•  25 Apr 2024
  •  ദീപം 57
  •  നാളം 7
ഈശോ F r o m t h e B i b l e

വിശപ്പ്

വിതയും വിളവെടുപ്പുമില്ലാത്ത വാനിലെ പതംഗങ്ങളുടെ വയറു നിറയ്ക്കുന്നവനും, കല്ലുകളെ അപ്പമാക്കാന്‍ കഴിവുള്ളവനുമായവന്റെപോലും കുടലു കരിഞ്ഞു. നമ്മെപ്പോലെ അവനും കുറെക്കാലം മണ്ണിലെ മനുഷ്യനായിരുന്നു. ഒരു വ്യത്യാസം മാത്രം. അവന്റെ വിശപ്പ് മനുഷ്യനറിയില്ലാത്ത, ചിലതിനുവേണ്ടിയായിരുന്നു; ദൈവത്തിന്റെ രാജ്യത്തിനും അവിടുത്തെ നീതിക്കുംവേണ്ടി. അതുകൊണ്ടല്ലേ ഒരു മരത്തിന്റെയും കനി അവന്‍ കടിച്ചുതിന്നാതിരുന്നത്?   വയറിന്റെ വരമ്പും കടന്നുപോയി അവന്റെ വിശപ്പ്. നമുക്കുമില്ലേ വിശപ്പ്? എന്തിനുവേണ്ടിയുള്ളതാണത്? കേവലം ഭക്ഷണംകൊണ്ടു തീരുന്നതാണെങ്കില്‍ നാമിന്നും ഭൗമികര്‍ മാത്രം. അതിനേക്കാള്‍ ശ്രേഷ്ഠമായവയ്ക്കുവേണ്ടി സ്വര്‍ഗീയമായവയ്ക്കുവേണ്ടി, നാം വിശക്കാറുണ്ടോ? ഉണ്ടെങ്കില്‍ മാത്രം നാം ആത്മീയരാണ്, ദൈവം ആഗ്രഹിക്കുന്നവരാണ്. ആഹാരം, ആട, ആലയം മുതലായ ലൗകികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ളതു മാത്രമാണോ നമ്മുടെ വിശപ്പ്? ഉദരത്തിനുമപ്പുറം നീളുന്ന ഒരു വിശപ്പാണ് വിശ്വാസികളായ നമുക്കു വേണ്ടത്. വയറിന്റെ വിശപ്പ് എല്ലാ ഉദരജീവികള്‍ക്കുമുള്ളതാണ്. എന്നാല്‍, ആത്മാവിന്റെ വിശപ്പ് ആത്മീയതയോട് അല്പമെങ്കിലും ആഭിമുഖ്യം ഉള്ളവരുടേതു മാത്രമാണ്. ഓര്‍ക്കണം, ഭൗമികരല്ല, ആത്മീയരാകാനുള്ള നിയോഗമാണ് ക്രിസ്ത്യാനികളായ നമ്മുടേത്. ദൈവത്തിനും വചനത്തിനും കൂദാശകള്‍ക്കുംവേണ്ടിയുള്ള വിശപ്പു നമുക്കുണ്ടാകണം. ഉദരപൂരണമല്ല, ഹൃദയപൂരണമാണ് നമ്മുടെ നിത്യരക്ഷയ്ക്കാവശ്യമായുള്ളത്. അതില്ലാതെ വരുമ്പോള്‍ മറ്റു വിശപ്പുകള്‍ പെരുകും. ഒന്നിലും തൃപ്തിയില്ലാത്തവരായി കഴിയേണ്ടിവരും. ഓര്‍ക്കണം, വയറും കടന്നുപോകുന്ന  വിശപ്പ് നാം വന്നിടത്തേക്കു മടങ്ങാനും, നമ്മുടെ ഉടയവനോടു ചേരാനുമുള്ള അദമ്യമായ ഒരു തൃഷ്ണയാണ്. പരംപൊരുളായവനെ പ്രാപിക്കുമ്പോള്‍ മാത്രമേ അത് അടങ്ങുകയുള്ളൂ. നമ്മിലെ ചില വിശപ്പുകളെയും അവയ്ക്കു നാം നല്കിയ പ്രാധാന്യത്തെയും അവയെ കെടുത്താന്‍ നാം അവലംബിച്ച മാര്‍ഗങ്ങളെയും വിലയിരുത്താം. വേണ്ടാത്ത ചില വിശപ്പുകളെ നാം നമ്മില്‍ വളര്‍ത്തിയിട്ടുണ്ടാകാം. അരുതാത്ത ചില വഴികളിലൂടെ അവയെ തൃപ്തിപ്പെടുത്താന്‍ അറിഞ്ഞോ അറിയാതെയോ തുനിഞ്ഞിട്ടുണ്ടാവാം. നമ്മുടെ വിശപ്പുകളെ വിശുദ്ധീകരിക്കണമേയെന്നും, ആത്മീയവിശപ്പിനെ വര്‍ദ്ധിപ്പിക്കണമേയെന്നും പ്രാര്‍ത്ഥിക്കാം. ഭക്ഷണത്തോടുള്ള ആര്‍ത്തിയും അതിലുള്ള ആര്‍ഭാടവും നമുക്കു യോജിച്ചതല്ല. വിശുദ്ധമായവയ്ക്കുവേണ്ടി വിശക്കുന്നവരാകാം. ആത്മീയഭോജ്യമായ ദിവ്യകാരുണ്യത്തെ ശരണപ്പെടാം. ഏതൊരു സുഭിക്ഷതയുടെയും സമൃദ്ധിയുടെയും സൗഭാഗ്യത്തിന്റെയും നടുവിലും ആത്മാവിന്റെ ആരോഗ്യത്തിനായുള്ള വിശപ്പ് നമ്മില്‍ ഒടുങ്ങാതിരിക്കട്ടെ. ഒപ്പം, മറ്റുള്ളവരുടെ ആത്മീയവിശപ്പ് നാമായിട്ടു ശമിപ്പിക്കാതിരിക്കാം. നമ്മുടെ സാന്നിധ്യവും സമ്പര്‍ക്കവും ഏവരെയും ആത്മീയതത്പരരാക്കി മാറ്റാന്‍ ഉപകരിക്കട്ടെ.

 

Login log record inserted successfully!