•  9 Feb 2023
  •  ദീപം 55
  •  നാളം 48
വചനനാളം

ദൈവമഹത്ത്വത്തിലുള്ള പങ്കുചേരല്‍

ഒക്‌ടോബര്‍ 30  പള്ളിക്കൂദാശക്കാലം  ഒന്നാം ഞായര്‍
പുറ 33 : 1-11   ഏശ 40 : 21-31
ഹെബ്രാ 9 : 1-14   മത്താ 25 : 1-13

ദൈവം തന്റെ സഭയെ  മഹത്ത്വത്തിലേക്കു പ്രവേശിപ്പിക്കുന്ന സന്തോഷകരമായ യുഗാന്ത്യാനുഭവത്തിന്റെ മുന്നാസ്വാദനം പങ്കുവയ്ക്കുന്ന കാലമാണ് പള്ളിക്കൂദാശക്കാലം. പഴയനിയമത്തിലെ നാലു വിശുദ്ധാലയപ്രതിഷ്ഠകളുടെ (പുറ. 40:1-17; ജോഷ്വ. 18:1; 1 രാജാ. 8:62-66, എസ്രാ. 3:2) അടിസ്ഥാനത്തിലാണ് ഈ കാലം നാല് ആഴ്ചകളായി ക്രമീകരിച്ചിരിക്കുന്നത്. ശിരസ്സായ മിശിഹായോടൊപ്പം, അവന്റെ ശരീരമാകുന്ന സഭ, അവളുടെ അവയവങ്ങളായ വിശ്വാസിസമൂഹം, ഒരു ശരീരമായി സ്വര്‍ഗരാജ്യത്തിലേക്ക് / നിത്യജീവിതത്തിലേക്കു പ്രവേശിക്കുന്നു. സ്വര്‍ഗീയമഹത്ത്വത്തിന്റെ ഈ മുന്നാസ്വാദനം, വിശ്വാസിസമൂഹത്തിനു ലഭിക്കുന്ന രക്ഷയുടെ ഉറപ്പും അടയാളവുമാണ്.
ഇവിടെ നമുക്കു നിലനില്ക്കുന്ന പട്ടണമില്ല എന്ന അവബോധത്തില്‍, സ്വര്‍ഗത്തില്‍ പേരെഴുതപ്പെടാന്‍ തക്കവിധം ജീവിക്കാന്‍ ഈശോയിലുള്ള  വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നു. വിശ്വാസജീവിതത്തിലുണ്ടാകുന്ന വേദനകളും സന്തോഷങ്ങളും  ആത്മാവിന്റെ നിറവില്‍ ഏറ്റെടുത്ത് ദൈവികസന്തോഷത്തിലായിരിക്കണം ഇഹലോകജീവിതം തുടരേണ്ടത്.
സഭയെ ദൈവം മഹത്ത്വീകരിക്കുന്നു എന്നതിന്റെ അര്‍ത്ഥം ശിരസ്സാകുന്ന ഈശോയെയും അവയവങ്ങളായ നമ്മെയും അവിടുന്നു മഹത്ത്വപ്പെടുത്തുന്നു എന്നാണ്. ഈശോയെ ഉത്ഥാനത്തില്‍ മഹത്ത്വപ്പെടുത്തുന്ന പിതാവ് നമ്മെയും ഉത്ഥാനത്തില്‍ മഹത്ത്വപ്പെടുത്തണമെന്നാഗ്രഹിക്കുന്നു. പള്ളിക്കൂദാശക്കാലം ഈശോയുടെ മഹത്ത്വത്തോടു ബന്ധപ്പെടുത്തി സഭയുടെ മഹത്ത്വം ഓര്‍ക്കുന്ന കാലമാണ്. സഭയുടെ മഹത്ത്വം അംഗങ്ങളായ നമ്മുടെ മഹത്ത്വംതന്നെയാണ്. ഈശോയോടൊത്തുള്ള നമ്മുടെ മഹത്ത്വം നാം അതിയായി ആഗ്രഹിക്കുകയും ജീവിതത്തെ അതിനായി ക്രമപ്പെടുത്തുകയും അതിന്റെ മുന്നാസ്വാദനം അനുഭവിക്കുകയും ചെയ്യുന്ന സമയംകൂടിയാണ് പള്ളിക്കൂദാശക്കാലം.
ഇടവകപ്പള്ളിയെന്ന  സമാഗമകൂടാരം
തങ്ങള്‍ അടിമകളായി ജീവിക്കുന്ന ഈജിപ്തില്‍നിന്ന് ഇസ്രായേല്‍ക്കാരെ വാഗ്ദാനം ചെയ്യപ്പെട്ട നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകണമെന്ന കര്‍ശനനിര്‍ദേശമാണ് മോശയ്ക്കു ദൈവം നല്കുന്നത്. (പുറ. 33:1-11). വാഗ്ദാനം ചെയ്യപ്പെട്ട നാട്ടിലാണ് ഇസ്രായേല്‍ ജനത്തിന്റെ വാസം സുഗമമാകുന്നത്. ഈജിപ്തിലേതു പ്രവാസകാലമാണ്, അടിമകളായിരിക്കുന്ന സമയമാണ്. ഇസ്രായേല്‍ക്കാര്‍ അടിമകളായിരിക്കേണ്ടവരല്ല; തേനും പാലുമൊഴുക്കുന്ന കാനാന്‍ദേശത്ത് ദൈവത്തിന്റെ ജനമായി വസിക്കേണ്ടവരാണ്.
പള്ളിക്കൂദാശക്കാലത്തിന്റെ ആദ്യഞായറാഴ്ച ദൈവം തന്റെ സഭയ്ക്കു നല്‍കുന്ന നിര്‍ദേശമായി ഇതിനെ പരിഗണിക്കാം. ഈ ലോകത്ത് സഭ പ്രവാസത്തിലാണ്. തന്റെ നാഥനായ ഈശോമിശിഹായോടൊപ്പം ദൈവമഹത്ത്വം എന്ന സ്വര്‍ഗീയകാനാന്‍ ദേശത്തായിരിക്കുക എന്നതാണ് അവളുടെ ആത്യന്തികലക്ഷ്യം. അതിനായി ദൈവം തന്റെ പുത്രനെ മോശയെപ്പോലെ, എന്നാല്‍, അവനെക്കാള്‍ വലിയവനായി നല്‍കിക്കഴിഞ്ഞു. സ്വര്‍ഗീയമഹത്ത്വത്തിനു തടസ്സമാകുന്ന പാപത്തിന്റെയും ഭൗതികാഗ്രഹങ്ങളുടെയും ഈജിപ്തില്‍നിന്ന്  ദൈവസ്തുതിയുടെയും മഹത്ത്വത്തിന്റെയും കാനാനിലേക്കു നിശ്ചയദാര്‍ഢ്യത്തോടെ നാം നീങ്ങണം.
സമാഗമകൂടാരവും (പുറ. 33:7-11) സഭയുടെ പ്രതീകം തന്നെ. ഭൗതികലോകത്തിന്റെ തിരക്കുകളില്‍നിന്നകന്ന് ദൈവത്തെ കണ്ടുമുട്ടാനും സംസാരിക്കാനുമുള്ള സമാഗമകൂടാരമായി സഭ മാറുന്നു. സഭയുടെ പരിച്ഛേദമായി പള്ളിയെ നമുക്കു കാണാം. അങ്ങനെ ഇടവകപ്പള്ളി നമ്മുടെ സമാഗമകൂടാരമായി മാറുന്നു. മോശ സമാഗമകൂടാരത്തിലേക്കു  പ്രവേശിക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങിവന്ന് കൂടാരവാതില്ക്കല്‍ നില്ക്കും (33:9). അപ്പോള്‍ കര്‍ത്താവ് മോശയോടു സംസാരിക്കും. ഇടവകപ്പള്ളിയില്‍ പ്രവേശിക്കുന്ന ഓരോ ദൈവജനത്തിനും  ഉണ്ടാകേണ്ട അനുഭവമാണിത്. ''മേഘസ്തംഭം കൂടാരവാതില്ക്കല്‍ നില്‍ക്കുന്നതു കാണുമ്പോള്‍ ജനം എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരത്തിന്റെ വാതില്‍ക്കല്‍ കുമ്പിട്ടാരാധിച്ചിരുന്നു'' (33:10). ഇടവകപ്പള്ളിയില്‍ നടക്കുന്ന ദൈവികമഹത്ത്വത്തിന്റെ പ്രവര്‍ത്തനങ്ങളും വിശ്വാസികളുടെ ദൈവവുമായുള്ള ബന്ധവും കണ്ടിട്ട് പുറത്തുള്ളവര്‍ക്ക്, അക്രൈസ്തവര്‍ക്ക് ഉണ്ടാകേണ്ട തിരിച്ചറിവിന്റെ കാര്യംതന്നെയല്ലേ ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്!
നിസ്സാരതയില്‍നിന്നു മഹത്ത്വത്തിലേക്ക്
മനുഷ്യന്റെ നിസ്സാരതയില്‍നിന്നു ദൈവത്തിന്റെ മഹത്ത്വത്തിലേക്കുയരേണ്ടവരാണ് ക്രിസ്ത്യാനികളെന്നും അതിനായുള്ള ശക്തിയും ധൈര്യവും നല്കുന്നതു ദൈവംതന്നെയാണെന്നും ഏശയ്യാപ്രവാചകനിലൂടെ ദൈവം നമ്മെ ഓര്‍മിപ്പിക്കുന്നു (ഏശ. 40:21-31). മനുഷ്യന്‍ തന്റെ കഴിവില്‍ അഹങ്കരിച്ച് സ്രഷ്ടാവിനെ മാറ്റിനിര്‍ത്തുമ്പോള്‍ യഥാര്‍ത്ഥരക്ഷയ്ക്കായുള്ള സഹായത്തെയാണ് ഇല്ലാതാക്കുന്നത്. ''ആരോട് നിങ്ങളെന്നെ ഉപമിക്കും. ആരോടോണ് എനിക്കു സാദൃശ്യം എന്നു പരിശുദ്ധനായവന്‍ ചോദിക്കുന്നു'' (40:25). ദൈവത്തിന്റെ അപരിമേയത്വത്തെ മനസ്സിലാക്കി ആ മഹത്ത്വത്തിന്റെ തണലില്‍ അഭയം തേടുന്നവരായിരിക്കണം യഥാര്‍ത്ഥ വിശ്വാസികള്‍. ''ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തിപ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍  ഓടിയാലും ക്ഷീണിക്കുകയില്ല: നടന്നാല്‍ തളരുകയുമില്ല (40:31).
മിശിഹായുടെ ബലിയുടെ കൂടാരമാണ് സഭ
പഴയ ഉടമ്പടിയിലെ ബലികളുടെ പൂര്‍ത്തീകരണവും അവയില്‍നിന്നു തികച്ചും വ്യത്യസ്തവുമായ ഈശോയുടെ പുതിയ ഉടമ്പടിയുടെ ബലിയെക്കുറിച്ചാണ് ഹെബ്രായലേഖനം സംവദിക്കുന്നത് (ഹെബ്രാ. 9:1-14). വിശുദ്ധസ്ഥലമെന്നും അതിവിശുദ്ധസ്ഥലമെന്നും വിളിക്കപ്പെട്ടിരുന്ന രണ്ടു കൂടാരങ്ങളായിരുന്നു ഇസ്രായേലിന്റെ ബലിയര്‍പ്പണസംവിധാനങ്ങള്‍. ഇതില്‍ ഒന്നാമത്തെ കൂടാരത്തില്‍ പുരോഹിതന്മാര്‍ എല്ലാ സമയത്തും ബലിയര്‍പ്പിച്ചിരുന്നു. രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാന പുരോഹിതന്‍മാത്രം ബലിയര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍മാത്രം പ്രവേശിച്ചിരുന്നു. ഇപ്രകാരമുള്ള ബലിയര്‍പ്പണത്തിന്റെ പ്രധാന ന്യൂനത പുരോഹിതനു സ്വയമേവ ഒന്നിനെയും വിശുദ്ധീകരിക്കാന്‍ കഴിയില്ലെന്നതാണ്. പ്രധാനമായും മൃഗങ്ങളുടെയോ പക്ഷികളുടെയോ രക്തമോ മാംസമോ ആണ് ബലിയര്‍പ്പണവസ്തുവായി മാറുന്നത്. ഇപ്രകാരമുള്ള മാധ്യമങ്ങള്‍വഴി പാപമോചനം നേടിയെടുക്കണമെന്നു ദൈവം അനുവദിച്ചിട്ടുള്ള കാര്യമായിരുന്നു.
പുതിയ ഉടമ്പടിയിലെ ബലിയില്‍ ബലിവസ്തുവും ബലിയര്‍പ്പകനും ഈശോതന്നെയായതുകൊണ്ട് മറ്റൊരു മാധ്യമം അവനാശ്യമില്ല. ബലിവസ്തുവും പുരോഹിതനും തമ്മില്‍ വ്യത്യാസമില്ലാത്തതുകൊണ്ടുതന്നെ ബലിയുടെ സത്ത കാര്യക്ഷമമാക്കുകയും പൂര്‍ണമാക്കുകയും ചെയ്യുന്നു. അതാണ് പൂര്‍ണവും മനുഷ്യനിര്‍മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍ പെടാത്തതുമായ കൂടാരത്തിലെ ഈശോയുടെ ബലി.
സമാഗമകൂടാരത്തിന്റെ പൂര്‍ത്തീകരണമാണ് സഭ എന്നു ചിന്തിക്കാന്‍ കാരണം ഹെബ്രായലേഖനത്തിന്റെ ഈ താത്പര്യമാണ്. ഈശോയുടെ പൂര്‍ണതയുള്ള ബലി ഇന്ന് അര്‍പ്പിക്കപ്പെടുന്നത് സഭയുടെ കൂടാരത്തിലാണ്. ഈശോയുടെ ബലിയുടെ മഹത്ത്വം നാം ദര്‍ശിക്കുന്നതും അതില്‍ പങ്കുകൊള്ളുന്നതും സഭയിലാണ്.
രക്ഷയ്ക്കായി സഭയില്‍ ആയിരിക്കുക 
ദൈവമഹത്ത്വത്തിന്റെ ദൃശ്യസാന്നിധ്യമായിരുന്ന പഴയ ഉടമ്പടിയിലെ സമാഗമകൂടാരം, അതിന്റെ പൂര്‍ണതയില്‍ സഭയായി മാറുന്നു. ദൈവമഹത്ത്വത്തിന്റെ ഏറ്റവും വലിയ സാന്നിധ്യം സ്വര്‍ഗത്തിലാണല്ലോ. സമാഗമകൂടാരത്തിലായാലും സഭയിലായാലും ദൈവമഹത്ത്വത്തിന്റെ സാന്നിധ്യം സ്വര്‍ഗരാജ്യാനുഭവം പ്രദാനം ചെയ്യുന്നു.
സഭയില്‍ ഈശോയുടെ ബലിയര്‍പ്പിക്കുകയെന്നാല്‍ ദൈവമഹത്ത്വത്തില്‍ പങ്കുകാരാകുക എന്നാണര്‍ത്ഥം. അതിനാല്‍, സഭയില്‍ ആയിരിക്കുകയെന്നത് പരമപ്രധാനമാണ്. അതുകൊണ്ട് അതിനായി ആഗ്രഹിച്ചു വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഈശോയുടെ വാക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു (മത്താ. 25:1-13).
ഈശോയാണ് ഏകരക്ഷകന്‍ എന്നും ആ രക്ഷ ഇന്നു നാമനുഭവിക്കുന്നത് സഭയിലാണെന്നും എപ്പോഴുമോര്‍ക്കുക. സ്ഥാപനവത്കരിക്കപ്പെട്ട സഭയെ അല്ല നാം ഇവിടെ വിവക്ഷിക്കുന്നത്. സ്ഥാപനങ്ങളോ കെട്ടിടങ്ങളോ അല്ല, മറിച്ച്, അവയുടെ സത്തയായിരിക്കുന്ന ആത്മീയവും അലൗകികവുമായ കൂട്ടായ്മയുടെ അവസ്ഥയാണു സഭ. ഒരേസമയം ഭൗതികലോകത്തില്‍ ദൃശ്യമാകുകയും എന്നാല്‍, അപരിമേയനായ ദൈവത്തിന്റെ മഹത്ത്വം നിലനില്ക്കുന്നതുമായ അലൗകികകൂടാരമാണു സഭ. അവിടെ ദൈവപുത്രന്റെ രക്ഷാബലിയില്‍ പങ്കെടുക്കുന്ന ദൈവമക്കള്‍ നിരന്തരം ദൈവമഹത്ത്വത്തിലായിരിക്കുന്നു.