മുതിര്‍ന്ന മാതാപിതാക്കള്‍ കുടുംബത്തിന്റെ ഐശ്വര്യവും വിളക്കുകളുമാണെന്നു നാം പറയാറുണ്ട്. മുതിര്‍ന്നവരെ ബഹുമാനിക്കുന്ന, അനുസരിക്കുന്ന, സ്‌നേഹിക്കുന്ന സംസ്‌കാരമാണു നമ്മുടേത്. എന്നിരുന്നാലും ചില അസ്വാരസ്യങ്ങള്‍ മുതിര്‍ന്നവര്‍മൂലം കുടുംബങ്ങളില്‍ ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍ നാം അറിയണം. നാലു തരത്തിലുള്ള പെരുമാറ്റരീതികള്‍ മുതിര്‍ന്ന മാതാപിതാക്കളില്‍ കാണാറുണ്ട്.
1. വാത്സല്യം നിറഞ്ഞ പെരുമാറ്റം 2. ക്രൂരമായ പെരുമാറ്റം 3. കാര്യം കാണാനുള്ള പെരുമാറ്റം, 4. അകന്നുനില്‍ക്കുന്ന പെരുമാറ്റരീതി. ചില അവസരങ്ങളില്‍ ഒരു വ്യക്തിയില്‍ത്തന്നെ മേല്‍ സൂചിപ്പിച്ചവയില്‍ പലതും സമ്മേളിക്കാം.
1. വാത്സല്യം നിറഞ്ഞ സ്‌നേഹപൂര്‍വമായ പെരുമാറ്റം
ഇത്തരക്കാരുടെ പ്രധാന സവിശേഷതകള്‍ ചുവടെ ചേര്‍ക്കുന്നു: കുടുംബാംഗങ്ങളെ മനസ്സിലാക്കുന്നു. ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നു. ആവശ്യമുണ്ടെങ്കില്‍ മാത്രം മക്കളുടെയും കൊച്ചുമക്കളുടെയും കാര്യങ്ങളില്‍ ഇടപെടുന്നു. അധികാരമുണ്ടെങ്കിലും മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം നല്‍കുന്നു. തങ്ങളുടെ മാതാപിതാക്കള്‍ ചെയ്തതെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവുന്നത്ര ശ്രമിക്കുന്നു. തങ്ങള്‍ മറ്റുള്ളവര്‍ക്കു ഭാരമാവാതിരിക്കാന്‍ ശ്രദ്ധയോടെ പരിശ്രമിക്കുന്നു.
നന്മനിറഞ്ഞ മൂല്യങ്ങളെ മുറുകെപ്പിടിക്കുകയും അവ പുലര്‍ത്താന്‍ കുടുംബാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം ആരോഗ്യത്തിലും കുടുംബാംഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ ചെലുത്തുന്നു. കുടുംബാംഗങ്ങളുടെയും സാമ്പത്തിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ, മേഖലകളില്‍ ആവശ്യമെങ്കില്‍ ഉപദേശവും മാര്‍ഗനിര്‍ദേശവും നല്കുന്നു. കുടുബാംഗങ്ങളെ തുല്യതയോടെ പരിഗണിക്കുന്നു.
2. ക്രൂരമായ പെരുമാറ്റം
മുതിര്‍ന്ന മാതാപിതാക്കള്‍ ക്രൂരമായി പെരുമാറാന്‍ പ്രധാനമായും താഴെപ്പറയുന്ന ചിന്താരീതികളും അവസ്ഥകളും കാരണമാകാം.
മദ്യം, മയക്കുമരുന്ന്, മറ്റ് അടിമത്തങ്ങള്‍, മാനസിക അസ്വസ്ഥതകള്‍, സ്വന്തം തെറ്റുകള്‍ മറയ്ക്കുവാനുള്ള ശ്രമം, പക, തങ്ങളുടെ അധികാരം നഷ്ടമാകുമോ, എന്ന അകാരണവും അല്ലാതെയുമുള്ള ഭീതി, അയവില്ലാത്ത സ്വഭാവരീതി, ശാരീരിക അസുഖങ്ങള്‍, തെറ്റായ ഉപദേശങ്ങള്‍, പങ്കാളിയുടെ മരണം, അസുഖം, മറ്റുതരത്തിലുള്ള വേര്‍പാടുകള്‍, സാമ്പത്തിക പരാധീനത, മറ്റു കുടുംബാംഗങ്ങളില്‍നിന്നുള്ള അവഗണന, വഞ്ചന, കബളിപ്പിക്കല്‍, ക്രൂരമായ പെരുമാറ്റം തുടങ്ങിയവ.
ചെറുപ്പം മുതലുള്ള ചില ശീലങ്ങളും മുതിര്‍ന്ന മാതാപിതാക്കളെ ക്രൂരരാക്കി മാറ്റും. ഇത്തരക്കാര്‍ പക്ഷപാതത്തോടെ പെരുമാറുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരുടെ ക്രൂരപെരുമാറ്റം കുടുംബത്തിലെ ചില അംഗങ്ങളോടു മാത്രമേ ഉണ്ടാവൂ.
3. കാര്യം കാണാനുള്ള പെരുമാറ്റം
ഇത്തരക്കാര്‍ നല്ല അഭിനേതാക്കള്‍ ആയിരിക്കും. ഇവര്‍ക്ക് ഇഷ്ടമില്ലാത്ത പെരുമാറ്റം കുടുംബാംഗങ്ങളില്‍നിന്നുണ്ടായാല്‍ അവരെ ഇവര്‍ വെറുക്കും. പക്ഷേ, കാര്യം കാണാന്‍ ഇവര്‍ എത്ര വിദ്വേഷമുള്ളവരോടും പെട്ടെന്ന് അടുക്കും. വീട്ടില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഇത്തരക്കാര്‍ വളരെ സമര്‍ത്ഥരാണ്. ക്രൂരപെരുമാറ്റക്കാരെപ്പോലെതന്നെ ഇവരും കുടുംബാന്തരീക്ഷം കലുഷിതമാക്കും.
4. അകന്നുനില്‍ക്കുന്ന രീതി
ഇത്തരക്കാര്‍ അവരിലേക്കു തന്നെ ചുരുങ്ങുകയോ വീട്ടില്‍നിന്നു വിട്ടുനില്‍ക്കുകയോ ചെയ്യാം. ഇത്തരം പെരുമാറ്റരീതിയുടെ പ്രധാന കാരണങ്ങള്‍ താഴെപ്പറയുന്നു: മാനസികബുദ്ധിമുട്ടുകള്‍, ഉറ്റവരുടെ വേര്‍പാട്, കുടുംബാംഗങ്ങളില്‍നിന്നുള്ള തിരസ്‌കരണം, സാമ്പത്തികഭദ്രത, സാമ്പത്തികഭദ്രതയില്ലായ്മ, സമൂഹത്തിന്റെ തിരസ്‌കരണം, അപമാനകരമായ സാഹചര്യങ്ങള്‍, കുടുംബത്തിനുള്ളിലും പുറത്തുള്ള അവിഹിതബന്ധങ്ങള്‍, ചില ശീലങ്ങള്‍ (ജോലിസംബന്ധമായി മാറിനിന്നു ശീലിച്ചവര്‍ ഇത്തരത്തില്‍ വീട്ടില്‍നിന്ന് അകന്നു നില്‍ക്കാം), അപകര്‍ഷതാബോധം, ഉത്തരവാദിത്വങ്ങളില്‍നിന്ന് ഓടിയൊളിക്കല്‍, ചില തെറ്റായ മുന്‍വിധികളും ധാരണകളും. മേല്‍ സൂചിപ്പിച്ചവയൊക്കെ ഒരു വ്യക്തിയെ അകന്നു നില്‍ക്കുന്ന പെരുമാറ്റരീതിയിലേക്കു നയിക്കാം.
മുതിര്‍ന്ന മാതാപിതാക്കള്‍ എപ്പോഴാണ് കുടുംബത്തിന്റെ ഐശ്വര്യവും വിളക്കുകളും ആവുക?
വാത്സല്യപൂര്‍ണമായ സ്‌നേഹം നിറഞ്ഞ പെരുമാറ്റരീതികളുടെ ഉടമകള്‍ കുടുംബത്തിന്റെ അണയാത്ത വിളക്കുകളായിരിക്കും. ഇവരെയോര്‍ത്ത് മക്കളും കൊച്ചുമക്കളും മറ്റു ബന്ധുമിത്രാദികളും സ്രഷ്ടാവിനു നന്ദി പറയും. ഇവരുടെ ദീര്‍ഘായുസ്സിനുവേണ്ടി നിയോഗങ്ങളുണ്ടാവും. കാരണം, ഇവര്‍ ഭാരമായ ഐശ്വര്യവുമാണ്. ഇവര്‍ക്കുവേണ്ടി വൃദ്ധമന്ദിരങ്ങള്‍ പണിയപ്പെടുന്നില്ല. കാരണം, ഇവരുടെ ചിറകിന്‍കീഴില്‍ സംരക്ഷിക്കപ്പെടാന്‍ മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ മത്സരിക്കും.
മുതിര്‍ന്ന മാതാപിതാക്കളെ തിരുത്താന്‍ കഴിയുമോ?
ഉത്തരം തീര്‍ച്ചയായും കഴിയും എന്നാണ്. മുതിര്‍ന്ന മാതാപിതാക്കളുടെ അവസരോചിതമല്ലാത്ത പ്രവൃത്തികളും വാക്കുകളും ചിന്തകളും തിരുത്താന്‍ മറ്റുള്ളവര്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: മനസ്സിലാക്കുക - പഠിക്കുക - പ്രവര്‍ത്തിക്കുക - പുനരവലോകനം നടത്തുക.
മനസ്സിലാക്കുക
ഇത്തരക്കാരുടെ പ്രശ്‌നം എന്ത് എന്നു കണ്ടുപിടിക്കുന്ന പ്രക്രിയയാണിത്. ഉദാ: അമിതകോപം.
പഠിക്കുക
എന്തുകൊണ്ടു മേല്‍സൂചിപ്പിച്ച പ്രശ്‌നം ഈ വ്യക്തിക്ക് ഉണ്ടാവുന്നുവെന്ന് ആഴത്തില്‍ മനസ്സിലാക്കുന്ന പ്രക്രിയയാണിത്. ഇതിനായി ഒരു കൗണ്‍സിലറെ സമീപിക്കാം.
പ്രവര്‍ത്തിക്കുക
ഇത് കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകേണ്ട കാര്യങ്ങളുടെ ആകത്തുകയാണ്. ചിന്തകള്‍കൊണ്ടും വാക്കുകള്‍കൊണ്ടും പ്രവൃത്തികള്‍കൊണ്ടും ആ വ്യക്തിയെ തിരുത്താന്‍ പ്രാപ്തമാക്കുന്ന പ്രക്രിയയാണിത്. ഇവ ശാസ്ത്രീയമായി പ്രാവര്‍ത്തികമാക്കിയാല്‍ ഫലം ഉറപ്പാണ്. ഈ പ്രക്രിയയില്‍ ചുവടെ കൊടുത്തിരിക്കുന്ന പ്രായോഗികമാര്‍ഗങ്ങള്‍ പ്രധാനമാണ്.
1. ഉപദേശം, 2. സ്വയം തിരിച്ചറിയുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക, 3. ഉള്‍പ്പെടുത്തല്‍/ഒഴിവാക്കല്‍, 4. അംഗീകാരം/ തിരസ്‌കരണം, 5. ചികിത്സകള്‍, മരുന്നുകള്‍, 6. ശക്തമായ നിലപാടുകള്‍ സ്വീകരിക്കല്‍, 7. മാറ്റാന്‍ പറ്റാത്ത വസ്തുതകളെ അംഗീകരിക്കല്‍.
മേല്‍സൂചിപ്പിച്ച ഏഴു കാര്യങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നതിനുശേഷം ആയതിന്റെ ഫലം പുനരവലോകനം ചെയ്യണം. ഈ തിരുത്തല്‍ പ്രക്രിയ പരിശീലനം ലഭിച്ച ഒരു വ്യക്തിയുടെ സഹായത്തോടെ ചെയ്താല്‍ ഫലം തീര്‍ച്ച!