സ്‌കൂള്‍തലത്തിലും കോളജുതലത്തിലും സര്‍വ്വകലാശാലാതലത്തിലും ആണ്ടുതോറും കലോത്സവങ്ങള്‍ നടക്കാറുണ്ട്. വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും കലോത്സവങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗപരമായ കഴിവുകള്‍ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് കലോത്സവങ്ങളുടെ ലക്ഷ്യം.
കൊറോണക്കാലം കലോത്സവങ്ങളെയും ബാധിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ടതോടെ കലോത്സവങ്ങള്‍ നടക്കാതായി. സമഗ്രശിക്ഷാ അഭിയാന്‍ ഉപജില്ലാതലത്തില്‍ കലോത്സവങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നല്ലതുതന്നെ! 'കലാ ഉത്സവ്' എന്നു പേരിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കലോത്സവം എന്ന സമസ്തപദത്തിന്റെ സന്ധിബന്ധം ശിഥിലമാക്കിയതുകൊണ്ടുള്ള പ്രയോജനം എന്താണെന്നു മനസ്സിലാകുന്നില്ല. ഉത്സവ് ഹിന്ദി വാക്കാണ്; മലയാളപദമാകണമെങ്കില്‍ ഉത്സവം എന്നെഴുതണം.
സംസ്‌കൃതസന്ധി നിയമപ്രകാരം കല + ഉത്സവം, കലോത്സവം എന്നാകും. ഗുണാദേശം എന്ന നിയമമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതായത്, അ + ഉ = ഓ. അങ്ങനെ കലാ, മലയാളത്തില്‍ കല + ഉത്സവം, കലോത്സവമാകുന്നു. 'കലാ ഉത്സവ്' എന്നെഴുതുമ്പോള്‍ അടിസ്ഥാന വ്യാകരണവ്യവസ്ഥതന്നെ തകരാറിലാകുന്നുണ്ട്. പര(അത്യന്ത)മായ സംനികര്‍ഷ(ചേര്‍ച്ച)യാണ് സംഹിത എന്നുള്ളത് പാണിനീയകാലം (ബിസി 600-300) മുതലുള്ള നിയമമാണ്*. അത് അഴിക്കാന്‍ ശ്രമിച്ചാല്‍ ഭാഷയുടെ ഘടനതന്നെ വ്യവസ്ഥാരഹിതമാകാം; ഭാഷ നാശോന്മുഖവുമാകാം.
വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും ഉള്‍പ്പെടെ പത്തുപതിനഞ്ചുലക്ഷം പേര്‍ പങ്കെടുക്കുന്ന 'മാമാങ്ക'മാണ് കലോത്സവം. അവരുടെയിടയില്‍ പ്രചരിക്കുന്ന സ്ഖലിതരൂപത്തെ പിന്നെ തിരുത്താനാവില്ല. നിയമങ്ങളെ വെല്ലുവിളിച്ചല്ല, പാലിച്ചാണ് പുതുമകള്‍ കൊണ്ടുവരേണ്ടത്. കലോത്സവം എന്നു ചേര്‍ത്തെഴുതുന്നതാണ് മലയാളത്തിനു നല്ലത്. സ്വാഭാവികമായി ചേര്‍ന്നുനില്‍ക്കുന്ന പദങ്ങളെ കൃത്രിമമായി പിരിച്ചെഴുതി ഭാഷയുടെ ഘടനതന്നെ പൊളിച്ചെഴുതരുത്. അങ്ങനെ ചെയ്യുന്നതിന്റെ പിന്നില്‍ ഗൂഢോദ്ദേശ്യങ്ങള്‍ ഉണ്ടെന്നു വരാം.
*ചാക്കോ, ഐ.സി., പാണിനീയപ്രദ്യോതം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2012, പുറം - 20.