•  5 Dec 2024
  •  ദീപം 57
  •  നാളം 39
ഈശോ F r o m t h e B i b l e

വിലാപം

നം മുറിഞ്ഞവര്‍ക്കു സാന്ത്വനമായി അണഞ്ഞവന്റെ അന്തരംഗവും ചില നേരങ്ങളില്‍ തേങ്ങി. തന്റെ ദൃഷ്ടിയില്‍പ്പെട്ട ചിലതിനെയും ചിലരെയുമൊക്കെ പേരുചൊല്ലി വിളിച്ചു പ്രലപിക്കാതിരിക്കാന്‍ അവനു കഴിഞ്ഞില്ല. തന്നെയോര്‍ത്തു വിതുമ്പേണ്ട എന്നു പറഞ്ഞ് പലരെയും ആശ്വസിപ്പിച്ചവനു ചിലതിനെയൊക്കെ നോക്കി ഗദ്ഗദപ്പെടേണ്ടതായി വന്നു. ചിലതൊക്കെ കണ്ട മാത്രയില്‍ അവന്റെ കണ്ണുകളും കലങ്ങി. അന്നത്തെ ചില വിസ്മയക്കാഴ്ചകളെയും സൗധങ്ങളെയും സ്ഥലങ്ങളെയും സമൂഹത്തിലെ ഉന്നതരെയുമൊക്കെ  നോക്കിയാണ് അവന്‍ വിലപിച്ചത്. ദൈവത്തിന്റെ ഉള്ളവും ഉരുകുമെന്നുള്ള ഒരോര്‍മപ്പെടുത്തല്‍. മനുഷ്യന്റെ മലിനമായ മനോഭാവങ്ങളാണ് അവിടുത്തേക്ക് ആതങ്കമേറ്റുന്നത്. അവയില്‍ ഏറ്റവും പ്രധാനം അഹംഭാവംതന്നെ. അഹങ്കാരികള്‍അഹത്തെ ആശ്രയിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ്. അവര്‍ക്കു ദൈവഭയമോ വിശ്വാസമോ വിചാരമോ ഇല്ല. അഹംഭാവം ആയിരുന്നില്ലേ ആദിപാപത്തിലേക്കു  നരരെ നയിച്ചതും? നിഗളിച്ചു നടക്കുന്നവരെ അവിടുന്നു നിലംപതിപ്പിക്കും. തന്നിഷ്ടമനുസരിച്ചു തുള്ളുന്നവരെ തട്ടിവീഴ്ത്തും. എന്നാല്‍, എളിയവരെ എളിയിലിരുത്തുകയും ചെയ്യും.
നാമും വിസ്മയസൃഷ്ടികള്‍തന്നെയല്ലേ? 'മനോഹരമായിരിക്കുന്നു' എന്നു സ്രഷ്ടാവ് നമ്മെയും നോക്കി മൊഴിഞ്ഞതല്ലേ? ആ ദൈവം ഇന്നും അങ്ങനെ പറയുന്നുണ്ടോ? നമ്മുടെ അഹന്ത ദൈവത്തിന്റെ വിലാപത്തിനു ഹേതുവാകുന്നുണ്ടെന്ന വെളിവില്‍ വളരാം. വെറും പുഴുത്തീറ്റയായ ദേഹത്തെ പുകഴ്ത്തിപ്പൂജിക്കുന്നതാണ് അഹങ്കാരം. ഗര്‍വ് വിനാശഗര്‍ത്തത്തിലേക്കുള്ള വഴിയാണ്; എളിമ വിജയത്തിലേക്കുള്ള ഏണിയും. അഹങ്കാരത്തില്‍ അധഃപതനമുണ്ട്. അതിനെ അലങ്കോലമാക്കരുത്. നാം പോലും നമ്മുടേതല്ലാത്ത, ജീവിതമാകുന്ന പിച്ചപ്പാത്രംപോലും സ്വന്തമല്ലാത്ത നമുക്കു സത്യത്തില്‍ അഹങ്കരിക്കാന്‍ ഒന്നുമില്ല. നമ്മെ നോക്കി നമ്മുടെ ദൈവത്തിന്റെ നയനങ്ങള്‍ നിറയാന്‍ നാം ഇടവരുത്തരുത്. നമ്മുടെ വ്യക്തിജീവിതത്തില്‍, കുടുംബങ്ങളില്‍ കര്‍ത്താവിന്റെ കണ്ണീരു വീഴാതിരിക്കട്ടെ. നമ്മുടെ അകൃത്യങ്ങള്‍ അവിടുത്തെ നൈരാശ്യത്തിനും നൊമ്പരങ്ങള്‍ക്കും നിദാനമാകാതിരിക്കട്ടെ. നമ്മെ നോക്കിയുള്ള അവന്റെ വിലാപം അവന്‍ നമ്മെ വെടിഞ്ഞുപോകുന്നതിന്റെയും, നമുക്ക് അര്‍ഹമായ അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കു നല്കുന്നതിന്റെയും മുന്നോടിയാണ്. ദൈവത്തിനു നമ്മെക്കുറിച്ചു പല പദ്ധതികളുമുണ്ട്. അവയുടെ പൂര്‍ത്തീകരണത്തിനു നാം ദൈനംദിനം ഊട്ടിവളര്‍ത്തുന്ന ദുഷ്ടമനോഭാവങ്ങള്‍ വിഘ്‌നങ്ങളാകരുത്. കൃപകളെ കളഞ്ഞുകുളിക്കരുത്. അനുഗ്രഹങ്ങളെ അന്യാധീനപ്പെടുത്തരുത്. നന്മകള്‍ നായ്ക്കള്‍ സ്വന്തമാക്കാന്‍ അനുവദിക്കരുത്. ഒപ്പം, നമ്മിലെ അരുതാത്തവയെ നോക്കി നമുക്കും നിര്‍ലജ്ജം പ്രലപിക്കാം. വിശ്വാസജീവിതം അങ്ങനെയുള്ള ചില വിലാപങ്ങള്‍ക്കുംവേണ്ടിയുള്ളവയാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)