയെന്നതാണ്. ഈ ലോകജീവിതത്തിന്റെ നശ്വരത മനസ്സിലാക്കി, അതിനോടുള്ള ആകര്‍ഷണത്തില്‍നിന്നു സ്വയം മാറി ജീവിക്കുന്നത് ദൈവരാജ്യത്തിലേക്കുള്ള തുറവിലേക്കടുക്കാന്‍ കൂടുതല്‍ സഹായിക്കും.
പുതിയ ഇസ്രായേലില്‍ പൂര്‍ത്തിയാകുന്ന രക്ഷ
തന്റെ ശക്തിയുടെ ബലത്താല്‍ ഇസ്രായേല്‍ജനം രക്ഷിക്കപ്പെടുമെന്ന ഉറപ്പ് ദൈവം ഇന്നത്തെ ഒന്നാം വായനയിലൂടെ മോശയ്ക്കു നല്‍കുന്നു (പുറ. 6:1-8). കാരണം, അവിടുന്നു കര്‍ത്താവാണ് (6:2). ഈ പരാമര്‍ശത്തെ വിശദമായി പഠിക്കുന്നത് നല്ലതാണ്. ദൈവത്തിന്റെ അനന്തമായ ശക്തിയും ബലവും ജനം മനസ്സിലാക്കിയേ തീരൂ. മനുഷ്യന്‍ നിര്‍മിക്കുന്ന ഏതൊരു യന്ത്രത്തെക്കാളും, അവയെ നിര്‍മിക്കുന്ന മനുഷ്യന്റെ ബുദ്ധിയെക്കാളും മുകളിലും, അനന്തവുമാണ് ദൈവത്തിന്റെ ശക്തിയെന്നു ജനം തിരിച്ചറിയണം.
'ഞാന്‍ കര്‍ത്താവാണ്' (6:2) എന്നു ദൈവം എടുത്തുപറയുന്നു. ''കര്‍ത്താവ്'' എന്നത് ദൈവത്തിന്റെ നാമമാണ്. ഈ നാമത്തിന്റെ ഉത്പത്തിയെക്കുറിച്ച് മനസ്സിലാക്കേണ്ടത് ദൈവത്തിന്റെ അപരിമേയത്വത്തെക്കുറിച്ചു മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനഘടകമാണ്.
''അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും സര്‍വശക്തനായ ദൈവമായി ഞാന്‍ പ്രത്യക്ഷപ്പെട്ടു; എന്നാല്‍, കര്‍ത്താവ് എന്ന നാമത്താല്‍ ഞാന്‍ എന്നെ അവര്‍ക്കു വെളിപ്പെടുത്തിയില്ല'' (6:3). വി. ഗ്രന്ഥത്തില്‍ ദൈവത്തെ സൂചിപ്പിക്കാനും അഭിസംബോധന ചെയ്യാനും ഉപയോഗിച്ചിരിക്കുന്ന നാമരൂപമാണ് ''കര്‍ത്താവ്.'' ഇതു ദൈവത്തിന്റെ പേരാണെന്ന് അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും അറിയാമായിരുന്നില്ല. തങ്ങളനുഭവിച്ച ദൈവത്തിന്റെ സാന്നിധ്യത്തില്‍ ജീവിച്ചവരായിരുന്നു അവര്‍. തങ്ങളുടെ ദൈവത്തെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തേണ്ട സാഹചര്യമില്ലാതിരുന്നതുകൊണ്ട് അവര്‍ ദൈവത്തിന്റെ പേരെന്താണെന്ന് അന്വേഷിച്ചുമില്ല.
മോശയാണ് ദൈവത്തിന്റെ പേരെന്താണ് എന്ന ചോദ്യം ആദ്യമായി ഉയര്‍ത്തുന്നത് (പുറ. 3:13). ദൈവം തന്റെ നാമം മോശയ്ക്കു വെളിപ്പെടുത്തുന്നത്  ഒരു പേരായിട്ടല്ല, ക്രിയാരൂപമായിട്ടാണ്. സാധാരണ മനുഷ്യര്‍ക്കുള്ളതുപോലെ ഒരു നാമമല്ല ദൈവത്തിന്റെ പേര്, മറിച്ച് അതൊരു ക്രിയയാണ്: ''ഞാന്‍ ഞാന്‍ തന്നെ'' (I AM WHO AM). 'ഞാനാകുന്നവന്‍ (WHO AM)  എന്നെ നിങ്ങളുടെ അടുത്തേക്കയച്ചിരിക്കുന്നു' എന്നു പറഞ്ഞാണ് മോശ ഈജിപ്തിലുള്ള ഇസ്രായേല്‍ ജനത്തിനിടയില്‍ തന്റെ ദൗത്യം തുടങ്ങുന്നത്.
അനന്തജ്ഞാനവും സര്‍വാതിശായിയുമായ ദൈവത്തിന്റെ പേര് 'ആകുന്നവന്‍' എന്നാണ്. സമയബന്ധിതമായ മാനുഷികചിന്തകളെ അതിലംഘിച്ചാല്‍ മാത്രമേ 'ആകുന്നവന്‍' എന്ന ദൈവത്തിന്റെ പേര് ഉള്‍ക്കൊള്ളാന്‍ കഴിയൂ. ആയിരുന്നവന്‍ എന്നോ, ആകാന്‍ പോകുന്നവന്‍ എന്നോ ദൈവത്തിനു പേരില്ല. ഭൂതകാലമോ, ഭാവികാലമോ ദൈവത്തിനില്ല. വര്‍ത്തമാനകാലം മാത്രമുള്ള ദൈവത്തെ 'ആകുന്നവന്‍' എന്നല്ലാതെ എന്തുപേരില്‍ വിളിക്കും? ഉദാഹരണത്തിന് 'മത്തായി' എന്ന് ഒരാളെ വിളിക്കുമ്പോള്‍ അതിനര്‍ത്ഥം മത്തായി ഇല്ലാതിരുന്ന ഒരു സമയവും അയാള്‍ ഈ ഭൂമിയില്‍ ജീവിച്ച സമയവും, ഈ ഭൂമിയില്‍നിന്ന് മത്തായി ഇല്ലാതായി മാറുന്ന ഒരു സമയവുമുണ്ട്  എന്നാണ്. അതിനാല്‍, അത്തരമൊരു നാമരൂപം ദൈവത്തിനു പരിധികള്‍ നിശ്ചയിക്കുന്നതിനു തുല്യമാണ്.
'ഞാന്‍ ആകുന്നവന്‍' (I AM WHO AM) എന്നു ദൈവംതന്നെ വെളിപ്പെടുത്തിയ  അവിടുത്തെ പേരിന്റെ ഹീബ്രുഭാഷയിലുള്ള നാലക്ഷരപ്രയോഗമാണ് (Tetragram) പിന്നീട് ദൈവത്തിന്റെ പേരായി ജനമുപയോഗിച്ചത്. അത് '‘YHWH'   എന്നതാണ്. ഇതില്‍നിന്നാണ് ‘Yahweh'   (യാഹ്‌വെ) എന്ന പേര് ഉരുത്തിരിഞ്ഞത്. ദൈവത്തിന്റെ നാമം മഹനീയമായതിനാല്‍ അത് ഉരുവിടുന്നത് യഹൂദജനം നിര്‍ത്തി. പകരം 'അദൊണായ്' (അറീിമശ) എന്ന ഹീബ്രുപദമുപയോഗിച്ചുതുടങ്ങി. അദൊണായ് എന്ന പദത്തിന്റെ ഗ്രീക്കുതര്‍ജമയാണ് "AsZm-Wmbv' (Adonai) എന്നത്. ഇതാണ് മലയാളഭാഷയില്‍ 'കര്‍ത്താവ്' എന്നുപയോഗിച്ചിരിക്കുന്നത്. ചുരുക്കത്തില്‍, വി. ഗ്രന്ഥത്തില്‍ എവിടെയൊക്കെ ദൈവത്തിന്റെ പേരായി 'കര്‍ത്താവ്' (Lord)  എന്ന് ഉപയോഗിച്ചിരിക്കുന്നുവോ, അവിടെയൊക്കെ വിവക്ഷിക്കപ്പെടുന്നത് 'ഞാന്‍ ആകുന്നവന്‍' എന്ന ദൈവത്തിന്റെ പേരാണ് എന്നു നാമോര്‍ക്കണം.
ദൈവം മോശയോട് 'ഞാന്‍ കര്‍ത്താവാണ്' (6:2) എന്നു പറയുമ്പോഴും 'ഞാന്‍ ആകുന്നവന്‍' എന്ന നാമംതന്നെയാണ് സൂചിപ്പിക്കപ്പെടുന്നത്. അതാകട്ടെ, സമയത്തെ അതിലംഘിക്കുന്ന, സര്‍വാതിശായിയായ ദൈവത്തിന്റെ അവസ്ഥയെ സൂചിപ്പിക്കുന്നു. താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തില്‍ എന്തും ചെയ്യാന്‍ പ്രാപ്തനാണ് 'ഞാന്‍ ആകുന്നവന്‍'. ഇത്രയധികം ശക്തിയുള്ള ദൈവം, ഇസ്രായേല്‍ക്കാരെ തന്റെ ജനമായി സ്വീകരിച്ച്, അവരുടെ 'ആകുന്നവന്‍' (ദൈവമായ കര്‍ത്താവ്) ആയി മാറുമെന്ന ഉറപ്പ് ദൈവം  നല്കുന്നു (6:7). പുതിയ ഇസ്രായേലായ സഭയ്ക്കു ദൈവം നല്കുന്ന ഉറപ്പിന്റെ പൂര്‍വരൂപമാണ് നാമിവിടെ കാണുന്നത്.
രക്ഷിക്കപ്പെടാന്‍വേണ്ടി രൂപപ്പെട്ടതാണ് പഴയ ഇസ്രായേലും പുതിയ ഇസ്രായേലായ സഭയും.  'ഗര്‍ഭത്തില്‍ എന്നെ കര്‍ത്താവു വിളിച്ചു' (ഏശ. 49:1 രണ്ടാം വായന) എന്ന പ്രഖ്യാപനം സഭയുടെ ഉത്തമബോധ്യത്തിലുള്ള പ്രഖ്യാപനംതന്നെയാണ്. ''എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും'' (49:7). വാഗ്ദാനം ഇസ്രായേല്‍ജനത്തോടാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ വചനം പൂര്‍ത്തിയാക്കുന്നതു സഭയാണല്ലോ. അതിനുള്ള അധികാരം സഭയ്ക്ക് ഈശോ നല്‍കുകയും ചെയ്തു (മത്താ. 28:18-20).
സഭയാകുന്ന കൂട്ടായ്മയിലാണു രക്ഷ
രക്ഷപ്പെടാന്‍ ആര്‍ക്കു സാധിക്കുമെന്ന ശിഷ്യന്മാരുടെ ചോദ്യവും അതിനുള്ള ഈശോയുടെ ഉത്തരവുമാണ് സുവിശേഷത്തിന്റെ കാതല്‍ (മത്താ. 19:23-30). പ്രസ്തുത ചോദ്യത്തിന് ഈശോ നല്‍കുന്ന ഉത്തരം തെറ്റുധാരണാജനകമാണ്. ''മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍, ദൈവത്തിന് എല്ലാം സാധ്യമാണ്!'' (19:26). ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തിരിക്കുന്നവര്‍ക്കു മാത്രമേ രക്ഷ കരഗതമാക്കാന്‍ കഴിയൂ; അതിനാല്‍, മറ്റുള്ളവര്‍ അതിനായി പരിശ്രമിക്കേണ്ട എന്ന തെറ്റായ ധാരണ ഈ വചനം നല്‍കാം. എന്നാല്‍, എല്ലാം സാധ്യമായ ദൈവം മനുഷ്യന്റെ രക്ഷയ്ക്കായി ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു മനസ്സിലാക്കണം. മനുഷ്യര്‍ക്ക് അസാധ്യമായതിനെ സാധ്യമാക്കിത്തീര്‍ക്കാനുള്ള മാര്‍ഗം എല്ലാം ചെയ്യാന്‍ കഴിയുന്ന ദൈവം നല്‍കിയിട്ടുണ്ട്. സഭയാകുന്ന കൂട്ടായ്മയിലേക്ക് പ്രവേശിക്കുക എന്നതാണ് ആ വഴി.
''... എന്നെ അനുഗമിച്ച നിങ്ങള്‍, ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും'' (19:28). പന്ത്രണ്ടു ഗോത്രങ്ങളും പന്ത്രണ്ടു ശ്ലീഹന്മാരും ഒരു സമൂഹത്തിന്റെ ഭാഗമാണ്. പഴയ ഉടമ്പടിയില്‍ ഇസ്രായേല്‍ജനമായിരുന്നു ആ സമൂഹമെങ്കില്‍, ഈശോയുടെ നിത്യവും നൂതനവും ആവര്‍ത്തിക്കപ്പെടാത്തതുമായ ഉടമ്പടിയില്‍ സഭയാണ് ആ സമൂഹം. ജീവന്റെ സുവിശേഷം പ്രഘോഷിക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും ഫലം നല്‍കുന്നതും സഭയിലാണ്. ഈശോയെ ഏറ്റുപറഞ്ഞ് പരിശുദ്ധത്രിത്വത്തിന്റെ നാമത്തില്‍ സഭയിലേക്കു പ്രവേശിക്കുന്നവര്‍, ദൈവം മനുഷ്യനുവേണ്ടി നല്‍കുന്ന രക്ഷയുടെ സാധ്യമായ വഴിയാണു തിരഞ്ഞെടുക്കുന്നത്.
ഇക്കാര്യം ഈയാഴ്ചത്തെ ലേഖനഭാഗം എടുത്തുപറയുന്നുണ്ട് (1 പത്രോ. 1:3-7). ''അവസാനകാലത്ത് വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല്‍ വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നു'' (1:5). നാം രക്ഷയ്ക്കുവേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹമാണ്. ഈ സമൂഹം സഭയാണ്. സഭയുടെ തലവന്‍ മിശിഹായാണ്, നമ്മളതിലെ അംഗങ്ങളും. തയ്യാറാക്കപ്പെട്ടിരിക്കുന്ന രക്ഷയ്ക്ക്, സഭയിലായിരുന്നുകൊണ്ട് പ്രത്യാശാപൂര്‍വം നാം കാത്തിരിക്കുന്നു. എന്നും ആയിരിക്കുന്ന ദൈവമായ കര്‍ത്താവിന്റെ അനന്തമായ ശക്തിയാണ് നമ്മുടെ കരുത്ത്. അതിനാല്‍, ഈ ലോകത്തിന്റെ ശക്തികള്‍ക്ക് സഭയെ വഴിതെറ്റിക്കാനോ നിരുത്സാഹപ്പെടുത്താനോ കഴിയില്ല. അല്പകാലത്തേക്കു വിവിധ പരീക്ഷകള്‍നിമിത്തം വ്യസനം ഉണ്ടാകാം (1:6). അതു വിശ്വാസത്തില്‍ ദൈവശക്തിയെ ആശ്രയിക്കുന്നതിനും, ഉറച്ച മനസ്സോടെ നിത്യമഹത്ത്വത്തില്‍ പങ്കുകാരാകുന്നതിനുംവേണ്ടിയാണെന്ന് നമ്മുടെ പൂര്‍വപിതാക്കന്മാര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.