•  28 Mar 2024
  •  ദീപം 57
  •  നാളം 4
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

പുരാണം വളച്ചൊടിച്ചപ്പോള്‍

വിയായാലും ഗാനരചയിതാവായാലും പുരാണത്തില്‍ അവഗാഹം കൂടിയേ തീരൂ. അത് ആര്‍ജിക്കണമെങ്കില്‍ പുരാണസംബന്ധമായ കൃതികള്‍ ധാരാളം വായിക്കണം. എന്നാല്‍, ഉള്ളതു പറയട്ടെ, ഇന്നത്തെ പല ഗാനരചയിതാക്കള്‍ക്കും വായന വേണ്ടപോലെയില്ല. അതുകൊണ്ട് എന്തു സംഭവിക്കുന്നു? പുരാണകഥകള്‍ പലപ്പോഴും തന്നിഷ്ടപ്രകാരം വളച്ചൊടിക്കുന്നു. ഏറെ പ്രശസ്തമായ ഈ ഗാനം ശ്രദ്ധിക്കുക.
''എന്തേ കണ്ണനു കറുപ്പുനിറം
എന്തേ കണ്ണനിത്ര കറുപ്പുനിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ
കാളിയനെക്കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലൂ നിന്‍
ചുടുചുംബനമേറ്റതിനാലോ'' (ചിത്രം: ഫോട്ടോഗ്രാഫര്‍, രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം ജോണ്‍സണ്‍, ആലാപനം: യേശുദാസ്)
കണ്ണനു കറുപ്പുനിറം വരാനുള്ള കാരണമന്വേഷിക്കുന്ന ആ ഗാനം കേട്ടു തുടങ്ങുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നാം. എന്നാല്‍, ഗാനം പുരോഗമിക്കുന്തോറും മടുപ്പായി മാറും. കണ്ണനു കറുപ്പുനിറം എങ്ങനെ വന്നു എന്ന കാര്യത്തില്‍ രചയിതാവിനു തീരെ നിശ്ചയംപോരാ. അതുകൊണ്ടാണ്, അദ്ദേഹം ഈ ഗാനത്തിന്റെ പല്ലവിയില്‍ ചില സംശയങ്ങള്‍ ഉന്നയിക്കുന്നത്. 'കാളിന്ദിയില്‍ കുളിച്ചതിനാലോ' എന്നാണ് ആദ്യത്തെ ചോദ്യം. കളിന്ദപര്‍വതത്തില്‍നിന്ന് ഉദ്ഭവിച്ചതിനാലാണ് യമുനാനദിക്ക് കാളിന്ദി എന്ന പേരു വന്നുചേര്‍ന്നത്. കണ്ണന്‍ കാളിന്ദിയില്‍ കുളിക്കാറുണ്ട് എന്നതു ശരിതന്നെ. കാളിന്ദിയിലെ ജലം കറുത്തുപോയതിനും പുരാണത്തിന്റെ പിന്‍ബലമുണ്ട്. എന്നുകരുതി അവിടെ കുളിച്ച കണ്ണന്‍മാത്രം എന്തേ കറുത്തുപോയി? അങ്ങനെയാണെങ്കില്‍ അവിടെ സ്‌നാനം ചെയ്ത ഗോപന്മാരും ഗോപികമാരും മുഴുവന്‍ കറുത്തുപോകേണ്ടതല്ലേ? അപ്പോള്‍ അതല്ല കാര്യം.  
'കാളിയനെ കൊന്നതിനാലാണോ' എന്നതാണ് പാട്ടെഴുത്തുകാരന്റെ അടുത്ത ചോദ്യം. ഇതുകേട്ട് പുരാണമറിയാവുന്ന ആരും ഞെട്ടിപ്പോയിട്ടുണ്ടാവണം. കാളിയനെ ആരുകൊന്നു? ആരും കൊന്നില്ല എന്നതാണു പരമാര്‍ത്ഥം. പിന്നെ എന്താണു സംഭവിച്ചത്? കാളിന്ദിയില്‍ ശരണം പ്രാപിച്ച കാളിയന്റെ വിഷജ്വാലയേറ്റ് ആ നദീതീരത്തെ വൃക്ഷലതാദികളെല്ലാം വാടിക്കരിഞ്ഞു; ജലം വിഷമയമായി. ജീവജാലങ്ങള്‍ക്കു പാനയോഗ്യമല്ലാതായി. ഒരിക്കല്‍ ആ നദീജലം കുടിച്ച് ഗോക്കളും ഗോപാലന്മാരും ബോധംകെട്ടുവീണപ്പോള്‍ കൃഷ്ണന്‍ കദംബവൃക്ഷത്തില്‍ കയറി അവിടെനിന്ന് ആറ്റിലേക്കു ചാടി. ക്രോധാവിഷ്ടനായി പാഞ്ഞടുത്ത കാളിയന്റെ പത്തികളില്‍ കയറിനിന്നു കൃഷ്ണന്‍ നൃത്തം ചവിട്ടി. അതാണ് പ്രശസ്തമായ കാളിയമര്‍ദനം. കാളിയന്‍ അവശനായപ്പോള്‍ അവന്റെ പത്‌നിമാരും മക്കളും കൃഷ്ണനെ അഭയം പ്രാപിച്ചു. ദീനദയാലുവായ കൃഷ്ണന്‍  കാളിയനോടു ഭാര്യമാരെയും മക്കളെയുംകൂട്ടി ശേഷിച്ചകാലം സമുദ്രമധ്യത്തിലുള്ള രമണകദ്വീപില്‍പോയി താമസിച്ചുകൊള്ളാന്‍ നിര്‍ദേശിച്ചു. അങ്ങനെ കണ്ണന്‍ കാളിയനെ കൊല്ലാതെവിട്ടു എന്നു പുരാണം പറയുമ്പോള്‍, ഈ ഗാനരചയിതാവുമാത്രം കണ്ണനെ കൊലപാതകിയാക്കി മാറ്റി.  
'ശ്യാമ' എന്ന വിശേഷണപദത്തിന് കറുത്ത എന്നര്‍ഥം. ലോകത്തൊരിടത്തും ഒരാളും രാധ കറുത്തവളാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഈ പ്രിയഗാനരചയിതാവല്ലാതെ മറ്റാരും 'ശ്യാമരാധേ' എന്നു സംബോധന ചെയ്തു കേട്ടിട്ടോ കണ്ടിട്ടോ ഇല്ല. കാമശാസ്ത്രമെഴുതിയ വാത്സ്യായനന്‍ പറയുന്നു, ചുംബനമേറ്റാല്‍ കറുക്കുകയല്ല ചുവക്കുകയാണെന്ന്. അപ്പോള്‍ ആ വാദവും ശരിയല്ല.
കണ്ണന്‍ കറുത്തുപോയതിന്റെ കാരണം 'പുരാണിക് എന്‍സൈക്ലോപീഡിയ' എഴുതിയ വെട്ടം മാണി വളരെ വ്യക്തമായി പറയുന്നുണ്ട്. ദേവന്മാര്‍ സങ്കടനിവേദനം നടത്തിയ സമയത്തു മഹാവിഷ്ണു തന്റെ രണ്ടു ശിരോരോമങ്ങള്‍ പിഴുതു നിലത്തിട്ടു; ഒന്നു കറുത്തതും മറ്റൊന്നു വെളുത്തതും. കറുത്തരോമം ദേവകിയിലും വെളുത്തതു രോഹിണിയിലും പ്രവേശിച്ച് യഥാക്രമം കൃഷ്ണനും ബലരാമനുമായി ജന്മംകൊണ്ടു. മഹാഭാരതം ആദിപര്‍വത്തെ ഉദ്ധരിച്ചുകൊണ്ടാണ് ഈ കഥ വെട്ടം മാണി വിവരിച്ചിട്ടുള്ളത്.
 നോക്കൂ, കണ്ണനു കറുപ്പുനിറം എങ്ങനെ ലഭിച്ചു എന്ന് അന്വേഷിക്കാന്‍ തുനിഞ്ഞ് സ്വയം അപമാനിതനായി മാറി ഈ പാട്ടെഴുത്തുകാരന്‍. വെട്ടം മാണിയുടെ പുരാണനിഘണ്ടു ഒന്നു മറിച്ചുനോക്കിയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇത്രമാത്രം അമളി പറ്റുകയില്ലായിരുന്നു. ശാന്തം പാപം!

 

Login log record inserted successfully!