•  25 Apr 2024
  •  ദീപം 57
  •  നാളം 7
കുടുംബജ്യോതി

കുടുംബവും രോഗാവസ്ഥകളും

രോഗ്യമുള്ള മനുഷ്യര്‍ കൂടിച്ചേരുന്ന ആരോഗ്യമുള്ള കുടുംബം പടുത്തുയര്‍ത്തുകയെന്നതാണ് നമ്മുടെയൊക്കെ ലക്ഷ്യവും കടമയും. രോഗാവസ്ഥയിലുള്ള വ്യക്തികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍, വ്യക്തിബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കേണ്ട ഇടങ്ങളാണുതാനും. അതുകൊണ്ടുതന്നെ, കുടുംബാംഗങ്ങളുടെ രോഗാവസ്ഥകള്‍ ഉയര്‍ന്ന മൂല്യബോധത്തില്‍ മനുഷ്യബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ കാരണമാകുന്നതായും കണ്ടിട്ടുണ്ട്. ഇത്തരം രോഗാവസ്ഥകള്‍ വേദനയ്ക്കപ്പുറം നന്മയുടേതായ മറ്റു പലതും കുടുംബാംഗങ്ങള്‍ക്കു സമ്മാനിക്കുന്നുവെന്നതു ക്രിയാത്മകമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാകും.
ശാരീരിക-മാനസിക
രോഗങ്ങള്‍
ശരീരത്തെയും മനസ്സിനെയും ബാധിക്കുന്ന രോഗങ്ങള്‍ മനുഷ്യരാശിയുടെ ആരംഭംമുതല്‍ ഉണ്ടായിരുന്നു. ഇത്തരം രോഗങ്ങളെ താഴെപ്പറയുംവിധം തരംതിരിക്കാം:
സാധാരണ ഉണ്ടാകുതും ചികിത്സ ആവശ്യമില്ലാത്തതുമായവ, സാധാരണ ഉണ്ടാകുന്നതും ചികിത്സ ആവശ്യമായതുമായവ, അസാധാരണമായി ഉണ്ടാകുന്നതും ചികിത്സിച്ചു മാറ്റാവുന്നതുമായവ, അസാധാരണമായി ഉണ്ടാകുന്നതും ചികിത്സ ഇല്ലാത്തതോ ചികിത്സ ഫലിക്കാത്തതോ ആയവ.
ഇതില്‍ അസാധാരണമായി ഉണ്ടാകുന്നതും ചികിത്സ ഇല്ലാത്തതോ ചികിത്സ ഫലിക്കാത്തതോ ആയതുമായ രോഗങ്ങള്‍ ഒരു കുടുംബത്തിന്റെ അടിത്തറ ഇളക്കാനും കുടുംബാംഗങ്ങളെ തീരാദുഃഖത്തിലേക്കു തള്ളിയിടാനും കാരണമാകാം. ഇത്തരത്തിലുള്ള രോഗാവസ്ഥകള്‍ മൂന്നു രീതിയില്‍ തരംതിരിക്കാം:
1. പെട്ടെന്നുള്ള കാരണങ്ങളാല്‍ സംജാതമാകുന്നവ 2. ദീര്‍ഘകാലമായവ 3. അറിയപ്പെടാതെ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നവ.
ഇവയില്‍ ആദ്യത്തേതും മൂന്നാമത്തേതുമായ പ്രശ്‌നങ്ങളോടു പൊരുത്തപ്പെടാന്‍ വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വളരെ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ അവസ്ഥയില്‍ സാധാരണ സംഭവിക്കുന്ന കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ ചുവടെ ചേര്‍ക്കുന്നു:
നിരാകരിക്കല്‍, എതിര്‍പ്പ്, പഴിചാരല്‍, മനസ്സിലാക്കല്‍, സ്വീകരിക്കല്‍.
മുകളില്‍ സൂചിപ്പിച്ച അഞ്ച് അവസ്ഥകളിലൂടെയും രോഗാവസ്ഥയിലുള്ള വ്യക്തിയും കുടുംബാംഗങ്ങളും കടന്നുപോകാം. ഈ സമയത്ത് ശരിയായ സാമീപ്യവും ആശ്രയവും നല്കാന്‍ ചുറ്റുമുള്ളവര്‍ക്കു കഴിഞ്ഞാല്‍ രോഗാവസ്ഥ എത്ര സങ്കീര്‍ണമാണെങ്കിലും അതിനെ മറികടക്കാന്‍ രോഗിക്കും ഒപ്പം കുടുംബാംഗങ്ങള്‍ക്കും കഴിയും.
രോഗാവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു കുടുംബം സാമ്പത്തികമായി ഉയര്‍ന്ന നിലയിലാണെങ്കിലും അല്ലെങ്കിലും ചുറ്റുമുള്ളവരുടെ അനുകമ്പ അര്‍ഹിക്കുന്നു. കുടുംബാംഗങ്ങളുടെ രോഗാവസ്ഥയില്‍ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലായെന്നും സഹായിക്കുക എന്നതു ചുറ്റുമുള്ളവരുടെ കടമയാണെന്നും നാം തിരിച്ചറിയണം. രോഗാവസ്ഥയിലുള്ളവരെ ശുശ്രൂഷിക്കുമ്പോള്‍ ആള്‍, അര്‍ത്ഥം എന്നീ രണ്ട് അവശ്യഘടകങ്ങള്‍ കൂടിയേ തീരൂ. ഈ രണ്ടു കാര്യങ്ങളും ഇല്ലാത്തതിന്റെ പേരില്‍ ഒരു കുടുംബവും നരകിക്കരുത്.
മാനസികരോഗാവസ്ഥയും
പൊതുവായ കാഴ്ചപ്പാടും
ഇന്ത്യയിലെന്നല്ല, ലോകത്തെമ്പാടും മാനസികരോഗങ്ങളെ വെറുപ്പോടെ കണ്ടിരുന്ന കാലം അപ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു. ശരീരരോഗംപോലെതന്നെ നാം അനുകമ്പയോടെ കാണേണ്ട ഒന്നാണ് മാനസികരോഗങ്ങളും എന്ന വസ്തുത ഇന്ന് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. എന്നിരുന്നാലും, മനുഷ്യന്റെ സ്വഭാവ,പെരുമാറ്റ വൈകല്യങ്ങളെ രോഗാവസ്ഥയായിക്കണ്ടു പ്രതികരിക്കാന്‍ നാം ഇനിയും വളരേണ്ടിയിരിക്കുന്നു.
ചുരുക്കത്തില്‍, സങ്കീര്‍ണമായ രോഗങ്ങള്‍, അതു ശാരീരികമോ മാനസികമോ ആവട്ടെ, ഒരു കുടുംബത്തെ പിടിച്ചുലയ്ക്കാം. ഇതു കുടുംബാംഗങ്ങളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കാം. സമൂഹജീവികളായ നാം ഇത്തരക്കാര്‍ക്ക് അത്താണിയായി മാറണം. അതു നമ്മുടെ കടമയും മൂല്യബോധത്തിന്റെ പ്രകടനവുമാണ്. ഇത്തരം സഹായങ്ങള്‍ ആവശ്യപ്പെടാതെതന്നെ നാം കണ്ടറിഞ്ഞു ചെയ്താല്‍ അതിലും മഹത്തരമായി മറ്റൊന്നുമുണ്ടാവില്ല.

 

Login log record inserted successfully!