ദുഷ്ടതയെ അഗ്രമൂലം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ വന്നതുകൊണ്ടുതന്നെ ദുഷ്ടഹൃദയര്‍ അവനെ ഭയന്നു. ക്രോധവൈരികളുടെ കഴുകന്‍കണ്ണുകള്‍ അവനെ തിരയാന്‍ തുടങ്ങി. അവന്റെ പ്രവൃത്തികളും പദപ്രയോഗങ്ങളും തങ്ങളുടെ മനസ്സമാധാനത്തിനും സുഖശയനത്തിനും ഭീഷണിയായി അവര്‍ക്കു തോന്നി. തന്മൂലം, അവന്റെ വഴികളില്‍ വിരിക്കാനുള്ള വലക്കണ്ണികള്‍ അവര്‍ കൂട്ടംകൂടിയിരുന്നു കെട്ടിയുണ്ടാക്കി. കാരണം, അവനെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ലായിരുന്നു. അവനെ വെറുതേവിട്ടാല്‍ ഉണ്ടാകാവുന്ന വിപത്തുകളെപ്പറ്റി അവര്‍ക്കു വ്യക്തമായ ബോധ്യങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവനെ ഇല്ലായ്മ ചെയ്യാന്‍ രഹസ്യതന്ത്രങ്ങള്‍ മെനഞ്ഞു. ദൈവം നമുക്ക് ഏതെങ്കിലും വിധത്തില്‍ ഒരു ഭീഷണിയാണോ? അവിടുത്തെചില ഇടപെടലുകള്‍ നമ്മില്‍ അസഹിഷ്ണുതയ്ക്കും, അസ്വസ്ഥതയ്ക്കും ഹേതുവാകുന്നുണ്ടോ? ഉണ്ടെങ്കില്‍, നാം അവിടത്തെ ഇനിയും അറിഞ്ഞിട്ടില്ല എന്നുള്ളതാണ്. അവിടത്തെ ചെയ്തികളെല്ലാം നമ്മുടെ രക്ഷയ്ക്കുവേണ്ടിയാണെന്നു കരുതിയാല്‍പ്പിന്നെ അവനെതിരേ ഒരു പടയൊരുക്കത്തിനു പ്രസക്തിയേയില്ല.
ആരുടെയെങ്കിലും ആത്മീയമോ ഭൗതികമോ ആയ കെടുതിയെ ലാക്കാക്കിയുള്ള ഗൂഢാലോചനകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ടോ? ഓര്‍ക്കണം, ഗൂഢാലോചന മനുഷ്യര്‍ക്കു ചേര്‍ന്നതല്ല. അതു മറ്റുള്ളവരെ നശിപ്പിക്കുന്നതിന്റെ ആദ്യഘട്ടവും അതിനാല്‍ത്തന്നെ കുറ്റകൃത്യവുമാണ്. അതേക്കുറിച്ചുള്ള ആലോചനയില്‍നിന്നുപോലും നാം വിട്ടുനില്ക്കണം. ഗൂഢമല്ല, ഗാഢമായിരിക്കട്ടെ നമ്മുടെ ആലോചനകള്‍. അവ ദൈവികവും ക്രിസ്തീയവുമായിരിക്കണം. ഭീരുക്കള്‍ക്കും സത്യത്തെ അഭിമുഖീകരിക്കാന്‍ ചങ്കൂറ്റമില്ലാത്തവര്‍ക്കുമൊക്കെ പറഞ്ഞിട്ടുള്ളതാണ് നിഗൂഢനിരൂപണങ്ങളും കുതന്ത്രങ്ങളും. ഗൂഢാലോചന മറ്റുള്ളവരുമായുള്ള രഹസ്യാലോചന മാത്രമല്ല, ഹൃദയത്തില്‍ നാം നാമുമായി നടത്തുന്നതുകൂടിയാണ്. അന്യരുടെ അധഃപതനത്തിനുവേണ്ടിയുള്ള ആഗ്രഹംപോലും ഗൂഢാലോചന തന്നെ. ചിന്തകളെയും ചെയ്തികളെയും നേരിന്റെ നിരത്തിലൂടെ തെളിച്ചുകൊണ്ടുപോകാന്‍ പരിശ്രമിക്കാം. നമ്മുടേതുപോലെ ചുറ്റുമുള്ളവരുടെയും നന്മയും മേന്മയും ആശിക്കാം. ആരുടെയും വീഴ്ചയെ നമ്മുടെ വാഴ്ചയ്ക്കും വളര്‍ച്ചയ്ക്കും വളമാക്കരുത്. മനോഭാവങ്ങള്‍ മാന്യമായിരിക്കട്ടെ. നെഞ്ചകം നല്ല വിചാരങ്ങളുടെ വിളനിലമാകട്ടെ. മറ്റുള്ളവരുടെ ക്ഷേമത്തെയും ഐശ്വര്യത്തെയും കാംക്ഷിച്ചുകൊണ്ടുള്ളവയായിരിക്കട്ടെ നമ്മുടെ മനോവ്യാപാരങ്ങള്‍. രക്ഷകന്റെ വളര്‍ത്തുപിതാവിന്റേതുപോലെ നമ്മുടെ ആലോചനകള്‍ സ്വര്‍ഗവുമായി മാത്രം ആയിരിക്കട്ടെ. അപ്പോള്‍ അവ സര്‍വരുടെയും രക്ഷയ്ക്കായി ഭവിക്കും. ഹൃദയവിചാരങ്ങളെ വിശുദ്ധീകരിക്കാനുള്ള ആഹ്വാനമാണു നമുക്കുള്ളത്. ഒപ്പം, നമ്മുടെ ജീവിതത്തിന്റെ നിഗൂഢതയുടെ ചുരുളുകള്‍ അഴിക്കാന്‍ ധൈര്യപ്പെടാം. അത് സ്വല്പംകൂടി സുതാര്യമാകട്ടെ.