•  2 May 2024
  •  ദീപം 57
  •  നാളം 8
ഈശോ F r o m t h e B i b l e

പാദക്ഷാളനം

രത്താലം വെള്ളത്തിന്റെയും അരയില്‍ ചുറ്റിയ ഒരുമുറി വെള്ളക്കച്ചയുടെയുമൊക്കെ  അന്തരാര്‍ത്ഥങ്ങള്‍ വിണ്ണ് മണ്ണിനെ പഠിപ്പിച്ച ഒരു പാവനകര്‍മത്തിനു സെഹിയോന്‍ മാളിക മൂകസാക്ഷിയായി. ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ലെന്നു വിളിച്ചുപറഞ്ഞവന്‍തന്നെ ശിഷ്യരെക്കാള്‍ ചെറിയവനും വിനീതനുമായി അവരുടെ പൊടിപുരണ്ട പാദങ്ങള്‍ കഴുകിത്തുടച്ചു. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയുമൊക്കെ പുതിയ പാഠങ്ങള്‍ ഉരുവിട്ടുതന്ന ഗുരുമുഖം തങ്ങളുടെ പാദങ്ങള്‍ ചുംബിക്കാന്‍ താണുചെന്നപ്പോള്‍ അവര്‍ സ്തബ്ധരായി. അന്നത്തെ അന്ത്യഭോജനവേളയില്‍ സ്വന്തം ശരീരരക്തങ്ങള്‍ അത്താഴവിരുന്നായി വിളമ്പിക്കൊടുത്തവനു മിച്ചമുണ്ടായിരുന്നത് ഒന്നുമില്ലാത്ത, ആശ്രിതനായ വെറുമൊരു വേലക്കാരന്റെ അവസ്ഥമാത്രം. പുല്‍ക്കൂട്ടില്‍ തുടങ്ങിയതാണ് ഇല്ലായ്മയോടുള്ള അവന്റെ ഈ വല്ലാത്ത അഭിനിവേശം, ദാസനാകാനുള്ള ദാഹം. ഇഹലോകജീവിതത്തിന്റെ അന്തിമനാഴികകളിലും അവനു തുടങ്ങാനുള്ളത് പാദങ്ങളില്‍നിന്നുതന്നെ.
പെസഹാവ്യാഴത്തിലെ പാദക്ഷാളനം വലിയ വെളിപാടുകള്‍ നല്കുന്നുണ്ട്. മറ്റുള്ളവരെ വിശുദ്ധീകരിക്കാനുള്ള വിളിയാണ് വിശ്വാസികളായ നമുക്കുള്ളത്. അന്യരുടെ പാദങ്ങള്‍ കഴുകുക എന്നാല്‍ അവരെ വിശുദ്ധീകരിക്കുക എന്നര്‍ത്ഥം. അവരുടെ അശുദ്ധിക്കു നാമായിട്ട് കാരണമാകാതിരിക്കുക. മറ്റുള്ളവരുടെ പാദങ്ങള്‍ നാം കഴുകുമ്പോള്‍ അവരെ നമ്മെക്കാള്‍ കൂടുതല്‍ ശ്രേഷ്ഠരായി നാം കണക്കാക്കുന്നു എന്ന മാനംകൂടിയുണ്ട്. വലിയൊരു വെല്ലുവിളിയാണത്. കാരണം, പലപ്പോഴും മറ്റുള്ളവരെക്കാള്‍ എല്ലാംകൊണ്ടും മിടുക്കും മാന്യതയും നമുക്കുണ്ട് എന്നു നാം കരുതാറില്ലേ? എന്നാല്‍, മറ്റൊരാളുടെ കാലുകള്‍ കഴുകണമെങ്കില്‍ നാം നന്നായി കുനിഞ്ഞേ മതിയാവൂ. അതിനു വിനയമെന്ന വരം വേണം. വിനയത്തെ ബലഹീനതയും ഭീരുത്വത്തിന്റെ പര്യായവുമായി എണ്ണുന്ന, കുമ്പിടുന്നതിനെ കുറവായിക്കാണുന്ന ലോകത്തില്‍ ചെറുതാകാന്‍ നാം മടിക്കരുത്. മറ്റുള്ളവരുടെ കാലുകള്‍ തുടയ്ക്കുന്നതിന് കുറേക്കൂടി കരുതലും വാത്സല്യവും വേണം. ഒപ്പിയെടുക്കുക എന്നത് പരിചരിക്കുന്നതിനു സമമാണ്. നമ്മുടെ സഹജരുടെ കദനങ്ങളും കണ്ണീരുമൊക്കെ ഒരു പരിധിവരെ ഒപ്പിയെടുക്കാന്‍ ക്രിസ്ത്യാനികളായ നമുക്കു കടമയുണ്ട്. അരപ്പാത്രം വെള്ളവും അരയില്‍ കെട്ടാനുള്ള ഒരു കച്ചക്കഷണവും നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും എന്നാളും നാം സൂക്ഷിച്ചുവയ്ക്കണം. ഓരോ ജീവിതാന്തസ്സിനും തനതായ പാദക്ഷാളനതലമുണ്ട്. ഓര്‍ക്കണം, പരസ്പരം കരങ്ങള്‍ കോര്‍ത്തുതുടങ്ങേണ്ടതും കാലുകള്‍ കഴുകി തുടരേണ്ടതുമായ ഒന്നാണ് ദാമ്പത്യജീവിതം. അന്നു സെഹിയോന്‍ ഊട്ടുമുറിയില്‍ നടന്നതും ഇന്നു നമ്മുടെ ഭവനങ്ങളില്‍ നടക്കുന്നതുമായ 'കൂദാശ'യാകട്ടെ പാദക്ഷാളനം. മനുഷ്യരായ നമുക്കു പരസ്പരം പാദങ്ങള്‍ കഴുകിത്തുടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ മനുഷ്യപുത്രന്‍ നടത്തിയ പാദക്ഷാളനം വെറുതെ കണ്ടിരിക്കാവുന്ന ഒരു കര്‍മം മാത്രം.

 

Login log record inserted successfully!