•  28 Mar 2024
  •  ദീപം 57
  •  നാളം 4
ഈശോ F r o m t h e B i b l e

രൂപാന്തരീകരണം

താബോര്‍ഗിരി അന്നു തങ്കവര്‍ണമണിഞ്ഞു. സൂര്യവദനനും ശുഭ്രവസ്ത്രധാരിയുമായ അവന്റെ സാന്നിധ്യത്താല്‍ ആ മലമുകള്‍ പ്രശോഭിതമായി. കണ്ടുനിന്ന ശിഷ്യര്‍ കരതലങ്ങള്‍ ചേര്‍ത്തു കണ്ണുപൊത്തി. മേഘച്ചുരുളുകള്‍ക്കുള്ളില്‍നിന്ന് മോശയും ഏലിയായും അവനോടു സംസാരിക്കുന്നത് അവര്‍ കേട്ടു. സ്വര്‍ഗം നമ്മോടു സംഭാഷിക്കുന്ന നിമിഷങ്ങള്‍ നമ്മുടെ വിശ്വാസജീവിതത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. അവന്റെ തനിരൂപത്തിലേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു അത്. ദൈവത്തിന്റെ ഛായയിലുള്ളവരും സൃഷ്ടിയുടെ മകുടവുമായ നമ്മുടെ തനിരൂപവും ഭാവവും ദൈവികമാണ്. അതിലേക്കുള്ള ഒരു തിരിച്ചുപോക്ക് നമുക്കും അനിവാര്യമാണ്. കണ്ടതൊക്കെയും കൈനീട്ടി പ്പറിച്ചും, കിട്ടിയതൊക്കെ കടിച്ചുതിന്നും പിന്നിട്ട പാതകളില്‍ പലവട്ടം നമ്മുടെ തനിരൂപത്തെ നാം കരുപ്പിടിപ്പിച്ചിട്ടുണ്ടാവാം, തനിഭാവമായ സ്‌നേഹത്തെ കളങ്കപ്പെടുത്തിയിട്ടുണ്ടാവാം. നമ്മിലെ വിശുദ്ധിയുടെ വെണ്‍ശോഭയ്ക്ക് അശുദ്ധചിന്തകളാല്‍ മങ്ങലേല്പിച്ചിട്ടുണ്ടാവാം. നിരാശപ്പെടേണ്ടേ, വിശ്വാസികളായ നമുക്കു വെട്ടം ഇനിയും നഷ്ടമായിട്ടില്ല.
കാലത്തിനനുസരിച്ചു നമ്മുടെ ബാഹ്യരൂപത്തെ മാറ്റാന്‍ നാം പണിപ്പെടാറില്ലേ? മുഖകാന്തിക്കുള്ള മിനുക്കുകളും മുടി കറുപ്പിക്കുന്ന ലേപനങ്ങളും മേലഴകു കൂട്ടുന്ന മുന്തിയ ആടയാഭരണങ്ങളുമൊക്കെ നമ്മുടെ 'ലുക്ക്' വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാറില്ലേ? ഓര്‍ക്കണം, ഒന്നു കഴുകിയാല്‍ ഒഴുകിപ്പോകുന്ന സൗന്ദര്യമേ അവയ്‌ക്കൊക്കെ നല്കാനാവൂ. നമ്മിലെ ആന്തരികമനുഷ്യന്റെ ആകാരഭംഗി മാത്രമേ ചിരകാലം നില്ക്കൂ. അതിലേക്കുള്ള ഒരു രൂപാന്തരീകരണം എന്നെങ്കിലും നമുക്കും സംഭവിക്കണം. ഇല്ലെങ്കില്‍, വെറുതെ വളര്‍ന്നൊടിഞ്ഞ ഒരു മരമായി ഒടുവില്‍ കിടക്കേണ്ടി വരും.
ജീവിതമാകുന്ന താബോറില്‍ നമുക്കുതന്നെ നമ്മെ തിരിച്ചറിയാന്‍ കഴിയാത്തവണ്ണം നാമും ഒരു രൂപാന്തരീകരണത്തിനു വിധേയരാകണം. അതിനുവേണ്ടി പ്രാര്‍ത്ഥനയുടെ പാതയിലൂടെ ദൈവസാന്നിധ്യത്തിന്റെ മലചവിട്ടാം. സ്വര്‍ഗീയസംരക്ഷണത്തിന്റെ മേഘച്ചുരുളുകളാല്‍ മൂടപ്പെടാന്‍ നമ്മെത്തന്നെ വിട്ടുകൊടുക്കാം. സ്വായത്തമായ ദൈവാനുഭവത്തെ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ മലയിറങ്ങിവരാം. നമ്മുടെ അനുഭവം മറ്റുള്ളവര്‍ക്കും അനുഗ്രഹമായി മാറട്ടെ.  പുതിയ രൂപം പൂകുക എന്നല്ല, പ്രഥമരൂപഭാവങ്ങളെ പ്രകാശിപ്പിക്കുക എന്നാണ് ഇതിനാല്‍ അര്‍ത്ഥമാക്കുന്നത്. നാം രൂപാന്തരപ്പെടുമ്പോള്‍ നാം ആയിരിക്കുന്ന ഇടം, കുടുംബം, ബന്ധങ്ങള്‍, പ്രവര്‍ത്തനമേഖലകള്‍ എന്നല്ല, പ്രപഞ്ചം മുഴുവന്‍ രൂപാന്തരപ്പെടും. പ്രകാശമുള്ളവരാകാം. അപ്പോള്‍ ചുറ്റുപാടൊക്കെയും പ്രഭാമയമാകും. ജീവിതയാത്രയില്‍ എവിടെയെങ്കിലുംവച്ച് വ്യക്തിപരമായ ഒരു താബോറനുഭവം സാധ്യമാകാന്‍ പ്രാര്‍ത്ഥിക്കാം. വെളിച്ചത്തിന്റെ നാളുകള്‍ നമുക്കുണ്ടാകട്ടെ.

 

Login log record inserted successfully!