•  30 Mar 2023
  •  ദീപം 56
  •  നാളം 5
ഈശോ F r o m t h e B i b l e

മടക്കം

മാനവവിമോചകന്‍ മടങ്ങിവന്നു. ഒളിയിടത്തില്‍ ഒടുങ്ങേണ്ടതായിരുന്നില്ല വാഴ്‌വിലെ അവന്റെ ജീവിതം. അവനു വാഗ്ദാനങ്ങള്‍ പാലിക്കാനും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനും മുറവിളികള്‍ക്കു മറുപടി പറയാനും വിലാപങ്ങള്‍ക്കു വിരാമമിടാനുമുണ്ടായിരുന്നു. അതുകൊണ്ട്, അപായത്തിന്റെ അന്ധകാരം അകന്നപ്പോള്‍ അനര്‍ത്ഥങ്ങള്‍ ക്രമംതെറ്റാതെ കാത്തിരുന്നയിടത്തേക്ക് അവന്‍ തിരികെയെത്തി. അവന്‍ മടങ്ങിയെത്തിയത് താന്‍ യഥാര്‍ത്ഥത്തില്‍ ആയിരിക്കേണ്ട ഇടത്തേക്കാണ്. അത്ര സുഖമൊന്നും ഉണ്ടായിരുന്ന സ്ഥലമായിരു ന്നില്ല അത്. എങ്കിലും അവന്‍ അതിനു തിരുമനസ്സായി. നമുക്കും നമ്മുടെ രക്ഷയ്ക്കുംവേണ്ടിയാണ് അവന്‍ തിരിച്ചുവന്നത്. ജീവിതത്തില്‍ ചില അകലങ്ങളില്‍നിന്നൊക്കെ തിരികെ നടക്കേണ്ടതായുണ്ട്. ഒരുപക്ഷേ, നമ്മില്‍നിന്നുതന്നെ നാം ഏറെ അകന്നിട്ടുണ്ടാവാം. ദൈവമക്കള്‍ എന്നുള്ള മൗലികമായ അന്തസ്സിന്റെ ആദിനൈര്‍മല്യത്തില്‍നിന്ന്, സ്‌നേഹത്തിന്റെ ഊഷ്മളതയില്‍നിന്ന്, കടമകളില്‍നിന്ന്, കടപ്പാടുകളില്‍നിന്ന് ദൂരെയായിട്ടുണ്ടാവാം. പാപജീവിതത്തില്‍നിന്നു ദൈവസാന്നിധ്യത്തിലേക്കും, ശിഥിലീകരണത്തില്‍നിന്നു കുടുംബത്തിന്റെ കെട്ടുറപ്പിലേക്കും, അശുദ്ധിയില്‍നിന്നു വ്യക്തിബന്ധങ്ങളുടെ വിശുദ്ധിയിലേക്കും, സുഖഭോഗങ്ങളില്‍നിന്നു ചില പരിത്യാഗങ്ങളിലേക്കുമൊക്കെ മടക്കയാത്ര ചെയ്യാം.
അകല്‍ച്ചകള്‍ ഉണ്ടാവുക സ്വാഭാവികം. പക്ഷേ, അവ താത്കാലികം മാത്രമായിരിക്കണം. തിരികെനടക്കേണ്ടവരാണ് നാം എന്നുള്ള സത്യം വിസ്മരിക്കരുത്. അതിനായി ദൈവം ആരിലൂടെയെങ്കിലുമൊക്കെ നമുക്കു മുന്നറിയിപ്പു തരുമ്പോള്‍ അതിനെ സ്വീകരിക്കുകയും അതിനോടു സഹകരിക്കുകയും വേണം. ഓര്‍ക്കണം, ഏറ്റവും വിദൂരവും ആപത്കരവുമായ അകല്‍ച്ച അകൃത്യങ്ങള്‍ വഴിയായി ദൈവത്തില്‍നിന്നുള്ളതുതന്നെയാണ്. മനസ്താപത്തോടെ മടങ്ങിവരാന്‍ മടിക്കരുത്. പാപപരിഹാരത്തിന്റെ പാതയിലൂടെ പാപമോചകനായവന്റെ പാദാന്തികത്തിലേക്കു തിരികെയെത്താനാണ് നമ്മുടെ ആത്മീയാഭ്യാസങ്ങള്‍ ആത്യന്തികമായി നമ്മെ പ്രേരിപ്പിക്കേണ്ടതും പ്രബലരാക്കേണ്ടതും. കര്‍ത്തൃസവിധത്തിലേക്കുള്ള കാല്‍നടയാത്രയുടെ മറുനാമമാണ് നോമ്പ്. നമ്മുടെ തിരിച്ചുവരവിനെ ആശ്രയിച്ചാണ് നമ്മുടെയും മറ്റു പലരുടെയും രക്ഷ. തിരിഞ്ഞുനടക്കാന്‍ നാം വിസമ്മതിക്കുന്ന, വൈകുന്ന ഓരോ നിമിഷവും ആത്മനാശത്തിലേക്കുള്ള നമ്മുടെ യാത്രയെ കൂടുതല്‍ ത്വരിതമാക്കുകയേയുള്ളൂ. ആകയാല്‍, നമ്മുടെ മടക്കയാത്ര കാത്തിരിക്കുന്ന ഒരു ദൈവവും ഒരുപിടി മനുഷ്യജന്മങ്ങളും ഉണ്ടെന്ന് എപ്പോഴും ഓര്‍മിക്കാം. അരുതാത്തവയുടെ അടിമത്തത്തില്‍നിന്നുള്ള മടക്കയാത്രകള്‍ ആത്മീയജീവിതത്തില്‍ അനിവാര്യമാണ്. നന്മയിലേക്കു തിരിച്ചുവരുന്നവര്‍ക്കുവേണ്ടിയാണ് നവജീവിതത്തിന്റെ മോതിരവും മെതിയടികളും മൃദുലവസ്ത്രങ്ങളും വിരുന്നുമൊക്കെ ഒരുക്കപ്പെട്ടിരിക്കുന്നത്. ഇത്തരം തിരിച്ചറിവുകളുമായി വക്രവഴികളില്‍നിന്ന് നേരിന്റെ നേര്‍വഴികളിലേക്കു തിരികെവരാന്‍ നമുക്കു ധൈര്യപ്പെടാം.