•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

വിരഹിയും വിരഹിണിയും

വിരഹം പ്രമേയമായി വരുന്ന ഒരു വിഭാഗം കാവ്യങ്ങള്‍ പണ്ടുണ്ടായിരുന്നു. സന്ദേശകാവ്യങ്ങള്‍ എന്ന പേരിലാണ് അവ അറിയപ്പെട്ടത്. വിരഹാര്‍ത്തനായ നായകന്‍ അതേ അവസ്ഥയിലുള്ള നായികയ്ക്കു ദൂതന്‍വഴി സന്ദേശം നല്‍കലാണ് സന്ദേശകാവ്യങ്ങളുടെ പൊതുസ്വഭാവം. സന്ദേശഹരന്‍, സന്ദേശം, യാത്രാവര്‍ണന, നായികാവര്‍ണന എന്നിങ്ങനെ കൃത്യമായി വികസിക്കുന്ന കഥാതന്ത്രം സന്ദേശകാവ്യങ്ങള്‍ക്കുണ്ട്. മലയാളത്തിലുണ്ടായ സന്ദേശകാവ്യങ്ങളില്‍ പ്രമുഖമായത് ഉണ്ണുനീലിസന്ദേശമാണ്. അജ്ഞാതകര്‍ത്തൃകമായ ഈ കൃതിയുടെ രചനാകാലം 14-ാം നൂറ്റാണ്ടിന്റെ മൂന്നാം പാദമാണെന്നു കരുതപ്പെടുന്നു.
പല കാരണങ്ങളാല്‍ രണ്ടിടത്താകുന്ന നായികയും നായകനും അനുഭവിക്കേണ്ടിവരുന്ന വിരഹ(വിയോഗം)മാണ് സന്ദേശകാവ്യങ്ങളുടെ ഘടനയെ നിയന്ത്രിക്കുന്നത്. പ്രിയജനങ്ങള്‍ തമ്മിലുള്ള വേര്‍പാടാണ് യഥാര്‍ത്ഥത്തില്‍ വിരഹം. വിരഹം അനുഭവിക്കുന്ന പുരുഷന്‍ വിരഹിയും വിരഹം അനുഭവിക്കുന്ന സ്ത്രീ വിരഹിണിയുമാകുന്നു. വിരഹി പുല്ലിംഗവും വിരഹിണി സ്ത്രീലിംഗവുമാണ്. അതായത്, നായകനെ വിരഹി എന്നും നായികയെ വിരഹിണി എന്നും വ്യവഹരിക്കണം. വിരഹിയായ ഉണ്ണുനീലി എന്നല്ല, വിരഹിണിയായ ഉണ്ണുനീലി എന്നാണ് എഴുതേണ്ടത്. വിരഹി, വിരഹിണി എന്നീ നാമപദങ്ങള്‍ക്ക് ഇഷ്ടജനത്തെ വേര്‍പെട്ടവന്‍ എന്നും ഇഷ്ടജനത്തെ വേര്‍പെട്ടവള്‍ എന്നും യഥാക്രമം അര്‍ത്ഥം പറയാം. ''വിരഹി - ആരാണ് ഇത്? പ്രിയജനങ്ങള്‍ തമ്മിലുള്ള വേര്‍പാടാണ് വിരഹം. അത് അനുഭവിക്കുന്ന ആള്‍ വിരഹി. കൃത്യമായിപ്പറഞ്ഞാല്‍, പുരുഷനാണ് വിരഹി. സ്ത്രീയോ? വിരഹം അനുഭവിക്കുന്ന സ്ത്രീ, വിരഹിണിയാണ്. വിരഹിയായ ലീല എന്നല്ല, വിരഹിണിയായ ലീല എന്നുതന്നെ വേണം പ്രയോഗിക്കുക''* എന്നെഴുതിയ വി.കെ. നാരായണന്‍, വിരഹിയും വിരഹിണിയും തമ്മിലുള്ള രൂപപരവും അര്‍ഥപരവുമായ അന്തരം ചൂണ്ടിക്കാണിച്ചിരിക്കുന്നു. ''വിരഹിണീ നീ വാര്‍ക്കും കണ്ണുനീര്‍'' (ഈ ഗാനം മറക്കുമോ) എന്ന് ശരിയായ വിവക്ഷിതത്തില്‍ ഒ.എന്‍.വി. പ്രയോഗിച്ചിട്ടുണ്ട്.
*നാരായണന്‍ വി.കെ., വാക്കിന്റെ ഇരുളും പൊരുളും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2020, പുറം -104

 

Login log record inserted successfully!