കേരളത്തിന്റെ ഔദ്യോഗികപക്ഷിയാണു മലമുഴക്കിവേഴാമ്പല്‍. മല മുഴക്കുന്നതുപോലെ ചിറകടിച്ചു ശബ്ദമുണ്ടാക്കിയുള്ള പറക്കലാണു മലമുഴക്കിവേഴാമ്പല്‍ എന്ന പേരിനാധാരം. വലുപ്പത്തിലും പറക്കുമ്പോഴുള്ള ശബ്ദത്തിലും ഒരു ഹെലികോപ്റ്ററിനെ ഓര്‍മിപ്പിക്കുന്നു ഇത്. രാജകീയപ്രൗഢിയുള്ള വേഴാമ്പലുകളില്‍ ഏറ്റവും വലുതും സുന്ദരനുമാണ് മലമുഴക്കിവേഴാമ്പല്‍. കോഴിവേഴാമ്പല്‍, നാട്ടുവേഴാമ്പല്‍, പാണ്ടന്‍ വേഴാമ്പല്‍ എന്നിവയാണ് മറ്റിനങ്ങള്‍.
പശ്ചിമഘട്ടത്തിലെ മഴക്കാടുകളിലാണ് മലമുഴക്കികളെ പ്രധാനമായും കാണുക. നിത്യഹരിതവനങ്ങളുടെ കുറവ് ഇവയുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ ഇവ വംശനാശഭീഷണിയിലാണ്. ഇവയുടെ ഏറ്റവും വലിയ ശത്രു മനുഷ്യന്‍ തന്നെ.
കൂട് ഏറ്റവുമധികം വൃത്തിയായി സൂക്ഷിക്കുന്ന പക്ഷിയാണു മലമുഴക്കി. മുട്ടയിടാനായി ഏറ്റവും ഉയരം കൂടിയ മരത്തിന്റെ പൊത്തു തിരഞ്ഞെടുക്കുന്നു. മുട്ടവിരിഞ്ഞ് കുഞ്ഞ് പറക്കാനായാല്‍ മാത്രമേ പെണ്‍പക്ഷി പുറത്തുവരൂ. കൊക്കു മാത്രം പുറത്തുവരത്തക്കവിധമാണു കൂട്ടിലിരിക്കുക. സ്ഥിരം ശത്രുക്കളായ പാമ്പ്, കുരങ്ങന്മാര്‍, കഴുകന്മാര്‍ എന്നിവയില്‍നിന്നുള്ള രക്ഷയാണു ലക്ഷ്യം. ഇക്കാലമത്രയും പെണ്‍പക്ഷിക്കും മുട്ടവിരിഞ്ഞശേഷം കുഞ്ഞിനും ഭക്ഷണമെത്തിക്കേണ്ട ചുമതല ആണ്‍പക്ഷിക്കാണ്. മക്കളോടും ഭാര്യയോടുമുള്ള വേഴാമ്പലിന്റെ സ്‌നേഹം അന്യാദൃശമത്രേ.
~ഒരു മാസമാണ് അടയിരിക്കല്‍ക്കാലം. ഒരു മീറ്ററിലധിക നീളവും അതിനൊത്ത തൂക്കവുമുള്ള വേഴാമ്പലുകള്‍ ലോകത്തെ ഏറ്റവും വലിയ ചുണ്ടുകളുള്ള പക്ഷികളിലൊന്നാണ്. കൊക്കിന്റെ മുകളില്‍ ഉയര്‍ന്നു കാണുന്ന മകുടം കോഴിവേഴാമ്പല്‍ ഒഴികെയുള്ളവയുടെ പ്രത്യേകതയാണ്. കടുംമഞ്ഞ കൊക്കും മകുടവുമായി വര്‍ണശബളമാണ് മലമുഴക്കിയുടെ രൂപം. മരക്കൊമ്പില്‍നിന്നു നാലഞ്ചുതവണ ചാടുന്നതും രണ്ടുമൂന്നു തവണ ചിറകടിച്ചു പറക്കുന്നതും പ്രത്യേകതയാണ്. ധാരാളം പഴങ്ങളും മറ്റും തിന്നുന്നതിനാല്‍ സാധാരണഗതിയില്‍ വേഴാമ്പലുകള്‍ക്കു വെള്ളം കുടിക്കേണ്ടി വരുന്നില്ല. വേഴാമ്പല്‍ വെള്ളം കുടിക്കാന്‍ സദാ മഴ നോക്കി തപം ചെയ്യുന്നൊരു പ്രത്യേകതരം പക്ഷിയാണെന്ന സങ്കല്പത്തില്‍ ഒരു കഴമ്പുമില്ല.
പ്രധാന ആഹാരം പഴങ്ങളാണെങ്കിലും പ്രാണികളെയും കീടങ്ങളെയും കഴിക്കാറുണ്ട്. ലോകത്താകെ 45 ഇനം വേഴാമ്പലുകള്‍ കാണപ്പെടുന്നു.