•  28 Mar 2024
  •  ദീപം 57
  •  നാളം 4
ഈശോ F r o m t h e B i b l e

ശുദ്ധീകരണം

ത്യസാധാരണമായ ഒരു ശുദ്ധീകരണരംഗത്തിന് ആ ദൈവാലയം വേദിയായി. വിശുദ്ധീകരണത്തിലൂടെ സകലവും വീണ്ടെടുക്കാനുള്ള നിയോഗവുമായിട്ടാണ് അവന്‍ വാഴ്‌വിലേക്കു വന്നത്. വിശുദ്ധിയെന്ന തന്റെ സ്വഭാവസവിശേഷതയിലേക്കു സൃഷ്ടപ്രപഞ്ചത്തെ മുഴുവന്‍ കൊണ്ടുപോവുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. അതിനു മുന്നോടിയായി  ചിലയിടങ്ങളിലൊക്കെ പ്രതീകാത്മകമായി അവന്‍ ശുദ്ധീകരിച്ചു. തുടക്കം ഒരു ദൈവാലയത്തില്‍നിന്നുതന്നെയായിരുന്നു. ദൈവാലയം ദൈവം വസിക്കുന്ന സ്ഥലമാണ്. എന്നാല്‍, തന്റെ മനുഷ്യാവതാരത്തോടെ മാനവഹൃദയങ്ങളെ അവന്‍ ദൈവാലയങ്ങളാക്കി മാറ്റി. അതുകൊണ്ടുതന്നെ, ജറൂസലേംദൈവാലയത്തിന്റെ ശുചീകരണത്തിലൂടെ മനുഷ്യഹൃദയങ്ങളിലേക്കാണ് അവന്‍ കൈയില്‍ കെട്ടിയുണ്ടാക്കിയ കയര്‍ച്ചമ്മട്ടിയുമായി കടന്നത്. അവയുടെ സമൂലമായ പരിവര്‍ത്തനവും സമഗ്രമായ പരിശുദ്ധിയുമാണ് അവന്‍ ആഗ്രഹിച്ചത്. അവയിലുള്ള മ്ലേച്ഛതയുടെ മേശകളാണ് അവന്‍ തട്ടിയിട്ടത്. അന്നൊരിക്കല്‍ സംഭവിച്ച്, ഇന്നു വേദഗ്രന്ഥത്തിന്റെ ഏടുകളില്‍ മാത്രം ഒതുങ്ങിനില്‌ക്കേണ്ട ഒന്നല്ല ആ വിശുദ്ധീകരണകര്‍മത്തിന്റെ അധ്യായം. മറിച്ച്, നമ്മുടെ അനുദിന വിശ്വാസജീവിതത്തില്‍ സ്വന്തമാക്കേണ്ട ആത്മീയനവീകരണത്തിന്റെ ഒരനുഭവമാണത്.
കല്ലും മണ്ണും മരത്തടിയും കൊണ്ടുള്ളതല്ല, മജ്ജയും മാംസവും ചോരയും നീരുമൊക്കെക്കൂടിയുള്ള നമ്മുടെ ഹൃദയകോവിലുകളിലാണ് ദൈവം ഇന്നു കുടികൊള്ളാന്‍ കൊതിക്കുന്നത്. അപ്പോള്‍ അവന്റെ വാസഗേഹമായ നമ്മുടെ ഉള്ളമല്ലേ യഥാര്‍ത്ഥത്തില്‍ വിശുദ്ധീകരിക്കപ്പെടേണ്ടത്? ഹൃദയമാണ് എല്ലാറ്റിന്റെയും ഉറവിടം. അതില്‍നിന്നു വരുന്നവയാണ് നമുക്കു വിശുദ്ധിയോ, അശുദ്ധിയോ നല്കുന്നത്. ഉള്ളം കള്ളമില്ലാത്തതെങ്കില്‍ നാം തെളിവെള്ളംപോലെ സുതാര്യരും സംശുദ്ധരുമായിരിക്കും. അതുകൊണ്ടാണ് അവന്റെ ദൃഷ്ടികള്‍ മനുഷ്യന്റെ ബാഹ്യരൂപത്തിന്മേല്‍നിന്ന് അന്തരംഗത്തിലേക്ക് ആഴ്ന്നിറങ്ങിയതും. ഹൃദയപരിവര്‍ത്തനം  സാധ്യമാക്കാം. നമ്മുടെ മനോവ്യാപാരങ്ങളെ  മനനം ചെയ്യാം. മനസ്സാകുന്ന മുറിയില്‍ ഒരു അടിച്ചുവാരലിന്റെ ആവശ്യകതയുണ്ടാകും. അതിനുള്ളിലെ മാലിന്യങ്ങളെയാകെ തൂത്തുവാരിയെടുത്ത് പശ്ചാത്താപത്തോടെ കുമ്പസാരമാകുന്ന കരുണയുടെ കൂടാരത്തില്‍ നിക്ഷേപിക്കാനും അവിടെനിന്നു കൃപയും പൊറുതിയും നേടാനും സന്നദ്ധരാകാം. ഒരുക്കത്തോടെ അടുപ്പിച്ചുള്ള അനുരഞ്ജനകൂദാശാസ്വീകരണംവഴി നമ്മുടെ ഹൃദയമാനസങ്ങള്‍ വെടിപ്പും വെണ്മയുമുള്ളവയാകട്ടെ. അവയുടെ പ്രഭ നമ്മുടെ മുഖങ്ങളില്‍ പ്രകാശിക്കട്ടെ. വാങ്ങുന്നവയൊക്കെ ശുദ്ധമായിരിക്കണമെന്നുള്ള വാശി സ്വഭാവശുദ്ധിയിലും വേണം. നമ്മുടെ ഹൃദയം വിശുദ്ധീകരിക്കപ്പെടുമ്പോള്‍ നാമും നാം വസിക്കുന്ന ഇടവും നമുക്കു ചുറ്റുമുള്ളവരും താനേ പവിത്രീകരിക്കപ്പെടും. അപ്പോള്‍ സ്വര്‍ഗം സ്വപ്നം കാണുന്ന രാജ്യം നമ്മിലൂടെ മണ്ണില്‍ യാഥാര്‍ത്ഥ്യമാകും. ഒപ്പം, ആരുടെയും ഹൃദയം മലിനമാകാന്‍ നാം നിമിത്തമാകാതിരിക്കാം. അഖിലരുടെയും ഹൃദയനാഥനാകാന്‍ ആശിക്കുന്നവനാണ് നമ്മുടെ ദൈവം. 

 

Login log record inserted successfully!