•  30 Jun 2022
  •  ദീപം 55
  •  നാളം 17
ഈശോ F r o m t h e B i b l e

പരീക്ഷണം

ടുത്തും അകന്നും പ്രലോഭനങ്ങള്‍ അവനെ വിടാതെ നിന്നിരുന്നു. വരണ്ടുകീറിയ മരുഭൂമിയിലെ വാസകാലത്ത് ഒരുവശത്തു വറുതിയും വല്ലായ്മകളും, മറുവശത്ത് പ്രലോഭകന്റെ കെണികളും കുതന്ത്രങ്ങളുമായിരുന്നു അവനുണ്ടായിരുന്നത്. സാത്താന്‍ തന്റെ ആധിപത്യത്തിന്റെ അന്തകനായി അവതരിച്ചവനെ ആദ്യംമുതലേ തിരിച്ചറിഞ്ഞിരുന്നു. അവനെ മുളയിലേ നുള്ളിക്കളയാന്‍ അവന്റെ ഭീരുത്വം അവനെ വല്ലാതെ പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു. നിരാഹാരവ്രതത്തിന്റെ ശാരീരിക അവശതയിലും, മണല്‍ക്കാടിന്റെ കഠിനതാപത്തിലുമൊക്കെ മനുഷ്യപുത്രനെ മയക്കിയെടുത്ത് തന്റെ കാല്‍ക്കീഴിലാക്കാമെന്ന് ആ ദുരാത്മാവ് കണക്കുകൂട്ടി. എന്നാല്‍, താന്‍ കുടുക്കാന്‍ നോക്കിയവന്‍ ദൈവാത്മാവിനാല്‍ പൂരിതനാണെന്ന സത്യം അവന്‍ മനസ്സിലാക്കിയില്ല. പ്രലോഭനങ്ങളില്ലാത്ത ജീവിതം അത്ര സാധാരണമല്ല. കുരിശോളം നീണ്ട തന്റെ ജീവിതത്തില്‍ പരിശുദ്ധനായവന്‍പോലും പലതവണ പരീക്ഷിക്കപ്പെട്ടു.
നമ്മുടെ ജീവിതമരുഭൂവില്‍ പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ അവയെ അനായാസം അതിജീവിച്ചവനെ അനുസ്മരിക്കാം. പരീക്ഷകളെ ജയിച്ച മാത്രയില്‍ മാലാഖമാര്‍ അവനെ പരിചരിച്ചതുപോലെ പാപസാഹചര്യങ്ങളെ തരണംചെയ്യുമ്പോള്‍ സ്വര്‍ഗത്തിന്റെ താങ്ങ് നമുക്കും സംലഭ്യമാകും. നമ്മിലെ പൈശാചികകെട്ടുകളെയും ദുശ്ശീലങ്ങളെയും ബോധമനസ്സിലേക്കു കൊണ്ടുവരാം. ഒന്നിനെയും നിസ്സാരമായി കാണേണ്ട. ഓരോന്നിനും അതിന്റെതായ നശീകരണശേഷിയുണ്ട്. പിശാച് പലതരത്തില്‍ മോഹിപ്പിക്കുന്ന പ്രേരണകളുമായി നമുക്കു ചുറ്റുമുണ്ടെന്നു തിരിച്ചറിയാം. ഒളിഞ്ഞും തെളിഞ്ഞും അവന്‍ നമ്മെ ആക്രമിക്കും. ഇന്റര്‍നെറ്റുപോലുള്ള അത്യാധുനികവലക്കെണികളാണു പ്രലോഭകന്‍ ഇന്ന് വേട്ടയ്ക്കായി വിരിച്ചിരിക്കുന്നത്. അവയില്‍ കുടുങ്ങി നശിച്ചുപോകാതെ സൂക്ഷിക്കാം. പരീക്ഷണങ്ങള്‍ ഇല്ലാതിരിക്കാനല്ല, അവയെ അതിജീവിക്കാനുള്ള ആത്മീയോര്‍ജം ഉണ്ടാകാനാണ് പ്രാര്‍ത്ഥിക്കേണ്ടത്. അതിനുവേണ്ടി പ്രാര്‍ത്ഥന, പശ്ചാത്താപം, പരിഹാരം എന്നീ മൂന്നു കൂടാരങ്ങളില്‍ ഈ ജീവിതം ചെലവഴിക്കാം. പാപാവസ്ഥ നമ്മുടെ ആത്മാവിന്റെ ആതുരാവസ്ഥയെയാണു സൂചിപ്പിക്കുന്നത്. അതിനുള്ള മറുമരുന്ന് സ്വന്തമാക്കാന്‍ സമയാസമയങ്ങളില്‍ സാധിക്കണം. വചനംകൊണ്ടാണ് അവന്‍ പ്രലോഭനങ്ങളുടെ വാള്‍മുനയൊടിച്ചത്. ജീവിതകല്‍ഭരണിയില്‍ വചനതീര്‍ത്ഥം വക്കോളം നിറച്ചുവയ്ക്കാം. അതിനുള്ളില്‍ അദ്ഭുതം സംഭവിക്കും. വചനം നമ്മുടെ വഴിയും വാതിലുമായിരിക്കട്ടെ. ഒപ്പം, നാമായിട്ട് ആര്‍ക്കും പാപപ്രേരണകള്‍ക്കു കാരണമാകാതെ സൂക്ഷിക്കാം. പരീക്ഷകരല്ല, പരിരക്ഷകരാകാം. പ്രലോഭനമല്ല, പ്രചോദനമാണ് ക്രിസ്ത്യാനികളായ നമുക്കു ഭൂഷണമാകേണ്ടത്.