•  5 Oct 2023
  •  ദീപം 56
  •  നാളം 30
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

പൊരുത്തക്കേടുകളുടെ ഘോഷയാത്ര

ഗാനശില്പികളെ വലിയ കലാകാരന്മാരായി നാം അംഗീകരിക്കുകയും മാനിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിന്ന് സ്ഥിതി നേരേ മറിച്ചാണ്. ആരൊക്കെ പാട്ടെഴുതുന്നുവെന്നോ സംഗീതസംവിധാനം നിര്‍വഹിക്കുന്നുവെന്നോ പാടുന്നുവെന്നോ അറിയാന്‍ ആര്‍ക്കും താത്പര്യമില്ല. അതിനുകാരണം അവരില്‍നിന്നു പേട്ടുപാട്ടുകളേ പിറവിയെടുക്കുന്നുള്ളൂ എന്ന നമ്മുടെ അനുഭവമാണ്. അങ്ങനെയല്ലാതെ അദ്ഭുതം സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. ഗാനരചനയും സംഗീതവും ആലാപനവും ചിത്രീകരണവും ഒന്നിനൊന്നു വികലമാകുമ്പോള്‍ പുതിയ പാട്ടുകള്‍ക്കുവേണ്ടി ആരു കാതോര്‍ക്കാന്‍?
ഇതാ 'ഗോഡ് ബ്ലസ് യു' എന്ന ചിത്രത്തിലെ ഈ ഗാനം ശ്രദ്ധിക്കുക.
''നീറുമെന്‍ കൂട്ടിലെ ഈണമായ് വന്നു നീ
ഈ നിലാസന്ധ്യയില്‍ രാവിതള്‍പോലവേ
നീയെന്റെ ജീവന്റെ നീഹാരമായ്
അറിയാതെ അകതാരിലൊരു പൂങ്കിനാവായ്
മധുമഴയോ മലര്‍വനിയോ മായുന്നു ദൂരെ
അതിലുരുകും കനവുകളില്‍ ഏകാകിയായി
അകലുകയോ നീ തെന്നലേ''
(ഗാനരചന - സന്തോഷ് കോടനാട്; സംഗീതം - സുഭാഷ് കൃഷ്ണന്‍; ആലാപനം - വിജയ് യേശുദാസ്, ശ്രീപാര്‍വതി)
നീറുക എന്ന അകര്‍മകക്രിയയ്ക്ക് കാന്തുക (എരിവോ ചൂടോകൊണ്ടു നീറ്റലുളവാകല്‍), എരിയുക, സങ്കടപ്പെടുക എന്നൊക്കെയാണു പ്രധാനപ്പെട്ട അര്‍ത്ഥകല്പനകള്‍. ഇവിടെ തന്റെ കൂട് നീറുകയാണെന്നു പറഞ്ഞിരിക്കുന്നു പാട്ടെഴുത്തുകാരന്‍. എന്നാല്‍, ആ കൂട് ഏതാണെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. മുമ്പു പല ഗാനരചയിതാക്കളും മനസ്സിനെ കൂടായി സങ്കല്പിച്ച് എഴുതിയിട്ടുള്ളത് നാം കേട്ടിട്ടുണ്ട്. ഈ ചിത്രത്തിലെ നായകന്റെ കൂട്ടില്‍ നായിക ഈണമായി വന്നത്രേ. അതു നിലാസന്ധ്യയില്‍ രാവിതള്‍പോലെയാണെന്നു പറഞ്ഞ് ഗാനത്തില്‍ കവിത വരുത്താന്‍ (?) ശ്രമിച്ചിരിക്കുകയാണു രചയിതാവ്. നിലാസന്ധ്യയ്ക്കു നിലാവുള്ള സന്ധ്യ എന്നേ അര്‍ത്ഥം പറയാനാവൂ. സന്ധ്യയ്ക്കു ചന്ദ്രനുദിക്കാറുണ്ടെങ്കിലും നിലാവു തെളിഞ്ഞുകാണമെങ്കില്‍ രാത്രിയായി ഇരുട്ടു പരക്കണം. നിലാസന്ധ്യയും രാവിതളും പോലെയുള്ള പ്രതീകങ്ങള്‍  അനൗചിത്യത്തിന്റെ സന്തതികളാണെന്നു തൂലികയുന്തുന്ന ആള്‍ക്ക് അറിയില്ലെന്നു വരുന്നതു കഷ്ടമാണ്.
അവള്‍ തന്റെ ജീവന്‍ നീഹാരമായി എന്നതാണ് അടുത്ത പ്രസ്താവം. നീഹാരത്തിനു മഞ്ഞ് എന്നാണ് അര്‍ത്ഥമെന്ന് അറിഞ്ഞുകൊണ്ടാണോ  രചയിതാവ് ഇവിടെ പ്രയോഗിച്ചതെന്ന് നമുക്കു നിശ്ചയം പോരാ. മറ്റു വരികളുമായി അത്ര യോജിപ്പില്ലെങ്കിലും അറിയാതെ അവള്‍ പൂങ്കിനാവായത് നമുക്കു മനസ്സിലാക്കാന്‍ പ്രയാസമില്ല. പക്ഷേ, മധുമഴയോ മലര്‍വനിയോ മായുന്നു ദൂരെ എന്നു പാടുന്നതിന്റെ പ്രസക്തി എത്ര ചിന്തിച്ചിട്ടും പിടികിട്ടാതെ പോകുന്നു. കാമുകീകാമുകഗമനമുണ്ടാവുമ്പോള്‍ മധുമഴയായാലും മലര്‍വനിയായാലും അനുകൂലഘടകങ്ങളായി വര്‍ത്തിക്കേണ്ടതല്ലേ? അവയെ പാട്ടെഴുത്തുകാരന്‍ നിഷ്‌കരുണം മായ്ക്കുന്നതിന്റെ പൊരുള്‍ എന്താണാവോ?
പല്ലവിയുടെ ഒടുവിലത്തെ ഈരടി ശ്രദ്ധിച്ചോ? ഒരു ബന്ധവുമില്ലാത്ത രണ്ടു വരികള്‍. അപ്പോള്‍ ആസ്വാദകരില്‍ ന്യായമായും ഒരു സംശയം തോന്നാം. നീറുമെന്‍കൂട്ടിലെ ഈണമായി വന്നത് നായികയോ തെന്നലോ? തെന്നലാണെങ്കില്‍ 'ഈ നിലാസന്ധ്യയില്‍ രാവിതള്‍ പോലവേ' എന്ന വരിയെ ഏതുമായി കൂട്ടിയിണക്കും? കണ്ടില്ലേ പൊരുത്തക്കേടുകളുടെ ഘോഷയാത്ര. മനസ്സിനെ സ്പര്‍ശിക്കാത്ത ഈണം കൂടിയായപ്പോള്‍ ഗാനം അരോചകമായി. അതുകൊണ്ടാണ് ഞാന്‍ ആദ്യമേ പറഞ്ഞത് പുതിയ ഗാനങ്ങള്‍ ആര്‍ക്കും വേണ്ടാത്ത വകയ്ക്കു കൊള്ളാത്തവയായി മാറിയെന്ന്. എന്തുമാത്രം പണമാണു ഗാനത്തിന്റെ പേരില്‍ പാഴാക്കിക്കളയുന്നത് എന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.