പല്ലക്ക് താഴെയിറക്കിവച്ച് മെയ്‌വര്‍ണനും കൈക്കരുത്തനും സൗമ്യശീലനും കുന്തവും വടിവാളുമായി ആ ഭീകരന്റെ സമീപത്തേക്കടുത്തു.
''ആരെടാ നീ, പിശാചോ രാക്ഷസനോ?''
''ഞാന്‍ രാക്ഷസപ്രവീണന്‍... ആ തേരിലുള്ളതാര്? എനിക്കവളെ വേണം.'' രാക്ഷസപ്രവീണന്‍ അലറിക്കൊണ്ടു പറഞ്ഞു.
''രാജകുമാരിയും തോഴിമാരും പല്ലക്കിനകത്തുതന്നെ ഇരുന്നുകൊള്ളുക... ഞങ്ങളിവനെ ശരിയാക്കീട്ടു വരാം...''
''ഓ...'' പേടിച്ചുവിറച്ചുകൊണ്ട് പല്ലക്കിനകത്തിരുന്ന ചെമ്പകവും ചാരുലതയും പ്രതിവചിച്ചു.
''എന്ത് നീങ്ക നമ്മളെ ശരിയാക്കപ്പോയോ... പരട്ടുപിള്ളേരെ വാ വാ....'' പെട്ടെന്നു രാക്ഷസപ്രവീണന്‍ ആകാശം മുട്ടെ വളര്‍ന്നു. പല്ലക്കു ചുമന്നിരുന്ന രാജസേവകര്‍ വളരെച്ചെറുതായി. രാക്ഷസന്‍ കുനിഞ്ഞ് അവരെ തന്റെ ഉള്ളംകൈയില്‍ പെറുക്കിയെടുത്തു.
''കൊല്ലല്ലേ രാക്ഷസാ ഞങ്ങളെ.... തേരിനകത്ത് സത്യധര്‍മരാജാവിന്റെ മകള്‍ സുഗന്ധിരാജകുമാരിയുണ്ട്. കുമാരിയുടെ രക്ഷയ്ക്കുവേണ്ടിയാണ് മല്ലന്മാരായ ഞങ്ങള്‍ തേരു ചുമന്നു കൂടെ വന്നത്. കൂടെയുള്ളതു കുമാരിയുടെ തോഴിമാരാണ്.''
മനംമയക്കുന്ന മനുഷ്യമണം രാക്ഷസനെ ഉന്മത്തനാക്കുകയാണ്. വയര്‍ കത്തിക്കാളുന്ന വിശപ്പ്...
''അങ്ങനെ നേരേ വാ മല്ലന്മാരെ... രാജകുമാരിയെ എനിക്കൊന്നു കാണണം....''
അതിനുമുമ്പേ... ഹൊ....ഈ മുടിഞ്ഞ വിശപ്പ്... രാക്ഷസപ്രവീണന്‍ വേഗം കൈനീട്ടി ഒരു തോഴിയെ പിടിച്ചു വായിലിട്ടു ചവച്ചുതിന്നു.
ജമന്തി. ജമന്തിപ്പൂപോലെ മനോഹരിയായ സുഗന്ധി രാജകുമാരിയുടെ തോഴി രാക്ഷസപ്രവീണന്റെ വയറ്റിലെത്തി. പേടിച്ചുവിറച്ചു നോക്കിനില്‍ക്കാന്‍ മാത്രമേ മല്ലന്മാര്‍ക്കു കഴിഞ്ഞുള്ളൂ.
''എനിക്കിത്തിരി പാനി വേണം.... വെള്ളം... വെള്ളം...''
രാക്ഷസന്‍ അലറുന്ന ശബ്ദത്തില്‍ പറഞ്ഞു.
''ഇപ്പോള്‍ തരാം...'' അവര്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്നിരുന്ന വെള്ളം മുഴുവനും രാക്ഷസനു കൊടുത്തു.
വെള്ളം മുഴുവനും കുടിച്ചു കഴിഞ്ഞ് ആ വലിയ ചെമ്പുപോലെയുള്ള പാത്രം രാക്ഷസന്‍ കൈകൊണ്ടു ചളുക്കിപ്പൊടിച്ചു കളഞ്ഞു.
പുറത്തെന്താ ബഹളമെന്നറിയാന്‍ സുഗന്ധിരാജകുമാരിയും തോഴിമാരായ ചെമ്പകവും ചാരുലതയും തേരിനുള്ളില്‍നിന്നു പുറത്തിറങ്ങി.
അതിവേഗം രാക്ഷസപ്രവീണന്‍ തന്റെ വേഷം മാറി ഒരു രാജകുമാരന്റെ വേഷം പൂണ്ടു.
ആരാണീ നില്‍ക്കുന്നത്? സുന്ദരകളേബരനായ ഒരു രാജകുമാരന്‍. കുമാരി ആ യുവാവിന്റെ അടുത്തേക്കു വന്നു.
''ആരാണു നീ?''
''ഞാനൊരു രാജകുമാരന്‍. മിഥിലരാജ്യത്തെ രാജകുമാരന്‍. വേഷം മാറിയ രാക്ഷസപ്രവീണന്‍ പറഞ്ഞു.
''താങ്കള്‍ എന്തിനിവിടെ വന്നു?''
''നായാട്ടിന്.''
''ഒറ്റയ്‌ക്കോ?'' കുമാരി ചോദിച്ചു.
''എങ്ങോട്ടും ഒറ്റയ്ക്കു പോകുന്നതാണെനിക്കിഷ്ടം. നാം ഭൂമിയില്‍ പിറക്കുന്നത് ഒറ്റയ്ക്കല്ലേ... അവസാനം മരിച്ച് ഈ ലോകം വിട്ടുപോകുന്നതും ഒറ്റയ്ക്കല്ലേ...'' രാജകുമാരന്റെ വേഷം പൂണ്ട രാക്ഷസന്‍ പറഞ്ഞു.
''താങ്കള്‍ ആളുകൊള്ളാമല്ലോ. ബുദ്ധിമാന്‍. ഞാനും ഇവിടെ നായാട്ടിനു വന്നതാണ്.''
''രാജകുമാരിയുടെ പേരെന്ത്, നാടേത്, അച്ഛന്‍, അമ്മ ഒക്കെ അറിഞ്ഞാല്‍ക്കൊള്ളാം.''
''ഞാന്‍ മന്ദരരാജ്യത്തെ സത്യധര്‍മന്‍ രാജാവിന്റെയും സീമന്തിനി രാജ്ഞിയുടെയും പുത്രിയാണ്. പേര് സുഗന്ധി.''
''മനോഹരമായ പേരും അതിമനോഹരമായ രൂപവും. എനിക്കു ഭവതിയെ വല്ലാതെ ഇഷ്ടപ്പെട്ടു.''
സുഗന്ധിരാജകുമാരി ലജ്ജിച്ചു തലതാഴ്ത്തി. തോഴിമാര്‍ ചാരുലതയും ചെമ്പകവും അടുത്തുതന്നെയുണ്ട്.
രാജസേവകരായ മല്ലന്മാര്‍ രാക്ഷസരൂപം മാറിയ രാജകുമാരനെക്കണ്ട് അദ്ഭുതപ്പെട്ടുനില്‍ക്കേ കോമളകളേബരനായ യുവരാജകുമാരന്‍ ചോദിച്ചു:
''ഭവതിക്കെന്നെ ഇഷ്ടമായോ?''
''ഇഷ്ടമായി.''
''എന്നെ കുമാരി കോമളകളേബരന്‍ എന്നു വിളിച്ചോളൂ.''
''ശരി. ഇപ്പോള്‍ ഞങ്ങള്‍ നായാട്ടിനു പോകട്ടെ.''
''അങ്ങനെയാകട്ടെ. ഇനിയും നമുക്കു കാണാം.'' കോമളകളേബരന്‍ പറഞ്ഞു.
ഉടനെതന്നെ ഒരലര്‍ച്ച കേട്ടു. രാക്ഷസന്‍ അപ്രത്യക്ഷനായതാണ്.
''കുമാരനെവിടെ?'' രാജകുമാരി അദ്ഭുതപ്പെട്ടു.
''അദ്ദേഹം മറഞ്ഞുപോയി.'' തോഴിമാര്‍ കിലുകിലെ ചിരിച്ചു. (തുടരും)