പാതിരാവില്‍ പരദേശത്തേക്കു പ്രാണരക്ഷാര്‍ത്ഥം ഒരു പലായനം. കുഞ്ഞായിപ്പിറന്ന രക്ഷകനെ വൈരിയുടെ വാള്‍ത്തലയില്‍നിന്നു രക്ഷിക്കാന്‍ കച്ചിക്കിടക്കയില്‍നിന്നെടുത്ത് കച്ചക്കീറില്‍ പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള പാവം രക്ഷിതാക്കളുടെ പരക്കംപാച്ചില്‍. മിഴിതുറന്ന മാത്രയില്‍ ആ പൊടിക്കുഞ്ഞിന്റെ മുന്നില്‍ തെളിഞ്ഞത് ഭയത്തിന്റെ നിഴല്‍. ജീവദായകനു ജനിച്ചുവീണപ്പോള്‍ത്തന്നെ ജീവാപായം. ഒരുപിടി ഓര്‍മപ്പെടുത്തലുകളും താക്കീതുകളും നല്കുന്ന ഒരു ഓടിപ്പോകലായിരുന്നു അത്. വിനാശകരങ്ങളായ സകല സാഹചര്യങ്ങളില്‍നിന്നും അകന്നുപോകാനുള്ള ആഹ്വാനവുമായിട്ടാണ് അവന്‍ വന്നത്. അവന്റെ അനുഗാമികളായ നമ്മുടെ വിശ്വാസജീവിതത്തില്‍ പിശാചിന്റെ പദ്ധതികള്‍ കാലേകൂട്ടി മനസ്സിലാക്കാനുള്ള പാടവം പല വ്യക്തികളിലൂടെയും അവസരങ്ങളിലൂടെയും ദൈവം നല്കുന്നുണ്ട്. അവയെ യഥോചിതം തിരിച്ചറിയാനും അവയോടു ക്രിയാത്മകമായി പ്രതികരിക്കാനും കഴിയുക എന്നതാണു പ്രധാനം. ആത്മീയജീവിതത്തില്‍ ശത്രുവിന്റെ കെണികളായി ഭവിക്കുന്ന അപായങ്ങളില്‍നിന്നെല്ലാം പ്രതിനിമിഷം ഒരു പലായനം നമുക്കാവശ്യമാണ്.
പലായനത്തിന്റെ പാതയില്‍ വലിയ പാലനത്തിന്റെ വല വിരിച്ചിട്ടുണ്ട്. നമുക്കു തുണയായവന്റെ തണലിലൂടെയായിരിക്കും തീര്‍ച്ചയായും നമ്മുടെ പ്രയാണം. കര്‍ത്താവിന്റെ കരുതുന്ന കരങ്ങള്‍ നാം അനുഭവിച്ചറിഞ്ഞ അവസരങ്ങളുടെ ഏതെങ്കിലുമൊരു അധ്യായം ആയുസ്സിന്റെ പുസ്തകത്തിലുണ്ടാവും. ദൈവം നമുക്കായി മാത്രം നിയോഗിച്ച ആരുടെയൊക്കെയോ ആകുലതകളും പ്രയത്‌നങ്ങളും പ്രാര്‍ത്ഥനകളും അതിന്റെ പിന്നില്‍ ഉണ്ടായിരുന്നില്ലേ? ജീവനു ഭീഷണിയായി വന്ന അത്യാഹിതങ്ങളാല്‍ ഒരുപക്ഷേ, നാം വെറുമൊരു ഓര്‍മയായി മാറാമായിരുന്നു. എന്നാല്‍, ഇന്നും നാം ജീവിക്കുന്നത് കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ കാക്കുന്ന ഒരു ദൈവം നമുക്കു പിന്നില്‍ ഉള്ളതുകൊണ്ടു മാത്രമാണ്. ആത്മീയജീവിതത്തില്‍ ചിലപ്പോള്‍ വര്‍ഷങ്ങളായി നമ്മെ വിട്ടുമാറാത്ത പാപത്തിന്റെ ബന്ധനം, അല്ലെങ്കില്‍ വല്ലാതെ വേട്ടയാടുന്ന സമാനമായ മറ്റേതെങ്കിലും പൈശാചികവിപത്തുകള്‍ എന്നിവയില്‍നിന്നൊക്കെ കരകയറാന്‍ നാം നടത്തിയ പരിശ്രമം ആത്മാവിന്റെ പ്രാണന്‍ പരിരക്ഷിക്കാനുള്ള നമ്മുടെ പലായനത്തിന്റെ ഭാഗമായിരുന്നു. മേലിലും പാപസാഹചര്യങ്ങളില്‍നിന്ന് ഓടിയകലാന്‍ ധൈര്യപ്പെടാം. ഓട്ടം ക്ലേശപൂര്‍ണമാണെങ്കിലും തലയ്ക്കുമീതേ തമ്പുരാന്‍ ഉണ്ടെന്നോര്‍ക്കാം. ഒപ്പം, നമ്മുടെ പരിപാലനയില്‍ ദൈവം ഏല്പിച്ചിരിക്കുന്നവരെ സംരക്ഷിക്കാം. അവരുടെയൊക്കെ തോളിനൊരു താങ്ങാകാം. ആര്‍ക്കും അപായഹേതുവാകാതിരിക്കാം. അകറ്റുന്നവരല്ല; മറിച്ച്, അടുപ്പിക്കുന്നവരാകാം. ഭീഷണിയുടെ ഭാഷണമല്ല, പിന്നെയോ, സാന്ത്വനത്തിന്റെ സംഭാഷണമാണ് നമുക്ക് ഇനിമേല്‍ ഭൂഷണമാകേണ്ടത്.