•  18 Apr 2024
  •  ദീപം 57
  •  നാളം 6
ശ്രേഷ്ഠമലയാളം

മുന്നറിയിപ്പ്

മാസിച്ചെഴുതേണ്ട പദങ്ങളെ വേര്‍തിരിച്ചെഴുതുന്ന രീതി പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. മുന്നറിയിപ്പ്, മുന്നിരിപ്പ് എന്നീ സമസ്തപദങ്ങള്‍ ''മുന്‍അറിയിപ്പ്'' ''മുന്‍ ഇരിപ്പ്'' എന്നൊക്കെ ഇപ്പോള്‍ എഴുതിവരുന്നു. ഇത് സ്വീകാര്യമായ പ്രവണതയാണെന്നു തോന്നുന്നില്ല. ഏകപദത്വപ്രതീതിക്കായി സമാസിച്ചെഴുതുന്നതാണ് മലയാളത്തിന്റെ തനതുസ്വഭാവം. അര്‍ത്ഥവ്യക്തതയ്ക്കും വ്യാകരണബോധത്തിനും ചേര്‍ത്തെഴുതുന്നതാണ് നല്ലത്.
മുന്‍ + അറിയിപ്പ് = മുന്നറിയിപ്പ്, മുന്‍ + ഇരിപ്പ് = മുന്നിരിപ്പ്. ഇവയെ ഇങ്ങനെവേണം സന്ധി ചെയ്യാന്‍. മുന്‍ അറിയിപ്പ്, മുന്‍ ഇരിപ്പ് എന്നിങ്ങനെ പിരിച്ചെഴുതാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. ഒരു മാത്രയോടുകൂടിയ പ്രകൃതികളുടെ അവസാനത്തില്‍ വരുന്ന അനുനാസികങ്ങള്‍ സ്വരം പരമാകുമ്പോള്‍ ഇരട്ടിക്കുമെന്നാണ് കേരളപാണിനീയവ്യവസ്ഥ. ''ഏകമാത്ര പ്രകൃത്യന്തേ / നാസോത്ഥംയളലങ്ങളും / ഇരട്ടിച്ചിട്ടു താന്‍ നില്‍ക്കും''* (കാരിക 18) അങ്ങനെ മുന്നറിയിപ്പും മുന്നിരിപ്പും ശരിയായ രൂപങ്ങളാകുന്നു.
മുന്‍കൂട്ടിയുള്ള അറിയിപ്പാണ് മുന്നറിയിപ്പ്. താക്കീത് എന്നും അര്‍ത്ഥമുണ്ട്. ഇരിപ്പുതുക, മുന്‍ബാക്കി, മുമ്പുള്ള നില, മുമ്പുള്ള വിലനിലവാരം തുടങ്ങിയ വിവക്ഷിതങ്ങളില്‍ മുന്നിരിപ്പു പ്രയോഗിക്കുന്നു. മുന്‍ + അണി, മുന്നണിയാകുന്നതും ഇതേ നയമനുസരിച്ചുതന്നെ. ഐക്യജനാധിപത്യമുന്നണി, ഇടതുപക്ഷജനാധിപത്യമുന്നണി എന്നൊക്കെ കേള്‍ക്കാത്തവര്‍ ഉണ്ടാവുകയില്ലല്ലോ. മുന്നിലുള്ള അണിയാണ് മുന്നണി. ആദ്യത്തെ നിര, പല രാഷ്ട്രീയ കക്ഷികളുടെ കൂട്ടുകെട്ട് തുടങ്ങിയ വിവക്ഷിതങ്ങളും മുന്നണിക്കു കല്പിക്കാം.
മുന്നാള്‍ സന്ദര്‍ഭനിഷ്ഠമായി പലവിധം പിരിച്ചെഴുതാം. അര്‍ത്ഥം നോക്കി പിരിക്കണമെന്നു മാത്രം. മുന്‍+ആള്‍ = മുന്നാള്‍ (പ്രധാനി). ഇവിടെ 'ന്ന'യ്ക്ക് വര്‍ത്സ്യധ്വനിയാണുള്ളത്. മുന്‍ + നാള്‍ = മുന്നാള്‍ (മുമ്പൊരു ദിവസം, തലേദിവസം, കഴിഞ്ഞ കാലം) മു + നാള്‍ = മുന്നാള്‍ (മൂന്നു ദിവസം, മൂന്നാം ദിവസം) ഇവിടെ മു (മൂന്ന്) സംഖ്യാവാചിയായി പ്രയോഗിച്ചിരിക്കുന്നു.
* രാജരാജവര്‍മ, ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്., കോട്ടയം, 1988, പുറം-134.

 

Login log record inserted successfully!