•  25 Apr 2024
  •  ദീപം 57
  •  നാളം 7
ഈശോ F r o m t h e B i b l e

സ്‌നാനം

കാലങ്ങളായി താന്‍ കാത്തുകിടന്നവന്റെ പാദങ്ങള്‍ തന്നിലെ തണുനീരില്‍ നനഞ്ഞ മാത്രയില്‍ ജോര്‍ദാന്‍ നദിക്ക് ആത്മനിര്‍വൃതി. താന്‍ ആര്‍ക്കുവേണ്ടി വഴിയൊരുക്കിയോ അവനു സ്‌നാനം നല്കിയതില്‍ യോഹന്നാന്‍ നിവ്യായ്ക്ക് കര്‍മസാഫല്യം. തുടക്കത്തിന്റെ ഭാഗമാണു സ്‌നാനം. യാത്രയ്ക്കുമുമ്പ് നാം സാധാരണ കുളിക്കാറുണ്ട്. കുഞ്ഞാടായവനും ഒരു കുളിയോടെയാണ് തന്റെ പ്രയാണമാരംഭിച്ചത്. വാനിടത്തിന്റെ വാതായനം തുറന്ന് സ്വര്‍ഗീയപിതാവ് അവന്‍ തന്റെ പ്രിയസുതനെന്നു സാക്ഷ്യമേകി. സ്‌നാനം പുതുമയുടെ അനുഭവം നല്കുന്നുണ്ട്. തന്റെ ജ്ഞാനസ്‌നാനത്തില്‍ നല്കപ്പെട്ട പുതുമയും പരിശുദ്ധിയും കുരിശോളം അവന്‍ കാത്തുസൂക്ഷിച്ചു. നമ്മുടെ ജ്ഞാനസ്‌നാനസമയത്തും നാം കണ്ടില്ലെങ്കിലും സ്വര്‍ഗം തുറക്കുകയും ആത്മാവ് ആവസിക്കുകയും ചെയ്തിരുന്നു. നാം കേട്ടില്ലെങ്കിലും ദൈവം തന്റെ ഓമനയെന്ന് നമ്മെയും വിളിച്ചിരുന്നു. മാമ്മോദീസാവേളയില്‍ നാമും സ്വര്‍ലോകത്തിനു സംപ്രീതരായവരാണ്. ആ പ്രീതി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ? ആത്മശരീരങ്ങളുടെ നൈര്‍മല്യത്തിന്റെ അടയാളമായി അന്നു നമ്മെ അണിയിച്ച വെള്ളവസ്ത്രത്തില്‍ പാപത്തിന്റെ പുള്ളിക്കറകള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ അനുതാപത്തിന്റെ അശ്രുധാരയില്‍ കഴുകിവെടിപ്പാക്കാം.
'ഇപ്പോള്‍ സമ്മതിക്കുക' എന്ന യേശുവിന്റെ വാക്കുകള്‍ നാം ദൈവഹിതത്തിനു മുന്‍ഗണന കൊടുക്കണമെന്നും, ഓരോ മാമ്മോദീസയും ദൈവികപദ്ധതിയുടെ ഭാഗമാണെന്നും നമ്മെ ഓര്‍മിപ്പിക്കുന്നു. നമ്മുടെ അസൗകര്യങ്ങളും ന്യായവാദങ്ങളും നമ്മെക്കുറിച്ചുള്ള ദൈവികപദ്ധതിക്കു തടസ്സമാകാതിരിക്കണം. ജ്ഞാനസ്‌നാനം ജ്ഞാനത്തിലുള്ള സ്‌നാനമാണ്. ദൈവത്തെക്കുറിച്ചുള്ള അറിവാണ് ഏറ്റവും ഉത്കൃഷ്ടമായത്. അതില്‍ അനുദിനം വളരുക. നാം സ്വീകരിച്ച മാമ്മോദീസ കഴിഞ്ഞുപോയ കേവലമൊരു കൂദാശയല്ല. അനുനിമിഷം ജീവിക്കേണ്ട അവസ്ഥയാണ്, അന്തസ്സാണ്, നമ്മുടെയൊക്കെ വിശ്വാസജീവിതപുസ്തകത്തിന്റെ ആദ്യത്തെ അധ്യായമാണ്. അതില്‍ നമുക്ക് ഒരു പേരും പദവിയുമൊക്കെ നല്കപ്പെട്ടു. മാമ്മോദീസായിലൂടെ ദൈവം നമ്മെയും അഭിഷേചിക്കുകയായിരുന്നു. നമ്മുടെ ക്രിസ്തീയവിശ്വാസജീവിതയാത്രയുടെ തുടക്കം അവിടെയായിരുന്നു. മാമ്മോദീസാത്തൊട്ടിയില്‍ തുടങ്ങി മരണക്കട്ടില്‍വരെയുള്ള മണ്ണിലെ നമ്മുടെ ജീവിതം ജ്ഞാനസ്‌നാനത്തിന്റെ പ്രസാദവരത്തിലുള്ള ഒന്നായിരിക്കണം. ജീവിതമാകുന്ന ജോര്‍ദാനില്‍ പശ്ചാത്താപത്തിന്റെ ജലം ധാരാളമുണ്ടാവണം. അവിടെ രക്ഷകന്‍ തീര്‍ച്ചയായും നടന്നെത്തും. നമുക്കു മീതെ നാകവും തുറക്കപ്പെടും.

 

Login log record inserted successfully!