പാറയില്‍നിന്നുപോലും പച്ചവെള്ളം പുറപ്പെടുവിക്കാന്‍ കഴിവുള്ളവന്റെ തൊണ്ട വരണ്ടു. ഉറുമ്പുപോലും ദാഹമകറ്റുന്ന ഊഴിപ്പരപ്പില്‍ ഒരു കവിള്‍ ദാഹജലത്തിനായി അവന്‍ മോഹിച്ചു. ഭൂമിയിലെ ഒരു ജലസ്രോതസ്സിനും കെടുത്താനാവാത്ത, ആത്മാക്കള്‍ക്കുവേണ്ടിയുള്ള ഒരു അടങ്ങാത്ത ദാഹമായിരുന്നു അവന്റേത്. അതുകൊണ്ടാണ് തലമുറകളുടെ ദാഹമകറ്റിയ യാക്കോബിന്റെ കിണറ്റില്‍നിന്നുപോലും അവന്‍ കുടിക്കാതിരുന്നത്. കുളക്കരയിലൂടെ നടന്നിട്ടും, അരുവികളെപ്പറ്റി വാചാലനായിട്ടും ഒരു കുമ്പിള്‍ കുടിനീരുപോലും എങ്ങുനിന്നും കോരിയെടുത്തില്ല. 'എനിക്കു കുടിക്കാന്‍ തരൂ' എന്നു നട്ടുച്ചയ്ക്ക് ഒരു നാരിയോട് ആവശ്യപ്പെട്ടതുപോലും ജീവജലം കോരിയെടുക്കാനാവാതെ നിസ്സഹായയായ അവളുടെ ആത്മാവിന്റെ ദുരവസ്ഥയെ നേടാനായിരുന്നു. അവിടേക്ക് അവന്‍ ജീവജലം ഒഴുക്കിയപ്പോഴാണ് അവളുടെ ദാഹം ശമിച്ചതും, കുടിനീരിനായി വന്നവള്‍ കുടംപോലും കൈയിലെടുക്കാതെ മടങ്ങിപ്പോയതും. കുരിശോളം കൂടെയുണ്ടായിരുന്നു അവന്റെ ആ ദാഹം. പാണികള്‍ അടുപ്പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പ്രാണന്‍ പിരിയുന്നതിനു മുമ്പുപോലും ചാരെ ചാകാന്‍ കിടന്ന ചോരന്റെ ആത്മാവിനെയും അവന്‍ തന്നോടു ചേര്‍ത്തുപിടിച്ചത് അതുകൊണ്ടാണ്.
നമ്മുടെ ജീവിതത്തിലെ ലൗകികമോഹങ്ങളാകുന്ന ദാഹങ്ങളെയും അവയെ കെടുത്താന്‍ നാം സമീപിക്കുന്ന കിണറുകളെയുമൊക്കെ വിചിന്തനവിഷയമാക്കാം. ഓര്‍ക്കണം, കേവലം നരരും നാല്ക്കാലികളും കുടിക്കുന്ന കിണറ്റില്‍നിന്നു കുടിക്കേണ്ടവരല്ല ക്രൈസ്തവരായ നാം. പിന്നെയോ, ക്രിസ്തുവാകുന്ന ഉണങ്ങാത്ത ഉറവയില്‍നിന്ന് ഊറിയിറങ്ങുന്ന നിത്യജീവന്റെ തെളിനീരു നുകരേണ്ടവരാണ്. ഭൂമിയിലുള്ള കുളങ്ങള്‍ നമ്മുടെ ദാഹങ്ങളെ തീവ്രമാക്കുകയേ ഉള്ളൂ. അതുകൊണ്ടാണ് നമുക്കു വീണ്ടും അവയുടെ കരയില്‍ എത്തേണ്ടതായി വരുന്നത്. എന്നാല്‍, മേലില്‍ ദാഹിക്കാതിരിക്കാന്‍ പിളര്‍ക്കപ്പെട്ട നമ്മുടെ രക്ഷകന്റെ പാര്‍ശ്വത്തില്‍നിന്നു പൊട്ടിയൊഴുകിയ അനശ്വരജീവന്റെ അമൃത് നാം അനുനിമിഷം മോന്തിക്കുടിക്കണം. ചില കുടങ്ങളും കുളങ്ങളുമൊക്കെ ഉപേക്ഷിക്കാനും ചില മാര്‍ഗങ്ങള്‍ മറക്കാനും നമുക്കു കഴിയണം. ജീവിതത്തിലെ പൊട്ടക്കിണറുകളെ മൂടിക്കളയാം. അവ കെണിക്കുഴികളാണ്. നമ്മുടെ നടവഴിയോരങ്ങളില്‍ ഇനിമുതല്‍ ജീവന്റെ തണ്ണീര്‍ത്തടങ്ങള്‍ നിറഞ്ഞുകവിഞ്ഞുകിടക്കട്ടെ. ദാഹമല്ല, അന്തര്‍ദാഹമാണു നമുക്കുണ്ടായിരിക്കേണ്ടത്. ദാഹം ദേഹത്തിന്റേതും അന്തര്‍ദാഹം ആത്മാവിന്റേതുമത്രേ. നിത്യജീവന്റെ ജലപാനത്തിനു നാം ചില ശ്രമങ്ങള്‍ നടത്തേണ്ടതായുണ്ട്. ആത്മീയജീവിതത്തിനു പ്രഥമസ്ഥാനം കൊടുക്കാം. കൂദാശകളുടെ രൂപത്തില്‍ സഭ സമ്മാനിക്കുന്ന കയറും പാളയുമൊക്കെ വേണ്ടത്ര മുന്നൊരുക്കത്തോടെ സ്വീകരിക്കാം. ക്രിസ്തുവാകുന്ന കിണറ്റില്‍നിന്നു കുടിക്കാം. നിലനില്ക്കുന്ന ജീവനുവേണ്ടി മൃതിശയ്യയില്‍വരെ ദാഹിക്കാം. ഒപ്പം, ആരുടെയും അന്തര്‍ദാഹങ്ങള്‍ക്കു നാം തടസ്സമാകാതിരിക്കുക. നിത്യജീവന്റെ നിര്‍മലതീര്‍ത്ഥം എല്ലാവരുടെയും ഹൃദയകുംഭങ്ങളില്‍ നിറഞ്ഞുതുളുമ്പട്ടെ.