•  5 Oct 2023
  •  ദീപം 56
  •  നാളം 30
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

അക്ഷന്തവ്യമായ അപരാധം

താനും ദിവസങ്ങള്‍ക്കുമുമ്പ് യൂട്യൂബിലും മറ്റും ഇങ്ങനെ ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു:
RELEASING ON 18 JULY MONDAY 7 PM
കണ്‍വ്വനന്ദിനിയോ...
(ചുവടെ ഈ ഗാനത്തിന്റെ സാങ്കേതികവിദഗ്ധരുടെ പേരുകളും മറ്റും കൊടുത്തിരിക്കുന്നു.)
'കണ്‍വ്വനന്ദിനി'യിലാണ് പെട്ടെന്ന് എന്റെ കണ്ണുകള്‍ ഉടക്കിയത്. അപ്പോള്‍മുതല്‍ അതിനെക്കുറിച്ചായി എന്റെ ചിന്ത. എത്ര ആലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടിയില്ല. ഒടുവില്‍ ജൂലൈ 18 സന്ധ്യയ്ക്ക് ഏഴുമണിയാകുന്നതും കാത്തു ഞാനിരുന്നു. ഗാനത്തിന്റെ തുടക്കം ശീര്‍ഷകമാക്കി മാറ്റിയതിന്റെ കുഴപ്പംകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നു പിടികിട്ടി. ഇതാണു ഗാനം:
''കണ്വനന്ദിനിയോ കാമമോഹിനിയോ
ശൈലാദ്രിസാനുക്കള്‍തന്‍ പ്രിയ പുത്രിയാം
ശൈലജയോ - നീ ശൈലജയോ?'' ഗാനരചന - ബി. രാംകുമാര്‍; സംഗീതം - ദര്‍ശന്‍ രാമന്‍; ആലാപനം - ബി. ചന്ദ്രശേഖര്‍; സംവിധാനം - സജീഷ് നെല്ലിക്കോട്)
കണ്വനന്ദിനിയാണ് കണ്‍വ്വനന്ദിനിയായി രൂപപരിണാമം വന്ന് പോസ്റ്ററില്‍ കയറിപ്പറ്റിയത്. 'അഭിജ്ഞാനശാകുന്തള'ത്തിലെ കണ്വമഹര്‍ഷി മലയാളികള്‍ക്ക് അത്ര അന്യനൊന്നുമല്ല. ഇത്രയും പ്രചാരം സിദ്ധിച്ച ഒരു കഥാപാത്രത്തിന്റെ പേര് തെറ്റിച്ചെഴുതിയത് അക്ഷന്തവ്യമായ അപരാധമാണെന്ന് മലയാളഭാഷയെ മുന്‍നിറുത്തി ഞാന്‍ പറയട്ടെ.
വയലാര്‍ രാമവര്‍മ്മ 1972 ല്‍ ''പുനര്‍ജ്ജന്മം'' എന്ന ചിത്രത്തിനുവേണ്ടി ഇങ്ങനെയെഴുതി:
''കാമിനീ... കാവ്യമോഹിനീ
കാളിദാസന്റെ മാനസനന്ദിനീ
നിന്റെ മാലിനീതീരത്തു ഞാന്‍ തീര്‍ക്കും
എന്റെ സാഹിതീക്ഷേത്രം''
അര നൂറ്റാണ്ടു വേണ്ടിവന്നു ബി. രാംകുമാറിന്റെ ഭാവനയില്‍ വയലാര്‍ ഗാനത്തിന്റെ പ്രേതം മുകളില്‍ക്കാണുന്ന വിധത്തില്‍ പല്ലിളിച്ചു നില്ക്കാന്‍! വയലാറിന്റെ മാനസനന്ദിനിയെ സ്വല്പമൊന്നു മാറ്റിപ്പിടിച്ച് കണ്വനന്ദിനിയാക്കുകയും  അദ്ദേഹത്തിന്റെ (വയലാറിന്റെ) തന്നെ കാവ്യമോഹിനിയെ അതേപടി പ്രതിഷ്ഠിക്കുകയും ചെയ്തപ്പോള്‍ രാംകുമാറിന്  പുതിയ ഗാനം പടച്ചുവിടാനുള്ള ധൈര്യമായി. അദ്ദേഹത്തിന്റെ സംഗീതാല്‍ബത്തിലെ രണ്ടാമത്തെ വരിയിലുമുണ്ട് വയലാര്‍ഗാനത്തിന്റെ അരനൂറ്റാണ്ടു പഴക്കമുള്ള മറ്റൊരു പ്രേതം.
''സഹ്യാദ്രിസാനുക്കള്‍ എനിക്കു നല്കിയ
സൗന്ദര്യദേവത നീ'' (ചിത്രം - മറവില്‍  തിരിവ് സൂക്ഷിക്കുക)
വയലാറിന്റെ സഹ്യാദ്രിസാനുക്കളെ തെല്ലൊന്നു പാഠഭേദം വരുത്തി ശൈലാദ്രിസാനുക്കള്‍ എന്നാക്കിയതോടെ സംഗതി എളുപ്പമായി. നീ ശകുന്തളയാണോ പാര്‍വതിയാണോ എന്നു ചോദിക്കുന്ന മട്ടില്‍ ഗാനത്തെ ആശയപരമായി ഔന്നത്യത്തിലെത്തിച്ചെന്ന് രാംകുമാറിന് വീമ്പിളക്കാന്‍ വകയുമായി.
''മകരമാസത്തെ തൂമഞ്ഞില്‍ പൊഴിയും
മന്ദസമീരണന്‍ പോലവേ
വന്നെന്നുള്ളില്‍ അനുരാഗത്തിന്‍
കുളിര്‍ക്കാറ്റേകി നീ.''
മഞ്ഞുപൊഴിയും; സമ്മതിച്ചു. എന്നാല്‍, അതേ ലാഘവത്തോടെ കാറ്റുപൊഴിയും എന്നു പറഞ്ഞാല്‍ തൊണ്ട തൊടാതെ വിഴുങ്ങുക അസാധ്യമത്രേ. കാറ്റുപോലെ കാറ്റേകി എന്ന പറയുന്നതിന്റെ അനൗചിത്യം രചയിതാവിനു മനസ്സിലായില്ലെങ്കിലും ആസ്വാദകര്‍ക്കു പിടികിട്ടും. ബി. രാംകുമാറിനെപ്പോലെയുള്ള പാട്ടെഴുത്തുകാര്‍ ആദ്യം ഗാനരചനയുടെ പൊതുതത്ത്വങ്ങള്‍ ഗ്രഹിക്കണം. എന്നിട്ടുവേണം തൂലികയെടുക്കാന്‍. എങ്കില്‍ മാത്രമേ അദ്ദേഹത്തിന് യശസ്സു നേടാനാവൂ. കുപ്രസിദ്ധി നേടുക ഒരെഴുത്തുകാരന് ഒരിക്കലും ഭൂഷണമല്ലല്ലോ.