•  9 May 2024
  •  ദീപം 57
  •  നാളം 9
ഈശോ F r o m t h e B i b l e

അര്‍ത്ഥന

രാത്രിയില്‍ സൈത്തുതോട്ടത്തില്‍ അതിതീക്ഷ്ണമായി അവന്‍ അര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയെ ഇത്രമാത്രം പ്രണയിച്ച മറ്റൊരു മനുഷ്യനുണ്ടോ? പ്രയാസങ്ങളില്‍ ആശ്വാസത്തിനായി പ്രാര്‍ത്ഥനയുടെ പാതയാണ് അവന്‍ തിരഞ്ഞെടുത്തത്. ഹൃദയവ്യഥകളുടെ പാരമ്യത്തില്‍ അവനു സങ്കേതമായി തന്റെ താതനും, മുറുകെപ്പിടിക്കാന്‍ അവിടുത്തെ കരങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രാര്‍ത്ഥനയ്ക്ക് ഒരു നിര്‍വചനം അവന്‍ നല്കിയില്ല. പകരം, നാവു നിറയെ പ്രാര്‍ത്ഥനകളായിരുന്നു. നാമും പ്രാര്‍ത്ഥിക്കുന്നവരല്ലേ? ആയുസ്സിനെ മുഴുവന്‍ പ്രാര്‍ത്ഥനകൊണ്ട് ആവരണം ചെയ്തവന്റെ അനുയായികളല്ലേ നാം? ഗുരുവിന്റെ പാദമുദ്രകളിലൂടെയാവണം നമ്മുടെയും പ്രയാണം. ആകയാല്‍, പ്രാര്‍ത്ഥനയ്ക്കു ജീവിതത്തില്‍ പരമമായ പ്രാധാന്യം കൊടുക്കണമെന്ന് അവന്‍ പഠിപ്പിക്കുന്നു. ആഗ്രഹിച്ചാലും ഇല്ലെങ്കിലും ജീവിതവ്യഗ്രതകളും ആകുലതകളും നമ്മുടെകൂടെയുണ്ടാവും. പക്ഷേ, ആഗ്രഹിച്ചാല്‍ മാത്രമേ പ്രാര്‍ത്ഥനയെന്ന പുണ്യം ജീവിതത്തിന്റെ ഭാഗമാകൂ. പ്രാര്‍ത്ഥനയുടെ നിര്‍വചനങ്ങളല്ല, നിമിഷങ്ങളാണ് വാസ്തവത്തില്‍ വിലമതിക്കപ്പെടുന്നത്.
ക്രിസ്ത്യാനികളെന്ന നിലയില്‍ പ്രാര്‍ത്ഥനയ്ക്കു നാം കൊടുക്കുന്ന പ്രാധാന്യമെന്താണ്? എല്ലാം വിഫലമാകുമ്പോള്‍ അവസാനം ചൊല്ലിക്കൂട്ടേണ്ടതല്ല; മറിച്ച്, ഒന്നും വിഫലമാകാതിരിക്കാന്‍ ആദ്യം ആശ്രയിക്കേണ്ടതാണു പ്രാര്‍ത്ഥന. സമയമുണ്ടെങ്കില്‍ ചെയ്യേണ്ടതല്ല, സമയമുണ്ടാക്കി ചെയ്യേണ്ടതാണത്. കാരണം, നമ്മെ ബലപ്പെടുത്തുന്നതു പ്രാര്‍ത്ഥനയാണ്; ദുര്‍ബലപ്പെടുത്തുന്നത് അതിന്റെ അഭാവവും.  സന്ധ്യാജപം പലപ്പോഴും ടെലിവിഷന്‍ പരമ്പരകള്‍ക്കു വഴിമാറിക്കൊടുക്കുന്ന പരിതാപകരമായ അവസ്ഥ നമ്മുടെ കുടുംബങ്ങളിലുണ്ടോ? പരസ്യങ്ങളുടെ സമയങ്ങളില്‍ രഹസ്യങ്ങള്‍ പെട്ടെന്നു ചൊല്ലിത്തീര്‍ത്തുകൊണ്ടുള്ള കൊന്തനമസ്‌കാരമാണോ നമ്മുടെ വീടുകളില്‍ പ്രചാരത്തിലുള്ളത്? സമയാസമയങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ നമ്മെ ഓര്‍മിപ്പിക്കുന്ന പള്ളിമണികളെ ഇനിമേല്‍ കേട്ടില്ലെന്നു നടിക്കരുത്. വിശ്വാസപൂര്‍വം നാം ജപിക്കുന്ന പ്രാര്‍ത്ഥനകള്‍ ഒരു കോട്ടപോലെ നമ്മെ കാത്തുരക്ഷിക്കും. ഭവനാംഗങ്ങള്‍ ഒരുമിച്ചിരുന്നുള്ള  പ്രാര്‍ത്ഥനയില്ലായ്മ വീടിന്റെ അടിത്തറയിളക്കും. നമ്മുടെ പ്രയാസങ്ങളുടെ നിമിഷങ്ങളെ പ്രലാപങ്ങളുടെയല്ല പിന്നെയോ, പ്രാര്‍ത്ഥനയുടെ മണിക്കൂറുകളാക്കി മാറ്റാം. പ്രാര്‍ത്ഥനയുടെ കൈത്താങ്ങു മാത്രമേ കാലത്തെ അതിജീവിക്കൂ. പ്രാര്‍ത്ഥിക്കുമ്പോഴേ യഥാര്‍ത്ഥത്തില്‍ നാം പ്രാര്‍ത്ഥിച്ചവന്റേതാകൂ. ഒപ്പം, നമ്മുടെകൂടെയുള്ളവരുടെ പ്രാര്‍ത്ഥനാജീവിതത്തെ  പോഷിപ്പിക്കാനുള്ള കടമകൂടി നമുക്കുണ്ട്. മദ്യപാനവും മറ്റു ദുശ്ശീലങ്ങളും കുടുംബങ്ങളിലെ പ്രാര്‍ത്ഥനാന്തരീക്ഷത്തിനു തടസ്സമാകരുത്. നമ്മുടെ അവിശ്വാസം കൂടെയുള്ളവരുടെ വിശ്വാസത്തിനു കോട്ടം വരുത്തരുത്. പ്രാര്‍ത്ഥനാജീവിതത്തിനു തടസ്സം നില്ക്കുന്നവയെ ഓരോന്നായി തരണം ചെയ്യാം. ഇനിമുതല്‍ കുറച്ചുകൂടി പ്രാര്‍ത്ഥിക്കുന്നവരാകാം. കുടുംബങ്ങളെ പ്രാര്‍ത്ഥനാകൂടാരങ്ങളാക്കാം.

 

Login log record inserted successfully!