•  9 May 2024
  •  ദീപം 57
  •  നാളം 9
കുടുംബജ്യോതി

നിന്റെ അപ്പനാടാ അപ്പന്‍

നുവിന്റെ കൂട്ടുകാരന്‍ അവധിക്കാലത്ത് അവന്റെ വീട്ടില്‍ എത്തിയപ്പോള്‍ സന്തോഷകരവും അവനു തീര്‍ത്തും പരിചിതമല്ലാത്തതുമായ ചില അനുഭവങ്ങളുണ്ടായി. മനുവിന്റെ പിതാവ് രാവിലെ മുറ്റം അടിക്കുന്നു, അടുക്കളയില്‍ സഹായിക്കുന്നു, മനുവിന്റെകൂടെ കുറച്ചുസമയം കളിക്കുന്നു, മുതിര്‍ന്ന കുടുംബാംഗങ്ങളോടു സംസാരിക്കുന്നു, വീട്ടുസാധനങ്ങള്‍ കടയില്‍നിന്നു വാങ്ങുന്നു, മനുവിന്റെ അമ്മയുമായി ആശയവിനിമയം നടത്തുന്നു; ചുരുങ്ങിയത് ഒരു നേരമെങ്കിലും എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു, പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു. എല്ലാവരുമായി സംസാരിച്ച് തീരുമാനങ്ങളെടുക്കുന്നു (മിക്ക തീരുമാനങ്ങളും), മനുവിന്റെ ഭാവിപഠനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു, തന്റെ ജോലി ഏകാഗ്രതയോടെ ചെയ്യുന്നു. ചുരുക്കത്തില്‍, മനുവിന്റെ അപ്പനും അമ്മയും വീട്ടിലുള്ള മറ്റുള്ളവരും എല്ലാക്കാര്യങ്ങളിലും ഒരുപോലെ ശ്രദ്ധ ചെലുത്തുന്നു.
മനുവിന്റെ കൂട്ടുകാരന്‍ കണ്ടു പഴകിയത് വളരെ വ്യത്യസ്തമായ ഒരു കുടുംബാന്തരീക്ഷമായിരുന്നു. രാവിലെ എണീറ്റ് ചൂടുകാപ്പിക്കുവേണ്ടി അക്ഷമനായി കാത്തിരിക്കുന്ന, കാപ്പിക്കൊപ്പം ദിനപത്രം ലഭിച്ചില്ലെങ്കില്‍ രോഷാകുലനാകുന്ന, മക്കളുടെ ശബ്ദം ഉയര്‍ന്നാല്‍ പൊട്ടിത്തെറിക്കുന്ന, തന്നെ ചോദ്യം ചെയ്യുന്നത് ഇഷ്ടമില്ലാത്ത, താന്‍ ജോലി ചെയ്തു പണമുണ്ടാക്കുന്നതിനാല്‍ തന്റെ ഇഷ്ടങ്ങള്‍ വീട്ടില്‍ നടക്കണമെന്നു വാശിപിടിക്കുന്ന, വളരെക്കുറച്ചു മാത്രം സംസാരിക്കുന്ന, പ്രകോപനമില്ലാതെ അസഭ്യം പറയുകയും അരിശം പ്രകടിപ്പിക്കുകയും ചെയ്യുന്ന, താനൊഴിച്ച് മറ്റാരും നല്ലതല്ല എന്നു വാദിക്കുന്ന ഒരു പിതാവിനെയാണ് മനുവിന്റെ കൂട്ടുകാരനു പരിചയം. അതാണ് ഈ കുട്ടിയെ മനുവിന്റെ വീട്ടിലെ കുടുംബാംഗങ്ങളുടെ പ്രവൃത്തികള്‍ അദ്ഭുതപ്പെടുത്തിയത്. ഒപ്പം, മനുവിനെ വിളിച്ച് ഒരു കാര്യംകൂടി അവന്‍ പറഞ്ഞു: ''എടാ, നമ്മളു പ്രായമായി അപ്പന്‍മാരൊക്കെ ആകുമ്പോള്‍ നിന്റെ അപ്പനെപ്പോലെ ആകണം. നിന്റെ അപ്പനാടാ അപ്പന്‍.''
ഒരിക്കല്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍ അവിടത്തെ എട്ടുവയസ്സുകാരന്‍ പ്രാര്‍ത്ഥനാമുറിയില്‍ കണ്ണടച്ചിരുന്ന് ഈശോ, ഈശോ എന്നു തുടര്‍ച്ചയായി ഉരുവിടുന്നു. കാര്യം തിരക്കിയപ്പോള്‍ അവന്റെ അമ്മ പറഞ്ഞു: ''അപ്പന്‍ എത്രയും പെട്ടെന്ന് പുറത്തു പോകാന്‍ ഇളയ സന്തതി പ്രാര്‍ത്ഥിക്കുകയാണ്.'' കുളിച്ചൊരുങ്ങി സുമുഖനായി എത്തിയ ആ അപ്പനായ എന്റെ സുഹൃത്തിനോട്, സഹതാപമല്ലാതെ എന്തു തോന്നാന്‍! എന്റെ കൗണ്‍സലിങ് അനുഭവത്തില്‍ അപ്പനെ വെറുക്കുന്ന മക്കളും, ഭര്‍ത്താവിന്റെ പ്രവൃത്തികള്‍മൂലം നരകിക്കുന്ന ഭാര്യമാരും, മകന്‍ ജനിക്കാതിരുന്നെങ്കില്‍ എന്നു പ്രാര്‍ത്ഥിച്ചു കാലം കഴിക്കുന്ന മാതാപിതാക്കളും ധാരാളമുണ്ട്.
ആരായിരിക്കണം ഒരു അപ്പന്‍? എന്തായിരിക്കണം അപ്പന്റെ ചുമതലകള്‍?
മേല്‍സൂചിപ്പിച്ച രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം മനുവിന്റെ അപ്പനില്‍ പ്രതിഫലിക്കുന്നുണ്ട്. മനുവിന്റെ അപ്പന്റെ സവിശേഷതകള്‍ താഴെ ചേര്‍ക്കാം:
1. സ്‌നേഹത്തിനു മുന്‍തൂക്കം നല്‍കുന്നു. 2. ഒരുമയെ പ്രോത്സാഹിപ്പിക്കുന്നു. 3.    തുല്യതയ്ക്കു പ്രാധാന്യം നല്കുന്നു.           4.     ആശയവിനിമയത്തിന്റെ അനിവാര്യത മനസ്സിലാക്കുന്നു. 5. സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നു. 6. മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നു. 7. കുടുംബജീവിതത്തിന്റെ മഹത്ത്വവും അര്‍ത്ഥവും മനസ്സിലാക്കുന്നു. 8. പാരമ്പര്യവും പുരോഗമനചിന്തയും ഒരുപോലെ ഉള്‍ക്കൊള്ളുന്നു. 9. വികാരത്തിനപ്പുറം വിചാരത്തിനുംപ്രാധാന്യം നല്കുന്നു.10. എല്ലാവര്‍ക്കും മാതൃകയാവുന്നു. 11. സ്വയം തിരുത്തി മറ്റുള്ളവരെ തിരുത്തുന്നു.
അപ്പന്‍ മരിച്ച വീടുകളും (നിര്‍ജീവമായ പ്രവൃത്തികള്‍കൊണ്ട്) അപ്പന്‍ കൊല്ലപ്പെടാന്‍ ആഗ്രഹിക്കുന്ന വീടുകളും (ദുഷ്‌കര്‍മങ്ങള്‍കൊണ്ട്) ഇന്ന് നമ്മുടെ നാട്ടില്‍ വര്‍ദ്ധിക്കുന്നു. എന്തുകൊണ്ടാണ് ഇത്തരം അപ്പന്മാര്‍ ജനിക്കുന്നത് എന്നതു മനഃശാസ്ത്രപരമായി മനസ്സിലാക്കേണ്ട വസ്തുതയാണ്. ഇത്തരത്തിലുള്ള പിതാക്കള്‍ ഒരുപക്ഷേ, താഴെ പറയുന്ന അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടാവാം.
1.    ഇവരുടെ ഇപ്പോഴത്തെ സ്വഭാവങ്ങള്‍ പ്രകടിപ്പിച്ചിരുന്ന മാതാപിതാക്കളാല്‍ വളര്‍ത്തപ്പെട്ട അവസ്ഥ. ഉദാ. വളരെ ക്രൂരനായ പിതാവിന്റെ മകന്‍ ഒരു പിതാവാകുമ്പോള്‍ ക്രൂരനോ കഴിവില്ലാത്തവനോ ആകുവാനുള്ള സാധ്യത കൂടുതലാണ്.          2. പാരമ്പര്യം. 3. മാനസിക അസുഖങ്ങള്‍. 4. വിദ്യാഭ്യാസമില്ലായ്മ. 5. ശാരീരിക അസുഖങ്ങള്‍. 6. മേല്‍ സൂചിപ്പിച്ച പ്രശ്‌നങ്ങളുള്ള പങ്കാളിക്കൊപ്പം ജീവിക്കേണ്ടിവരുക. 7. മദ്യം, മയക്കുമരുന്ന് തുടങ്ങിയ അടിമത്തങ്ങള്‍മൂലം. 8. ഒരു പുരുഷന്‍ എന്ന നിലയില്‍ അവന് മനഃശാസ്ത്രപരമായും ശാരീരികമായും ലഭിക്കേണ്ട കാര്യങ്ങള്‍ പങ്കാളിയില്‍നിന്നു ലഭിക്കാതെ വരുമ്പോള്‍ (ലൈംഗികസംതൃപ്തി, ബഹുമാനം, മാനസിക സ്വസ്ഥത, പരിഗണന, സ്‌നേഹം, പ്രോത്സാഹനം, സഹായഹസ്തം മുതലായവ.) 9. ജോലിസ്ഥലത്തെ സമ്മര്‍ദങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും. 10.    പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളും സഫലമാകാത്ത പ്രതീക്ഷകളും. 11. മോശം കൂട്ടുകെട്ടുകള്‍/ ബന്ധങ്ങള്‍.
മേല്‍ സൂചിപ്പിച്ചവയും അല്ലാത്തതുമായ അനേകം കാരണങ്ങളാല്‍ നിര്‍ജീവരായ, ക്രൂരരായ അപ്പന്മാര്‍ കൗണ്‍സലിങ് സ്വീകരിക്കാന്‍ എത്താറുണ്ട്. ആ ഒരു തുറവിയുണ്ടെങ്കില്‍, മാറണമെന്ന ഉള്‍വിളിയുണ്ടെങ്കില്‍ ഏതൊരപ്പനും മനുവിന്റെ അപ്പനെപ്പോലെ യാകാം. ഒറ്റയ്ക്കു കഴിയുന്നില്ലായെങ്കില്‍ മറ്റൊരാളുടെ സഹായം തീര്‍ച്ചയായും സ്വീകരിക്കാം. നല്ല പുസ്തകങ്ങള്‍, നല്ല വ്യക്തികളുമായുള്ള സംസര്‍ഗം, ക്ലാസുകള്‍, ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂറ്റിയൂബ് ചാനലുകള്‍ ഇവയൊക്കെ നിങ്ങള്‍ക്ക് ആശ്രയിക്കാം.

 

Login log record inserted successfully!