ഏതൊരു വസ്തുവിനും സ്ഥിതി ചെയ്യാന്‍ ഒരു ഇടം ആവശ്യമുണ്ട്. അതാണ് ആധാരം. എന്തില്‍ അല്ലെങ്കില്‍ എവിടെ സ്ഥിതി ചെയ്യുന്നു എന്നതിനെ ആധാരം കുറിക്കുന്നു. ആധാരത്തില്‍ സ്ഥിതി ചെയ്യുന്നതെന്തും ആധേയമാണ്. വയ്ക്കപ്പെടുന്നത് എന്നു പദാര്‍ഥം. ആധാരാധേയങ്ങള്‍ എപ്പോഴും ഒരേ മട്ടില്‍ ആയിക്കൊള്ളണമെന്നില്ല. മനുഷ്യന് പൂന്തോട്ടത്തില്‍ ഇരിക്കാം. അവിടംതന്നെ കുയിലിനും വണ്ടിനും അണ്ണാനുമൊക്കെ ഇരിപ്പിടമാകാം. അപ്പോള്‍ ഇരിക്കുന്ന മനുഷ്യനും തിര്യക്കുകള്‍ക്കും പൂന്തോട്ടം ആധാരമാകുന്നു. ഒരു വ്യക്തിയുടെ തോളിലാണ് അണ്ണാന്‍ ഇരിക്കുന്നതെങ്കില്‍ വ്യക്തിയുടെ തോള്‍ ആധാരവും അണ്ണാന്‍ ആധേയവും ആകുന്നു. ആധാരാധേയങ്ങള്‍ തിരിച്ചും മറിച്ചും വരാമെന്നു ചുരുക്കം.
ആധാരാധേയബന്ധം പലവിധം വരാം. ആധേയത്തിന് ആധാരത്തിന്റെ കുറച്ചു സ്ഥലം മാത്രം മതിയെങ്കില്‍ അത് ഔപശ്ലേഷികം. ഉപശ്ലേഷിക്കുന്നത് അഥവാ സ്പര്‍ശിക്കുന്നത് ഔപശ്ലേഷികം. ഉദാഹരിക്കാം. പുഷ്പതല്പത്തില്‍ നീ വീണുറങ്ങി/ സ്വപ്നമായ് നിദ്രയില്‍ ഞാന്‍ തിളങ്ങി''1 (ചിത്രം, അഭിനന്ദനം). പുഷ്പതല്പത്തില്‍ വീണുറങ്ങാന്‍ ഇത്തിരി സ്ഥലം മതിയല്ലോ. പുഷ്പതല്പം ആധാരവും വീണുറങ്ങിയ ആള്‍ ആധേയവുമാകുന്നു. ആധാരത്തിന്റെ മുഴുവന്‍ ഇടവും ആധേയം അപഹരിക്കുന്നത് സര്‍വ്വാശ്ലിഷ്ടം. അഭിവ്യാപകം എന്നു നാമാന്തരം. ''ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു/ സുന്ദരീശില്പം/ മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം''2 (ചിത്രം, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു). ഇവിടെ ചന്ദനം ആധാരവും ശില്പം ആധേയവുമാകുന്നു. ആധേയം ഒരു വിഷയമാണെങ്കില്‍ വൈഷയികം. വിഷയം സംബന്ധിച്ചത് വൈഷയികം. ''ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ഞാ/നൊരാവണിത്തെന്നലായ് മാറി.''3 (ചിത്രം - ചന്ദ്രകാന്തം). ഇവിടെ നിമിഷം ആധാരവും നിര്‍വൃതി ആധേയവും ആകുന്നു. ആധാരാധേയങ്ങളോടാണ് ആധാരികാവിഭക്തിപ്രത്യയമായ 'ഇല്‍' ചേരുന്നതെന്ന് ശ്രദ്ധിച്ചുകാണുമല്ലോ. അങ്ങനെ മൂവിധത്തിലാണ് ആധാരിക പ്രവര്‍ത്തിക്കുന്നത്. ക്രിയാനിര്‍വഹണത്തിന്റെ സ്ഥലകാലങ്ങള്‍ അധികരണകാരകമാകുന്നു. ഇങ്ങനെ വിഭക്തിയും കാരകവും പാരസ്പര്യത്തോടെ വര്‍ത്തിച്ചാണ് അര്‍ഥവൈചിത്ര്യങ്ങള്‍ സൃഷ്ടിക്കുന്നത്.
1,2,3 - ശ്രീകുമാരന്‍തമ്പി, ഹൃദയസരസ്സ് (തിരഞ്ഞെടുത്ത 10001 ഗാനങ്ങള്‍) ഡി.സി. ബുക്‌സ്, കോട്ടയം 2008, പുറം - 160,43,25.
ഡോ. ഡേവിസ് സേവ്യര്‍
