•  21 Nov 2024
  •  ദീപം 57
  •  നാളം 37
ഈശോ F r o m t h e B i b l e

അഭിഷേകം

സുഗന്ധസസ്യങ്ങളുടെയും പരിമളദ്രവ്യങ്ങളുടെയും നാഥനായവനു തന്റെ വാഴ്‌വിലെ വാസത്തിനിടയില്‍ ലഭിച്ച ഒരു തൈലാഭിഷേകം. അതും ഒരു നാരിയില്‍നിന്ന്. പണപ്രേമികള്‍ക്കും ദുരാഗ്രഹികള്‍ക്കും അവളുടെ ചെയ്തി ഒരു പാഴ്‌ച്ചെലവായപ്പോള്‍ കര്‍ത്താവിന് അത് സദ്പ്രവൃത്തിയും മഹത്തായ നിക്ഷേപവുമായി. സമ്പന്നരും സംപൂജ്യരുമായ പലരും അവന്റെ മിത്രങ്ങളും ശ്രോതാക്കളുമായുണ്ടായിരുന്നു. എങ്കിലും, അവര്‍ക്കൊന്നും തോന്നാതിരുന്നത് ഒരു സ്ത്രീക്കു തോന്നി. അതുകൊണ്ടുതന്നെ അവളുടെ പേരും പ്രവൃത്തിയും വേദഗ്രന്ഥത്തിന്റെ ഏടുകളില്‍ ഇടംനേടി. നമ്മുടെ ഹൃദയമാകുന്ന ബഥാനിയായില്‍ എത്രയോ തവണ നമ്മുടെ നാഥന്‍ അതിഥിയായി എത്തിയിട്ടുണ്ട്. അവനെ ആതിഥ്യമര്യാദകളോടെ നാം സ്വാഗതം ചെയ്തിട്ടുണ്ടോ, സ്വീകരിച്ചിട്ടുണ്ടോ, സല്‍ക്കരിച്ചിട്ടുണ്ടോ? ഓര്‍ക്കണം, നാം വിളമ്പിക്കൊടുക്കുന്ന ആത്മീയവിഭവങ്ങളാണ് പൈദാഹങ്ങള്‍ അകറ്റി അവനെ സംതൃപ്തനാക്കുന്നത്. അവയില്‍ പ്രഥമം നമ്മുടെ അനുതാപം തന്നെ. ഹൃദയമാകുന്ന വെണ്‍കല്‍ഭരണിയില്‍ മനസ്താപത്തിന്റെ നാര്‍ദിന്‍ നിറച്ചുവയ്ക്കാം.
ദൈവത്തിനര്‍ഹമായത് യഥാസമയം യഥോചിതം കൊടുക്കുന്നവരിലാണ് അവിടുത്തെ ദൃഷ്ടി പതിയുക. മനുഷ്യര്‍ക്കു കാണാന്‍ കഴിയുന്ന തരത്തിലുള്ള സമ്പത്തും സംഭാവനകളുമൊക്കെ നാം അവനെപ്രതി കൊടുത്തിട്ടുള്ളവ  നല്ലതുതന്നെ. അവയോടൊപ്പം, അവയെക്കാളുപരി അവന്‍ മാത്രം കാണുന്ന നമ്മുടെ ഹൃദയം അര്‍പ്പിച്ചിട്ടുണ്ടോ? ബഥാനിയായിലെ പെണ്‍പിറന്നവള്‍ കര്‍ത്താവിന്റെ ശിരസ്സു പൂശിയത് അവളിലെ പശ്ചാത്താപത്തിന്റെ പനിനീരുകൊണ്ടായിരുന്നു. അതിന്റെ പരിമളത്തിലാണ് അവന്‍ ആകൃഷ്ടനായത്. അതുകൊണ്ടാണ് അത് ശിമയോന്‍ വിളമ്പിവച്ചവയെക്കാള്‍ രുചികരമായി തോന്നിയതും. ശിമയോന്റേത് ഭൗതികവിഭവങ്ങളായിരുന്നെങ്കില്‍ അവളുടേത് ആത്മീയമായിരുന്നു. അവന്‍ വിരുന്നൊരുക്കിയത് തന്റെ ഊട്ടുമുറിയിലെ വട്ടമേശയിലായിരുന്നെങ്കില്‍ അവള്‍ തന്റെ പൊട്ടിത്തകര്‍ന്ന ഉള്‍ത്തടത്തിലായിരുന്നു. നാം കൊടുക്കുന്നതിന്റെ ഭാരമല്ല, കൊടുക്കുമ്പോഴുള്ള നമ്മുടെ ഭാവമാണ് കര്‍ത്താവ് കണക്കിലെടുക്കുക. ആരുടെയും ആത്മീയതയെയും ഭക്തിപ്രകടനങ്ങളെയും പാഴ്‌വേലയായി കാണുകയോ വിമര്‍ശിക്കുകയോ ചെയ്യാതിരിക്കാം. ദൈവം അവയ്‌ക്കൊക്കെ നാമറിയാതെ വ്യാഖ്യാനവും അര്‍ത്ഥവും നല്കുന്നുണ്ട്. ആത്മീയതയെ കമ്പോളക്കണ്ണുകള്‍കൊണ്ട്, ലാഭനഷ്ടങ്ങളുടെ ത്രാസില്‍ തൂക്കി നോക്കരുത്. വിശ്വാസജീവിതത്തില്‍ ലാഭങ്ങള്‍ മാത്രമല്ല, ചില നഷ്ടങ്ങളുമുണ്ടാകാം. ദൈവത്തെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുക എന്നതാണു പ്രധാനം. ആശിച്ച അനുഗ്രഹങ്ങള്‍ കിട്ടാതെ വരുമ്പോള്‍ ഇട്ടെറിഞ്ഞുപോകാനുള്ളതല്ല വിശ്വാസം. നമ്മുടെ ജീവിതസാഹചര്യങ്ങളാകുന്ന ബഥാനിയായില്‍ ശുദ്ധവും, മൂല്യമേറിയതുമായ കാണിക്കകള്‍ കര്‍ത്താവിനു നേദിക്കാനുള്ള നിയോഗമാണ് നമ്മുടേത്. അവയാല്‍ നമ്മുടെ ജീവിതം സൗരഭ്യപൂരിതമാകട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)