•  2 May 2024
  •  ദീപം 57
  •  നാളം 8
ഈശോ F r o m t h e B i b l e

അര്‍പ്പണം

റുസലേം ദൈവാലയത്തിലെ തിരക്കുകള്‍ക്കിടയില്‍ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ നടന്ന ലളിതമായ ഒരു സമര്‍പ്പണകര്‍മം. ദൈവസൂനുവിനെ എളിയവരായ മാതാപിതാക്കള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. സ്വര്‍ഗം സമ്മാനിച്ച കടിഞ്ഞൂല്‍ കുഞ്ഞിനെ കരങ്ങളില്‍ വാങ്ങി കര്‍ത്തൃസവിധത്തില്‍ത്തന്നെ കാണിക്കയായി വച്ചു. അവന്റെ അര്‍പ്പണം പലതിന്റെയും പ്രതീകമാണ്. പ്രധാനപ്പെട്ട പലതും അതിലൂടെ അവന്‍ നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. സമര്‍പ്പിതനായി മാറിയവന്റെ അനുയായികളായ നാമും സമ്പൂര്‍ണസമര്‍പ്പണത്തിന്റെ പാത പിന്തുടരേണ്ടവര്‍തന്നെ. നാമോരോരുത്തരും കാഴ്ചവയ്ക്കപ്പെടേണ്ടവരാണെന്നു പഠിപ്പിക്കാനാണ് അവന്‍ കാഴ്ചവയ്ക്കപ്പെട്ടത്. വിട്ടുകൊടുക്കലിലൂടെ മാത്രമേ വീണ്ടെടുക്കാനാവൂ എന്ന് അവന്‍ അറിഞ്ഞു. നാമും നമുക്കുള്ളവയും വെറും ഭിക്ഷയാണ്. ആകയാല്‍, അര്‍പ്പിതമാകേണ്ടവയാണ് അവയെല്ലാം. ധനവും ദാരിദ്ര്യവും അറിവും അജ്ഞതയും സുഖവും ദുഃഖവും നേട്ടവും കോട്ടവും അങ്ങനെ സകലവും സമര്‍പ്പിതമാകണം. മണ്ണിലെ നമ്മുടെ ജീവിതം സര്‍വശക്തനും സഹജീവികള്‍ക്കുമായി സമര്‍പ്പിക്കപ്പെടേണ്ട ഒന്നാണ്. അപ്പോള്‍ മാത്രമേ അതിന് അര്‍ത്ഥവും പൂര്‍ണതയും ഉണ്ടാവുകയുള്ളൂ.
അര്‍പ്പണം അത്ര എളുപ്പമുള്ള ഒന്നല്ല. വിട്ടുനല്കുമ്പോള്‍ പലതും നഷ്ടമാകും. കാണിക്ക കൊടുക്കുന്നവയൊക്കെ മറ്റൊരാളുടെ സ്വന്തമാകും. സകലേശന്റെ സ്വന്തമാകുക എന്നതില്‍ക്കൂടുതല്‍ ഏതു ഭാഗ്യമാണ് ഭൂമിയില്‍ കിട്ടാനുള്ളത്? നമ്മെത്തന്നെ കാണിക്കയേകാന്‍ നാണിക്കേണ്ട. കാരണം, കാലിത്തൊഴുത്തുമുതല്‍ കാല്‍വരിവരെ നമ്മുടെ മോചനത്തിനുവേണ്ടി കാണിക്കയായിത്തീര്‍ന്നവനാണ് നമ്മുടെ നാഥന്‍. കുഞ്ഞായിരുന്നപ്പോള്‍ നമ്മെയും ആരൊക്കെയോ വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ് കാണിക്ക വച്ചതല്ലേ?  നമ്മുടേതായ ജീവിതവിളികളുടെ അള്‍ത്താരകളില്‍ തുടര്‍സമര്‍പ്പണമായി ശിഷ്ടജീവിതം തീരട്ടെ. സമര്‍പ്പണം ഒരു തീറെഴുതിക്കൊടുക്കലാണ്. ഉള്ളവയും ഉണ്ടാകാനിരിക്കുന്നവയും ഒരുപോലെ ആര്‍ക്ക് അര്‍പ്പിക്കുന്നുവോ ആ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുള്ള വിട്ടുകൊടുക്കല്‍. ഏതൊരു ജീവിതാന്തസ്സും പരസ്പര അര്‍പ്പണമാകുന്ന അടിത്തറയിലാണ് പണിയപ്പെടേണ്ടത്. അല്ലാത്തപക്ഷം അതിന് അധികം ആയുസ്സുണ്ടാവില്ല. ദൈവത്തിന് എന്നപോലെ തന്നെ അന്യോന്യം അര്‍പ്പിതരാകാം. അപ്പോള്‍ ജീവിതബലിവേദികളില്‍ അനുനിമിഷം അര്‍പ്പിക്കപ്പെടുന്ന വിശുദ്ധകുര്‍ബാനകളായി നമ്മുടെ ജീവിതാവസ്ഥകള്‍ പരിണമിക്കും. മാതാപിതാക്കള്‍ ദിവസവും മക്കളുടെ നെറ്റിയില്‍ കുരിശുവരച്ച് അവരെ ദൈവത്തിനു സമര്‍പ്പിക്കുന്ന കുടുംബങ്ങളാകട്ടെ നമ്മുടേത്. ഒപ്പം, നമ്മുടേതായ ജീവിതതുറകളില്‍ നമുക്കു ഭരമേല്പിക്കപ്പെട്ടവരെ അനുനിമിഷം ദൈവസമക്ഷം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം. ഒരു സമ്പൂര്‍ണയര്‍പ്പണമായി വാഴ്‌വിലെ നമ്മുടെ ചെറുജീവിതങ്ങളെ മാറ്റിക്കൊണ്ട് സമര്‍പ്പണത്തിന്റെ സന്തോഷം അനുഭവിച്ചു മുന്നോട്ടുപോകാന്‍ പരിശ്രമിക്കാം.

 

Login log record inserted successfully!