•  2 May 2024
  •  ദീപം 57
  •  നാളം 8
കേരളത്തിലെ പക്ഷികള്‍

താറാവ്

കേരളത്തില്‍ സാധാരണമായി കണ്ടുവരുന്ന ജലപ്പക്ഷിയാണ് താറാവ്. ജലപ്പക്ഷിയാണെങ്കിലും കരയിലും കഴിയാറുണ്ട്. അനാറ്റിഡെ കുലത്തില്‍പ്പെടുന്ന പക്ഷിയാണിത്. വാത്ത, അരയന്നം എന്നീ പക്ഷികളും ഈ കുലത്തില്‍പ്പെടുന്നു. കേരളത്തില്‍ സാധാരണ കണ്ടുവരുന്ന താറാവിന്റെ ശാസ്ത്രനാമം അനാസ് പ്ലാറ്റിറിങ്കോസ് എന്നാണ്.
നീളംകുറഞ്ഞ കാലും കാല്‍വിരലുകളെ ബന്ധിപ്പിക്കുന്ന ചര്‍മവും താറാവിന്റെ സവിശേഷതകളാണ്. ഈ രണ്ടു സവിശേഷതകളും ഇതിനെ വെള്ളത്തില്‍ നീന്താന്‍ സഹായിക്കുന്നു. കൊക്കിന്റെ അറ്റം പരന്നതാണ്. ഇരുവശങ്ങളിലും ചീപ്പിന്റെപോലുള്ള മുനകളുണ്ട്. ആഹാരത്തോടൊപ്പം വായില്‍ ഉള്‍ക്കൊള്ളുന്ന വെള്ളം അരിച്ചുപുറത്തേക്കു കളയാനാണിത്. പൃഷ്ഠഭാഗത്തുള്ള എണ്ണഗ്രന്ഥി ഉത്പാദിപ്പിക്കുന്ന എണ്ണ തൂവലുകളില്‍ പുരട്ടാനും കൊക്ക് ഉപയോഗപ്പെടുത്തുന്നു. വെള്ളത്തില്‍ നീന്തുമ്പോള്‍ തൂവലുകള്‍ നനയാതിരിക്കാന്‍ എണ്ണ സഹായിക്കുന്നു. തൊലിക്കടിയിലെ കൊഴുപ്പുപടലം  തണുപ്പില്‍നിന്നു രക്ഷ നേടാന്‍ സഹായിക്കുന്നു.
ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ താറാവിനെ നാലായി തിരിക്കുന്നു. മുട്ടയ്ക്കുവേണ്ടിയുള്ളത്, മാംസത്തിനുവേണ്ടിയുള്ളത്, മുട്ടയ്ക്കും മാംസത്തിനുംവേണ്ടിയുള്ളത്, അലങ്കാരത്തിനുവേണ്ടിയുള്ളത്. ഇന്ത്യന്‍ റണ്ണര്‍, കാക്കി - ക്യാംബെല്‍ എന്നിവ മുട്ടയ്ക്കുവേണ്ടി വളര്‍ത്തുന്നു. ഈ ഇനങ്ങള്‍ വര്‍ഷത്തില്‍ മുന്നൂറോളം മുട്ടയിടുന്നു. ആലിസ്‌ബെറി, പെക്കിന്‍, റോണ്‍ തുടങ്ങിയവയെ മാംസത്തിനുവേണ്ടി വളര്‍ത്തുന്നു. മാംസത്തിനും മുട്ടയ്ക്കും ഒരേപോലെ വളര്‍ത്തുന്നവയാണ് ബ്ലൂസ്വീഡിഷിസ്, അമേരിക്കന്‍ ബഫ്, കോയുഗാ, ക്രെസ്റ്റഡ് വൈറ്റ്, മസ്‌ക്കോവി എന്നിവ. അലങ്കാരത്തിനുവേണ്ടിയുള്ള താറാവുകള്‍ക്കു വ്യത്യസ്തനിറങ്ങളിലുള്ള തൂവലുകളുണ്ട്. ബ്ലാക് ഈസ്റ്റിന്ത്യന്‍, കാള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍.
താറാവിന്റെ മുട്ടയും മാംസവും ഭക്ഷണയോഗ്യമാണ്. മുട്ടയില്‍ ഒരിനം പോളിമ്യൂക്കോയ്ഡ് ഉണ്ട്. ഇതു മാംസ്യത്തെ ദഹിപ്പിക്കുന്ന ട്രിപ്‌സിന്‍ എന്ന എന്‍സൈമിനെതിരായി പ്രവര്‍ത്തിക്കുന്നു. മുട്ട വേവിച്ചുകഴിഞ്ഞാല്‍ ഈ ദോഷം പരിഹരിക്കാം. താറാവിന്റെ വിസര്‍ജ്യം വളമാണ്. 
പ്രകൃത്യായോ യന്ത്രസംവിധാനം വഴിയോ മുട്ടവിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്താം. 

 

Login log record inserted successfully!