എല്ലാവര്ക്കും വേണ്ടിയായിരുന്നു വചനമായുള്ള അവന്റെ ആഗമനമെങ്കിലും, തന്നോടുകൂടെ ആയിരിക്കാനും, വിദൂരങ്ങളിലേക്കു തന്റെ കാലുകളായി നീങ്ങാനും, കരങ്ങളായി നീളാനുമായി ചുരുക്കം ചിലരെ അവന്‍ തിരഞ്ഞെടുത്തു. ക്രിസ്ത്യാനികളായ നാമും തിരഞ്ഞെടുക്കപ്പെട്ടവരാണ്. സ്വര്‍ഗരാജ്യത്തിന്റെ സംസ്ഥാപനം ഇന്നും തുടരുന്ന ഒരു പ്രക്രിയയാണ്. സുവിശേഷം ഈ കാലഘട്ടത്തിലും പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനായുള്ളവരുടെ തിരഞ്ഞെടുപ്പും തുടരുകയാണ്. ഏതൊരു ജീവിതാന്തസ്സിലേക്കുള്ളതാണെങ്കിലും നമ്മുടെ വിളി ദൈവം നടത്തുന്ന ഒരു തിരഞ്ഞെടുപ്പാണ്. ക്രിസ്ത്യാനികളാകാനുള്ള വിളിയാണ് ആത്യന്തികമായി നമുക്കുള്ളത്. അതാണു നമ്മുടെ അടിസ്ഥാനപരമായ തിരഞ്ഞെടുപ്പും. തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തസ്സിനു ചേര്‍ന്നവിധം വ്യാപരിക്കാം. അവന്റെ പ്രസംഗങ്ങളും പ്രബോധനങ്ങളുമെല്ലാം നന്മതിന്മകളുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ചായിരുന്നു. തനിക്കു വിലപ്പെട്ടവയൊന്നും നഷ്ടപ്പെടാതിരിക്കാന്‍ എപ്പോഴും നന്മയെ മാത്രമാണ് അവന്‍ തിരഞ്ഞെടുത്തത്. നമ്മുടെ തിരഞ്ഞെടുപ്പുകള്‍ നമ്മിലെ നന്മയെ നിലനിര്‍ത്തുന്നവയാണോ അതോ നശിപ്പിക്കുന്നവയാണോ?
സുദീര്‍ഘമായ പ്രാര്‍ത്ഥനയ്ക്കും പിതാവുമായുള്ള കൂടിയാലോചനയ്ക്കുംശേഷമാണ് അവന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തിയിരുന്നത്. നമ്മുടെ തിരഞ്ഞെടുപ്പുകള്‍ക്കും തീരുമാനങ്ങള്‍ക്കും പ്രാര്‍ത്ഥനയുടെ പിന്‍ബലവും വിണ്ണിന്റെ അംഗീകാരവും ഉണ്ടെങ്കില്‍ മാത്രമേ അവയോരോന്നും നമുക്കും മറ്റുള്ളവര്‍ക്കും ഉപകാരപ്രദമായി പരിണമിക്കൂ. അവയുടെമേല്‍ കര്‍ത്താവിന്റെ കൈയൊപ്പുണ്ടെങ്കിലേ അവ ഉന്നമനത്തിനു ഉപകരിക്കൂ. ഓര്‍ക്കണം, വഴിപിഴപ്പിക്കുന്ന ആകര്‍ഷണങ്ങളും സന്ദര്‍ഭങ്ങളുമാണ് ഇന്നു നമുക്കു മുമ്പില്‍ ഏറെയും. ആകയാല്‍, തിരഞ്ഞെടുപ്പുകള്‍ സസൂക്ഷ്മമായിരിക്കണം. ആധുനികസംസ്‌കാരവും, നവസമ്പര്‍ക്കമാധ്യമങ്ങളും, പുതുതലമുറയുടെ പ്രവണതകളുമൊക്കെ നമുക്കുനേരേ നീട്ടുന്നവയില്‍നിന്ന് അതീവജാഗ്രതയോടെ വേണം നാം തിരഞ്ഞെടുക്കാന്‍. കാരണം, അവ നമ്മെയും നാമുമായി ബന്ധപ്പെടുന്നവരെയും ഒരുപോലെ ബാധിക്കുന്നവയാണ്. നമ്മുടെ ബന്ധങ്ങള്‍, ഭക്ഷണപാനീയങ്ങള്‍, വസ്ത്രം, വീട്, മൂല്യങ്ങള്‍, നിലപാടുകള്‍ തുടങ്ങിയവയൊക്കെ എങ്ങനെയുള്ളവയാണ്? തനിക്ക് ഇഷ്ടമുള്ളവരെയാണ് അവന്‍ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പുകള്‍ക്കുപിന്നില്‍ ചില ഇഷ്ടങ്ങളുണ്ട്. തിരസ്‌കരണങ്ങള്‍ക്കു ചില അനിഷ്ടങ്ങളും. ആര്‍ക്കും ആരോടും തോന്നാത്ത ഒരിഷ്ടമാണ് ദൈവത്തിനു നമ്മോടുള്ളത്. ആ ഇഷ്ടത്തില്‍ ശിഷ്ടമുള്ള നമ്മുടെ ആയുസ്സും കഴിച്ചുകൂട്ടാന്‍ പരിശ്രമിക്കാം. മറ്റൊന്നിനോടുള്ള ഇഷ്ടം ദൈവത്തോടുള്ള ഇഷ്ടത്തില്‍നിന്നു നമ്മെ അകറ്റാതിരിക്കട്ടെ. ക്രിസ്തീയജീവിതം നല്ല തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള വിളിയാണ്. തെറ്റിപ്പോയവയെ ത്യജിക്കാനും, ശരിയായവയെ ശേഖരിക്കാനുമുള്ള സമയം. ജീവിതയാത്രയില്‍ വിശുദ്ധമായ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും നമുക്കു വഴിവിളക്കുകളാകട്ടെ.