നസറത്തിലെ കൊച്ചുവീട്ടില്‍ മാതാപിതാക്കളുടെ സംരക്ഷണത്തിലും ശിക്ഷണത്തിലും ബാലനായ യേശു വളര്‍ന്നുവന്നു. അംബരമേഘങ്ങളില്‍നിന്ന് അടര്‍ന്നുവീണവനല്ല; മറിച്ച്, ഏതൊരു മനുഷ്യക്കുരുന്നിനെയുംപോലെ മണ്ണിന്റെ മാറില്‍ വളര്‍ന്നവനാണവന്‍. പ്രജ്ഞാനത്തിലും പ്രായത്തിലും പ്രീതിയിലുമുള്ള ഒരു വളര്‍ച്ചയായിരുന്നു അവന്റേത്. അതുകൊണ്ടുതന്നെ അവനെ വീക്ഷിച്ചവരൊക്കെ ആശ്ചര്യപ്പെട്ടു. വാഴ്‌വില്‍ വളര്‍ന്ന അവന്‍ പൂഴിപ്പരപ്പിലൂടെ പിച്ചവച്ചു. മണ്ണില്‍നിന്നല്ലാത്തവന്റെ മേനിയില്‍ മണ്ണുപറ്റി. അമ്മയുടെ ഉമ്മകളോടൊപ്പം നുള്ളുകളും ശകാരങ്ങളുമൊക്കെ അവനു കിട്ടിയിട്ടുണ്ടാവും. വളര്‍ത്തുപിതാവിന്റെ വാത്സല്യത്തോടൊപ്പം വഴക്കുകളും ലഭിച്ചിട്ടുണ്ടാവും. അവന്റെ വളര്‍ച്ചയുടെ അതുല്യതയും അതിന്റെ വിവിധ തലങ്ങളും ഒരുപിടി പാഠങ്ങള്‍ നമുക്കു പറഞ്ഞുതരുന്നുണ്ട്. ജ്ഞാനത്തിലുള്ള തന്റെ വളര്‍ച്ചയില്‍അറിയേണ്ട കാര്യങ്ങള്‍ അവനറിഞ്ഞു. താന്‍ ജ്ഞാനസ്വരൂപന്‍ ആയിരുന്നിട്ടും അറിവില്‍ അപൂര്‍ണരായ മനുഷ്യരുടെ അധ്യാപനത്തിന് അവന്‍ സ്വയം വിധേയപ്പെട്ടു. പ്രായത്തിലുള്ള വളര്‍ച്ചയില്‍ വെറുതെ വയസ്സു വര്‍ദ്ധിപ്പിക്കുകയോ പിറന്നാളുകളുടെ എണ്ണം കൂട്ടുകയോ അല്ല, പിന്നെയോ, പക്വതയിലേക്കടുക്കുകയാണ് അവന്‍ ചെയ്തത്. പക്വത, മനവും മേനിയും പാകമാകുന്ന അവസ്ഥയാണ്. പ്രീതിയിലുള്ള വളര്‍ച്ചയില്‍ വിണ്ണിനും മണ്ണിനും പ്രിയപാത്രമായി അവന്‍ മാറി. പ്രായത്തിലുള്ള വളര്‍ച്ച സ്വയമേ സംഭവിക്കുന്ന ഒന്നാണ്. ജ്ഞാനത്തിലുള്ളത് ഒരാളുടെ സ്വന്തം പരിശ്രമത്തിലൂടെയുള്ളതാണ്. എന്നാല്‍, പ്രീതി മറ്റുള്ളവര്‍ക്കു നമ്മോടു തോന്നേണ്ട ഒന്നാണ്; നമ്മുടെ വ്യക്തിത്വത്തിനു മീതേ ചുറ്റുമുള്ളവര്‍ പതിപ്പിക്കുന്ന ഒരു കുറിപ്പടി.
നാളിതുവരെയുള്ള ജീവിതത്തില്‍ നാമും ഏറെ വളര്‍ന്നവരല്ലേ? കേവലം തൂക്കത്തില്‍ മാത്രമുള്ള ഒന്നാണോ നമ്മുടെ വളര്‍ച്ച? അറിയേണ്ടവ നമുക്കറിയാമോ അതോ, വെറും അലങ്കാരയോഗ്യതകള്‍ മാത്രമാണോ നമുക്കുള്ളത്? ഓര്‍ക്കണം, ദൈവികമായ ജ്ഞാനമാണ് സര്‍വപ്രധാനം. ചിന്തകളിലും ചെയ്തികളിലും വാക്കുകളിലും പക്വത അവകാശപ്പെടാന്‍ നമുക്കു കഴിയുമോ? മന്നും മാനവും നമ്മെ നോക്കി സന്തോഷിക്കാറുണ്ടോ? നമ്മുടെ വളര്‍ച്ച ആരുടെയെങ്കിലുമൊക്കെ നന്മയ്ക്ക് ഉപകരിക്കുന്നുണ്ടോ? ബാലനായ യേശുവിനെക്കുറിച്ചെന്നപോലെ നമ്മെക്കുറിച്ചും ആര്‍ക്കെങ്കിലും കുറിക്കാനാവുമോ? ഇല്ലെങ്കില്‍ ഖേദിക്കണം. നാം ഭുജിച്ചുതീര്‍ത്ത ഭക്ഷണപാനീയങ്ങള്‍ വെറും ഉച്ഛിഷ്ടങ്ങള്‍ മാത്രമായിരുന്നു; പിന്നിട്ടത് കുറെ പാഴ്ദിനങ്ങളും. ജ്ഞാനത്തിലും പ്രായത്തിലും പ്രീതിയിലും വളരാനുള്ള അവസരങ്ങള്‍ വൃഥാ കളയരുത്. നമ്മുടെ വളര്‍ച്ചയുടെ വഴികളെ വിശുദ്ധീകരിക്കണമേയെന്നു പ്രാര്‍ത്ഥിക്കാം. ഒപ്പം, നമ്മെ ഇത്രത്തോളം വളര്‍ത്തിയവരെ വിസ്മരിക്കരുത്. നമ്മുടെ ശിക്ഷണത്തിന് ഏല്പിക്കപ്പെട്ടവരെ ശരിയായ ദിശയില്‍ വളര്‍ത്തിക്കൊണ്ടുവരാം. അവരോടുള്ള കടമകളില്‍ വെള്ളം കൂട്ടാതിരിക്കാം. മറ്റുള്ളവരെയും വളരാന്‍ അനുവദിക്കാം. നമ്മുടെ വളര്‍ച്ച ആരുടെയും തളര്‍ച്ചയ്ക്കും വിളര്‍ച്ചയ്ക്കും കാരണമാകരുത്. വളരുന്നവരും വളര്‍ത്തുന്നവരുമായി മാറാന്‍ ക്രിസ്തു നമുക്കു പ്രചോദനമേകട്ടെ.