•  9 May 2024
  •  ദീപം 57
  •  നാളം 9
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

സത്തില്ലാത്ത 'ഒണക്ക' മുന്തിരി

പ്രാദേശിക ഭാഷാഭേദങ്ങള്‍ ചലച്ചിത്രഗാനങ്ങളിലും ചിലപ്പോഴൊക്കെ പ്രതിഫലിച്ചിട്ടുണ്ട്. ഏതാണ്ട് നാലരപ്പതിറ്റാണ്ടുകള്‍ക്കുമുമ്പ് മലയാളത്തിന്റെ വെള്ളിത്തിരയില്‍ മുഴങ്ങിക്കേട്ട ഒരു ഗാനമാണ് പെട്ടെന്ന് ഓര്‍മവരുന്നത്. തൃശൂര്‍ഭാഷയുടെ പിന്‍ബലത്തോടെയാണ് ഈ ഗാനം അന്നു ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത്.
''കൂടിയാട്ടം കാണാന്‍ കൂത്തമ്പലത്തില്‍
കൂനിക്കൂടിയിരിക്ക്യാല്ലോ
കുവലയമിഴി വന്നോളൂ
കൂടെത്തന്നെ പോന്നോളൂ
എന്തുട്ടണ് കളി എന്തുട്ടണ്
ദൂതണ് കൃഷ്ണദൂതണ്'' (ചിത്രം - ആനന്ദം പരമാനന്ദം; രചന - ശ്രീകുമാരന്‍ തമ്പി; സംഗീതം - ജി. ദേവരാജന്‍, ആലാപനം - യേശുദാസ്, പി. മാധുരി)
ഓര്‍ക്കുക, ഇങ്ങനെ സൃഷ്ടിച്ചപ്പോഴും ഗാനത്തിന്റെ ആത്മാവിനെ ബലികഴിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ പരമാവധി ശ്രമിച്ചു. അതുകൊണ്ട് ഗാനം ആസ്വാദ്യമായി മാറി. എന്നാല്‍, ഈയിടെ ഇറങ്ങിയ 'ഹൃദയം' എന്ന ചിത്രത്തിലെ
''ഒണക്കമുന്തിരി പറക്ക പറക്ക
മടുക്കുവോളം തിന്നോക്യ തിന്നോക്യ
തേങ്ങാക്കൊത്തൊന്നു കൊറിക്ക കൊറിക്ക
വെറ്റിലേം പാക്കും ചവയ്ക്ക ചവയ്ക്ക
പന്തലുമുഴുവന്‍ തെരക്കാ തെരക്കാ
പെണ്ണും ചെക്കനും വേര്‍ക്കാ വേര്‍ക്കാ
പെണ്ണിന്റെ മൊഞ്ച് കണ്ടോക്യ കണ്ടോക്യ
ചെക്കന്റെ പത്രാസു കണ്ടോക്യ     കണ്ടോക്യ
പെണ്ണും ചെക്കനും കെട്ടുംകഴിഞ്ഞ്
നടന്നു വരുമ്പൊ ചിരിക്ക്യ ചിരിക്ക്യ'' (രചന - വിനീത് ശ്രീനിവാസന്‍, സംഗീതം - ഹെഷാം അബ്ദുള്‍ വഹാബ്, ആലാപനം - ദിവ്യ വിനീത്, സുറൂര്‍ മുസ്തഫ, സാറ മറിയ റോസ്, അദ്വൈത് ബി. കുമാര്‍, കെ.എസ്. അമൃത, വിനീത് ശ്രീനിവാസന്‍, ഹെഷാം അബ്ദുള്‍ വഹാബ്.)
ഈ വരികള്‍ വായിക്കുമ്പോള്‍ (കേള്‍ക്കുമ്പോള്‍) ഒരു കാര്യം വ്യക്തമാവുന്നു. കല്യാണവുമായി ബന്ധപ്പെട്ട ഗാനമാണിത്. അതിന് ഇത്രയൊക്കെ 'ഗോഷ്ടികള്‍' ആവശ്യമുണ്ടോ എന്ന് ആരും ഉള്ളാലേ ചോദിച്ചുപോകും. ഒണക്കമുന്തിരി(ഉണക്കമുന്തിരി) മടുക്കുവോളം തിന്നുന്നതിനു പുറമേ തേങ്ങാക്കൊത്ത് (വിവാഹമല്ലേ, തേങ്ങാപ്പാല്‍ എടുത്തതിനുശേഷമുള്ളതാകാം ഇത്) കൊറിക്കാനും ആവശ്യപ്പെടുന്ന ഈ ഗാനത്തില്‍ വെറ്റിലേം പാക്കും ചവയ്ക്കാനുമുള്ള നിര്‍ദേശമുണ്ട്. വെറ്റില മുറുക്കും മറ്റും നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? എന്നിട്ടും അര്‍ബുദരോഗം ക്ഷണിച്ചുവരുത്താനുതകുന്ന മുറുക്കാന്‍ ചവയ്ക്കാന്‍ ആഹ്വാനം ചെയ്യുകയാണ് ഗാനത്തില്‍.
പന്തലില്‍ തിരക്കാണെന്നും പെണ്ണും ചെറുക്കനും വിയര്‍ക്കുകയാണെന്നും അവര്‍ കെട്ടു കഴിഞ്ഞു വരുമ്പോള്‍ എല്ലാവരും ചിരിക്കണമെന്നും തട്ടിമൂളിച്ചിട്ടുണ്ട് ഗാനത്തില്‍. കെട്ടു നടന്നോട്ടെ. അതിന് ഇത്രയൊക്കെ കോപ്രായങ്ങള്‍ ആവശ്യമുണ്ടോ എന്നു വീണ്ടും ചോദിക്കാന്‍ തോന്നിപ്പോകുന്നു.
ഈ ഗാനം ഇപ്പോള്‍ 'സൂപ്പര്‍ ഹിറ്റ്' എന്നാണ് പ്രചാരം. മൂന്നുമാസം കഴിയട്ടെ ഇതിന്റെ ഗതിയെന്താവുമെന്ന് അപ്പോള്‍ കാണാം. ഇങ്ങനെ കൊട്ടിഘോഷിച്ച മറ്റു പല പാട്ടുകള്‍ക്കും (ഉദാ. 'ലജ്ജാവതിയേ', 'എന്റമ്മേടെ ജിമിക്കിക്കമ്മല്‍', 'ഞാനും ഞാനുമെന്റാളും') വന്ന ഗതി തന്നെ ഇതിനുമുണ്ടാകും. അര്‍ത്ഥമുള്ള, ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പാട്ടുകളേ നിലനില്ക്കുകയുള്ളൂ. അല്ലാതുള്ളവ നീര്‍ക്കുമിളകള്‍പോലെ തകര്‍ന്നു തരിപ്പണമാകും.

 

Login log record inserted successfully!