•  8 Jun 2023
  •  ദീപം 56
  •  നാളം 14
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

'ചേല്' കൊണ്ട് ആറാട്ട്

ഹ്രസ്വചിത്രങ്ങളുടെയും മ്യൂസിക് ആല്‍ബങ്ങളുടെയും ധാരാളിത്തം നമ്മെ വീര്‍പ്പുമുട്ടിക്കുന്ന കാലമാണിത്. ആവര്‍ത്തനവിരസതയാണ് അവയെ ആസ്വാദകരില്‍നിന്നകറ്റുന്നത്. പശ്ചാത്തലത്തില്‍ പലപ്പോഴും ഉപയോഗിക്കുന്നത് പൊട്ടപ്പാട്ടുകള്‍കൂടി ആണെങ്കിലോ?
''ചേലൊരു ചേലാണേ അഴകൊത്ത നുണക്കുഴിക്കവിള്‍ പൂങ്കവിള്
മാന്‍മിഴി ചേലഴക് വാള്‍മുന നോട്ടമുതിര്‍ത്തൊരു കണ്ണവള്‍ക്ക്
മുല്ലമൊട്ടു വിരിയുന്നപോലൊരു പുഞ്ചിരിച്ചേലാണേ
എന്റെ പൂങ്കുയില്‍ പെണ്ണിവള്‍ക്ക്.''
'കുട്ടന്റെ പെണ്ണ്' എന്ന മ്യൂസിക് ആല്‍ബത്തിനുവേണ്ടി അജീഷ് ആനക്കല്ല് രചനയും സംഗീതവും നിര്‍വഹിച്ച ഗാനമാണിത്. ഈ നാലു വരികളില്‍ സമാനാര്‍ത്ഥപദങ്ങളുടെ വേലിയേറ്റംതന്നെ സൃഷ്ടിച്ചിരിക്കുന്നു രചയിതാവ്. 'ചേല്' എന്ന വാക്ക് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണെന്നു തോന്നുന്നു. എന്നു കരുതി സ്ഥാനത്തുമസ്ഥാനത്തും അതെടുത്തു വിളമ്പിയാലോ? അധികമായാല്‍ അമൃതും വിഷം എന്നല്ലേ പ്രമാണം.
'ചേലൊരു ചേലാണേ' എന്ന തുടക്കംതന്നെ പാളിപ്പോയി. എന്തു വിഡ്ഢിത്തമാണ് താന്‍ എഴുന്നള്ളിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാനുള്ള ത്രാണിപോലും അദ്ദേഹത്തിനില്ലാതെപോയല്ലോ. കഷ്ടം! ഒരു കാര്യം വ്യക്തം. ഈ പാട്ടെഴുത്തുകാരന് അധികം പദങ്ങളൊന്നും വശമില്ല. ഉള്ളതുകൊണ്ട് ഓണംപോലെ എന്ന ചൊല്ലില്‍ അഭയം തേടിയിരിക്കുകയാണ് അദ്ദേഹം. ചേല് എന്ന പദം നാലിടത്തു തിരുകിക്കയറ്റിയതുകൂടാതെ അതേ അര്‍ത്ഥം വരുന്ന അഴകും രണ്ടിടത്തു കടന്നുവന്നിട്ടുണ്ട് ഈ പല്ലവിയില്‍. 'ചേലഴക്' എന്നു പ്രയോഗിച്ച അദ്ദേഹത്തോടു നമുക്കു പൊറുക്കാനാവില്ല. കാരണം, അദ്ദേഹം ഗാനരചന എന്ന മഹത്തായ സര്‍ഗാനുഷ്ഠാനത്തില്‍ ഏര്‍പ്പെട്ടതാണല്ലോ. അതേസമയം ആകെമൊത്തം, കണ്ണുദൃഷ്ടി, നടുമദ്ധ്യം, എന്നൊക്കെ പറയുന്ന സാധാരണക്കാരോടു നാം ക്ഷമിക്കും. കാരണം, അവര്‍ നിരക്ഷരരാണ്. ഉള്ളതു പറഞ്ഞാല്‍ അവരും ഈ പാട്ടെഴുതിയ ആളും തമ്മില്‍ എന്തു വ്യത്യാസം?
'നുണക്കുഴിക്കവിള്‍ പൂങ്കവിള്' എന്നു കേട്ടാല്‍ നായികയ്ക്ക് അനേകം കവിളുകളുണ്ടോ എന്നു നാം സംശയിച്ചുപോകും. പണ്ട് ബിച്ചു തിരുമല എഴുതിയല്ലോ, ''ചൊടിയിണകളിലമൃതമോടവനതു വഴി വന്നു'' എന്ന്. ('മഞ്ഞില്‍ വിരിഞ്ഞ പൂക്കളി' ലെ 'മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്‍' എന്ന ഗാനം.) ഇണ എന്നാല്‍ ഇരട്ട എന്നര്‍ത്ഥം. ചൊടിയിണകള്‍ എന്നു പ്രയോഗിക്കുമ്പോള്‍ നായകന് കുറഞ്ഞപക്ഷം നാലു ചൊടികളെങ്കിലും (ചൊടി=മനുഷ്യരുടെ ചുണ്ട്) വേണം. അങ്ങനെ നാലു ചുണ്ടുകളുള്ള ഒരുത്തന്‍ അവയില്‍ അമൃതവുമായി വന്നാലും ഏതു നായിക ഇഷ്ടപ്പെടും?
മാന്‍മിഴി എന്നു പ്രയോഗിച്ചിട്ട് തൃപ്തിപോരാതെ അതിന്റെ 'ചേലഴക്' കണ്ടു വിസ്മയിച്ചുപോയ നായകന്‍ (അയാള്‍ക്കുവേണ്ടി തൂലികയെടുത്ത പാട്ടെഴുത്തുകാരനും) അതേ വരിയുടെ അവസാനം 'കണ്ണവള്‍ക്ക്' എന്നെഴുതിയത് ഭാഷയോടുള്ള വെല്ലുവിളിയായിപ്പോയി. പുഞ്ചിരി എന്താണെന്നു നമുക്കറിയാം. പല്ലു കാണിക്കാതെയും ഒച്ച കേള്‍പ്പിക്കാതെയുമുള്ള ചിരിയാണത്. എന്നാല്‍, അജീഷ് ആനക്കല്ല് പറയുന്നു, കുട്ടന്റെ പെണ്ണ് 'മുല്ലമൊട്ടു വിരിയുന്നതുപോലൊരു പുഞ്ചിരി' പാസാക്കിയെന്ന്. അദ്ദേഹത്തിനു പുഞ്ചിരിയും അറിയില്ലെന്നു സ്പഷ്ടമല്ലേ? 'എന്റെ പൂങ്കുയില്‍ പെണ്ണിവള്‍' എന്നു സാക്ഷ്യപ്പെടുത്താനും രചയിതാവു മറന്നില്ല. പൂങ്കുയിലാണ് മുല്ലമൊട്ടു വിരിയുന്നപോലെ പുഞ്ചിരിച്ചത് എന്നു പറയുമ്പോള്‍ ഔചിത്യബോധം അദ്ദേഹത്തിന് തൊട്ടു തെറിച്ചിട്ടില്ല എന്നു നാം കൂട്ടിച്ചേര്‍ക്കേണ്ടിവരും. ചുരുക്കത്തില്‍ ഈ പാട്ടിന്റെ മൂല്യമെത്ര എന്നു ചോദിച്ചാല്‍ പൂജ്യം എന്നു പറയാന്‍പോലും നമുക്കു നാണക്കേടു തോന്നും. അത്രയ്ക്കു നിലവാരം കുറഞ്ഞ പാട്ടാണിത്.