•  2 May 2024
  •  ദീപം 57
  •  നാളം 8
ഈശോ F r o m t h e B i b l e

ഒറ്റ്

പിടിച്ചവയൊക്കെ ദിക്കില്‍ കൊണ്ടെ കെട്ടിയെന്ന മട്ടില്‍ രാത്രിയുടെ ചുമരില്‍ ചാര്‍ത്തപ്പെട്ട ഒരു ചതിച്ചിത്രം. ഉറ്റവരില്‍ ഒരുവന്‍തന്നെ അവന്റെ ഒറ്റുകാരനായി. ചാരെ നിന്നവന്‍ ചാരനായി. കുലംകുത്തിക്കു ചൂട്ടുപിടിച്ച കുറെ പടയാളികളും. ഗുരുവുമായുള്ള തന്റെ മൂന്നു വര്‍ഷത്തെ ആത്മബന്ധത്തെ  മുപ്പതു വെള്ളിത്തുട്ടുകള്‍ക്കു തുല്യമാക്കിയ അവന്‍ തനിക്കു തണലേകിയ ഗുരുവെന്ന തരുവിനെ വെറും വിറകുവിലയ്ക്കു വിറ്റു. ചതിക്കരാറില്‍ ചങ്ങാതിയൊരുവന്റെ മുത്തംകൊണ്ടുള്ള മുദ്രവയ്ക്കല്‍. ചതിയനു ചുംബിക്കാന്‍ കൊതി. ആ ചുംബനത്തില്‍ ചതിയുടെ ചൂടറിഞ്ഞ ഗുരു. കൂടെയായിരിക്കാനുള്ള വിളി കിട്ടിയവനു കുതികാലുവെട്ടാനായിരുന്നു വിധി. യൂദാസ് മരക്കൊമ്പില്‍ തൂങ്ങിത്തീര്‍ന്ന ഒരു മനുഷ്യജന്മമല്ല; ഉദരപൂരണത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത, ബന്ധങ്ങളെയും ബന്ധുക്കളെയുമുപയോഗിച്ചുപേക്ഷിക്കുന്ന, പണക്കിഴികളുടെ വലിപ്പച്ചെറുപ്പമനുസരിച്ചു സ്വന്തബന്ധങ്ങളുടെ വില കൂട്ടുകയും കിഴിക്കുകയും ചെയ്യുന്ന ആധുനികഉപഭോഗസംസ്‌കാരത്തിന്റെ ഉയിരുള്ള ആള്‍രൂപമാണ്.

ധനമോഹവും വിഷയാസക്തിയുമൊക്കെ തലയ്ക്കുപിടിക്കുമ്പോള്‍ മസ്തിഷ്‌കത്തിനുണ്ടാകുന്ന മനഃപൂര്‍വമുള്ള മറവിയുടെയും മന്ദതയുടെയും മറുപേരാണ് യൂദാസ്. വെള്ളിനാണയങ്ങളുടെ വശ്യത്തിളക്കത്തില്‍ യൂദാസ് പലരെയും പലതിനെയും മറക്കാതെ മറന്നു. അതുകൊണ്ടുതന്നെ അവന്‍ ഇറങ്ങിപ്പോയതും വിസ്മൃതിയുടെ ഇടമായ ഇരുട്ടിലേക്ക്. ഒടുവില്‍, പ്രതിഫലമായിക്കിട്ടിയ പണക്കിഴിപോലും അവനു പ്രയോജനപ്പെട്ടില്ല. ഒറ്റല്‍ ഒരു മുഴം കയറില്‍ ഒടുങ്ങി. മരണശയ്യയിലുള്ളവര്‍ക്കു മറവി നല്ലതാവാം. എന്നാല്‍, ഓടിനടക്കുന്ന നാളുകളില്‍ നാം ഒന്നുംതന്നെ മറക്കരുത്. നാം അറിഞ്ഞുകൊണ്ടു മറന്നുകളഞ്ഞ ബന്ധങ്ങളെയും ബന്ധുക്കളെയും ഓര്‍ത്തെടുക്കാം. വലിച്ചെറിഞ്ഞ കടപ്പാടുകളെയും പ്രതിബദ്ധതകളെയുമൊക്കെ പെറുക്കിക്കൂട്ടാം. വിശ്വസിച്ചവരെ വഞ്ചിക്കാതിരിക്കാം. സ്‌നേഹത്തില്‍ കാപട്യം  കലര്‍ത്താതിരിക്കാം. ആത്മാര്‍ത്ഥമായിരിക്കട്ടെ നമ്മുടെ വ്യക്തിബന്ധങ്ങളെല്ലാം. ബന്ധങ്ങളുടെ മീതെ വിലച്ചീട്ടുകള്‍ ഒട്ടിക്കാതിരിക്കാം. പണത്തിന്റെ പേരില്‍ അടുക്കാനോ അകലാനോ ഉള്ളവയല്ല മനുഷ്യബന്ധങ്ങള്‍. സ്‌നേഹബന്ധങ്ങളെ വിറ്റു വരുമാനമാക്കിയാല്‍ അതനുഭവിക്കാന്‍ നമുക്കു കഴിഞ്ഞെന്നു വരില്ല. ബന്ധങ്ങളുടെ സംഖ്യയല്ല, ഉള്ളവയുടെ സത്യസന്ധതയാണു പ്രധാനം. ആരെയും ചതിക്കാതിരിക്കാം. വഞ്ചിച്ചുനേടുന്ന നാണയത്തുട്ടുകള്‍ നമ്മുടെ കൈവെള്ളകള്‍ പൊള്ളിക്കും. ചതിച്ചുനല്കുന്നതിന്റെയല്ല, ചേര്‍ത്തുനിര്‍ത്തുന്നതിന്റെ പ്രതീകമാണ് ചുംബനം. നമ്മുടെ സ്‌നേഹപ്രകടനങ്ങള്‍ നിര്‍വ്യാജമായിരിക്കട്ടെ. ഒറ്റിയവനും തള്ളിപ്പറഞ്ഞവനും വഞ്ചനയ്ക്ക് ഇരട്ടപിറന്നവരാണ്. വഞ്ചന ജീവിതത്തിന്റെ ഭാഗമായിട്ടുണ്ടെങ്കില്‍ അവയ്ക്കര്‍ഹമായ പരിഹാരം ചെയ്യാന്‍ ധൈര്യപ്പെടാം.

Login log record inserted successfully!