•  25 Apr 2024
  •  ദീപം 57
  •  നാളം 7
കുടുംബജ്യോതി

എന്താണു പണം ആരാണു പണക്കാരന്‍

ണത്തെ അമിതമായി സ്‌നേഹിക്കുന്നവരും പണത്തെ വെറുക്കുന്നവരും പണം എന്താണെന്ന് അറിയാത്തവരാണെന്ന ചിന്ത ബുദ്ധിപരവും തത്ത്വശാസ്ത്രപരവുമായ വീക്ഷണമാണ്. പണത്തെ അമിതമായി സ്‌നേഹിക്കുന്നവര്‍ ജീവിക്കുന്നതു പണത്തിനുവേണ്ടിയാകുമ്പോള്‍ അത്തരക്കാര്‍ മറ്റെല്ലാത്തിനും രണ്ടാംസ്ഥാനമേ നല്‍കൂ. ഒപ്പം, പണത്തെ വെറുക്കുന്നവര്‍, പണസമ്പാദനത്തിനെതിരായതിനാല്‍ പട്ടിണിയിലും പരാധീനതയിലും ജീവിക്കും. എന്റെ കൗണ്‍സലിങ് അനുഭവത്തില്‍ ഇപ്പറഞ്ഞ രണ്ടു തരത്തിലുമുള്ള വ്യക്തികളെ കണ്ടുമുട്ടിയിട്ടുണ്ട്. ഇത്തരക്കാരുടെ കുടുംബങ്ങള്‍ പല തരത്തിലുമുള്ള വെല്ലുവിളികളെ നേരിടുന്നുണ്ടുതാനും. എന്നാല്‍, നന്മനിറഞ്ഞ മനുഷ്യന്റെ കൈയില്‍ ധാരാളം പണമുണ്ടാകുന്നത് കുടുംബത്തിന്റെ, നാടിന്റെ, രാഷ്ട്രത്തിന്റെ നന്മയ്ക്ക് ഉപകരിക്കും എന്ന വീക്ഷണം നമ്മുടെ ചിന്താമണ്ഡലങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ടിരിക്കുന്നു.
പണസമ്പാദനത്തിലെ ചില മൂല്യങ്ങള്‍:
പണസമ്പാദനവുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ കുടുംബത്തില്‍ നിന്നു കുട്ടികള്‍ നേടിയെടുക്കേണ്ടവയാണ്.
1. പണത്തെ സ്‌നേഹിക്കണം 2. പണം നേരായ വഴിയില്‍ അദ്ധ്വാനിച്ചു സമ്പാദിക്കണം 3. തങ്ങള്‍ക്കു ലഭിക്കുന്ന വരുമാനത്തില്‍നിന്ന് ഒരു നിശ്ചിത ശതമാനം എല്ലാവരും നാളേക്കായി സൂക്ഷിക്കണം 4. ലഭിക്കുന്ന പണത്തിന്റെ ഒരു നിശ്ചിതശതമാനം സുരക്ഷിതമായ നിക്ഷേപങ്ങള്‍ക്കായി ഉപയോഗിക്കണം 5. ലഭിക്കുന്ന പണത്തിന്റെ ഒരു നിശ്ചിതശതമാനം ദാനധര്‍മം നല്കണം 6. പണത്തിന്റെ മറ്റൊരു ശതമാനം നേരായ കാര്യങ്ങള്‍ക്കായി ചെലവഴിക്കണം 7. നാം പണത്തെ സ്‌നേഹിക്കുമ്പോള്‍ പ്രപഞ്ചം/ദൈവം നമുക്ക് അതു ധാരാളമായി നമ്മുടെയും മറ്റുള്ളവരുടെയും നന്മയ്ക്കായി തരും എന്ന ബോധ്യം 8. പണം ധാരാളമായി ലഭിക്കുമ്പോള്‍ കൂടുതല്‍ ശാന്തരും വിനയാന്വിതരും നന്മ നിറഞ്ഞ മൂല്യങ്ങള്‍ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും കൊണ്ടുവരുന്നവരുമാകണമെന്ന അവബോധം.
മേല്‍സൂചിപ്പിച്ചവയൊക്കെ കുടുംബത്തില്‍നിന്നു കുട്ടികള്‍ക്കും യുവാക്കള്‍ക്കും ലഭിക്കേണ്ട മൂല്യങ്ങള്‍തന്നെ. ഇവ ലഭിക്കാതെ വളരുന്ന, സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള വീടുകളിലെ കുട്ടികള്‍ താഴെപ്പറയുന്ന ചിന്താരീതികളുടെയും പ്രവൃത്തികളുടെയും ഉടമകളാകാം:
ഏതു മാര്‍ഗവുമുപയോഗിച്ച് പണം സമ്പാദിക്കാം, ധൂര്‍ത്ത്/പിശുക്ക്, എന്തും പണം കൊടുത്തു വാങ്ങാമെന്ന തെറ്റായ ധാരണ, അഹങ്കാരം, വെല്ലുവിളി, പണമില്ലാത്തവരോടുള്ള അവജ്ഞ, അടിമത്തങ്ങള്‍ (മയക്കുമരുന്ന്, ഗെയിമുകള്‍, മദ്യപാനം, അവിഹിതബന്ധങ്ങള്‍ തുടങ്ങിയവ), നന്ദിയില്ലാത്ത പ്രവൃത്തികള്‍, സംസാരം, ചിന്ത, അമിതധൈര്യം, വികാരവിചാരങ്ങളെ നിയന്ത്രിക്കുവാന്‍ പറ്റാതെ വരുക, തെറ്റായ വ്യാപാരങ്ങളില്‍ പങ്കാളികളാവുക.
എന്തുകൊണ്ട് ചിലര്‍ പണത്തെ വെറുക്കുന്നു?
പണസമ്പാദനം തെറ്റാണ് എന്ന ചിന്ത, ജീവിതത്തില്‍ ഉണ്ടായിരിക്കുന്ന ചില അനുഭവങ്ങള്‍, ദാരിദ്ര്യത്തെ സ്‌നേഹിക്കുന്ന അവസ്ഥ, മടി, അസൂയ, ശരിയായ മാനസികാരോഗ്യത്തിന്റെ അഭാവം ഇവയെല്ലാം ചിലര്‍ പണത്തെ വെറുക്കാന്‍ കാരണമാകാം. പണത്തെ വെറുക്കുന്നവര്‍ക്ക് സാമ്പത്തികസ്വാതന്ത്ര്യം ലഭിക്കില്ല എന്നതു തെളിയിക്കപ്പെട്ട വസ്തുതതന്നെ. മേല്‍സൂചിപ്പിച്ച വസ്തുതകളെ വിശദമായി പരിശോധിക്കുക അഭികാമ്യമായിരിക്കും.
1. പണസമ്പാദനം തെറ്റാണ് എന്ന ചിന്ത
ഈ ചിന്ത ഉരുത്തിരിയാന്‍ കുടുംബത്തിലെ ചില വ്യക്തികളുടെ സ്വാധീനം, തെറ്റായ മതപഠനങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയൊക്കെ കാരണമാകാം.
2. ജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍
സമ്പന്നയായ സ്ത്രീയെ കല്യാണം കഴിച്ച സ്വന്തം ജ്യേഷ്ഠന്‍ സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും വെറുത്തുതുടങ്ങിയപ്പോള്‍ അനുജന്റെ മനസ്സ് ഉറച്ചു വിശ്വസിച്ചു, 'സമ്പത്ത് തിന്മയാണ്.' ഇത്തരം അനുഭവങ്ങള്‍ ചിലരെ പണസമ്പാദനത്തില്‍നിന്ന് അകറ്റിനിര്‍ത്താം.
3. ദാരിദ്ര്യത്തെ സ്‌നേഹിക്കുന്ന അവസ്ഥ
ചില വ്യക്തികളും കുടുംബങ്ങളും ദാരിദ്ര്യത്തെ സ്‌നേഹിക്കാറുണ്ട്. ഇത്തരക്കാര്‍ വിശ്വസിക്കുന്നത് തങ്ങളുടെ ദാരിദ്ര്യം കാരണമാണ് തങ്ങളെ മറ്റുള്ളവര്‍ സഹായിക്കുന്നതെന്നാണ്. ചുറ്റുമുള്ളവരുടെയും ഗവണ്‍മെന്റിന്റെയുമൊക്കെ സഹായം കൈപ്പറ്റാന്‍ ഇവര്‍ മനസ്സുകൊണ്ടും വാക്കുകള്‍കൊണ്ടും പ്രവൃത്തികള്‍കൊണ്ടും ദാരിദ്ര്യത്തെ വാരിപ്പുണരുന്നു.
4. മടി
പണിയെടുക്കാന്‍ മടിയുള്ളവര്‍ പണം എന്തിന്, പണമെന്ന തിന്മയെ എന്തിനു കൂട്ടുപിടിക്കണം എന്നീ ചോദ്യങ്ങളിലൂടെ ന്യായീകരിക്കുന്നത് തങ്ങളുടെ മടിയെയാണ്. ഇവര്‍ തങ്ങളുടെ ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍ ആരുടെയെങ്കിലുമൊക്കെ സഹായം മേടിച്ചെടുക്കും.
5. അസൂയ
കൂടെയുള്ളവര്‍ സാമ്പത്തികമായി ഉയരുമ്പോള്‍ അസൂയ നിമിത്തം പണത്തെ വെറുക്കുന്നവരും ചുരുക്കമല്ല. ഇതു വളരെ അപകടകരമായ ഒരു പ്രവണതയാണ്. കാരണം, പണം ലഭിക്കാനുള്ള എല്ലാ വഴികളും അടയ്ക്കുന്ന പ്രവൃത്തിയാണ് മറ്റുള്ളവര്‍ക്കു പണമുണ്ടാകുമ്പോള്‍ അതിനെ അസൂയയോടെ കാണുക എന്നത്.
6. ശരിയായ മാനസികാരോഗ്യത്തിന്റെ അഭാവം
നമ്മുടെയും മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പണം സമ്പാദിക്കണമെന്ന ചിന്തയില്ലായെങ്കില്‍ അതു മാനസികാസ്വസ്ഥതയുടെ ലക്ഷണംതന്നെ. ക്രിയാത്മകമായി ചിന്തിക്കുന്ന ഒരു വ്യക്തി പണസമ്പാദനത്തിന് അതിന്റേതായ പ്രാധാന്യം നല്കുന്നു. ചില കമ്യൂണിറ്റികളില്‍ ഒരുമിച്ചു ജീവിക്കുന്നവര്‍  ഇതിനപവാദമാകാം.
ചുരുക്കത്തില്‍, കുടുംബങ്ങളില്‍ സാമ്പത്തിക അച്ചടക്കവും പണത്തിന്റെ മഹത്ത്വവും ചര്‍ച്ച ചെയ്യപ്പെടണം. ഇത് നമ്മുടെയും നമ്മുടെ മക്കളുടെയും ഭാവിസുരക്ഷിതത്വത്തിന് അനിവാര്യമാണ്.

 

Login log record inserted successfully!