•  2 May 2024
  •  ദീപം 57
  •  നാളം 8
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

കീരി

ഏഷ്യയിലെ കീരികളില്‍ ഏറ്റവും വലുതാണ് ചെങ്കീരി. നീളം 90 സെ. മീ., ഭാരം 3.2 കിലോഗ്രാം. ചെവിമുതല്‍ കഴുത്തുവരെ ഒരു കറുത്ത വര ഇതിന്റെ പ്രത്യേകതയാണ്.  പേരു സൂചിപ്പിക്കുന്നുപോലെ ഇതിനു ചുവന്ന നിറമല്ല. ചുവപ്പു കലര്‍ന്ന തവിട്ടുനിറമാണ്. സാധാരണമായി സസ്യഭുക്കാണെങ്കിലും സാഹചര്യത്തിനനുസരിച്ച് എന്തും ആഹാരമാക്കും. എലിയും തേളും തവളയും ഞണ്ടും മത്സ്യവും ഷഡ്പദങ്ങളും മറ്റുമാണ് ആഹാരം. കൂടെ പഴങ്ങളും സസ്യങ്ങളും കിഴങ്ങുകളും ഭക്ഷിക്കും. ഉഗ്രവിഷമുള്ള പാമ്പിനെപ്പോലും ഒറ്റയ്ക്കു കീഴ്‌പ്പെടുത്താന്‍ കീരിക്കാവും. പാമ്പിന്‍വിഷത്തെ കുറച്ചൊക്കെ പ്രതിരോധിക്കാന്‍ ഇവയ്ക്കാവുന്നുണ്ട്. തന്ത്രം പ്രയോഗിച്ച് കീരികള്‍ പാമ്പിനെ നേരിട്ട് തലയില്‍ പിടിമുറുക്കും. അതിനെ തിന്നുകയും ചെയ്യാറുണ്ട്.
സാധുജീവികളാണെങ്കിലും ചിലപ്പോഴൊക്കെ അപകടകാരികളാകാറുണ്ട്. വളരെ വേഗത്തില്‍ യാത്ര ചെയ്യുന്നു. ചെങ്കീരിയുടെ സഞ്ചാരം പകലാണ്. രാത്രിയില്‍ പൂര്‍ണവിശ്രമം. കൂട്ടത്തോടെയും ഒറ്റയ്ക്കും സഞ്ചരിക്കുന്നു. ജലാശയങ്ങളോടു ചേര്‍ന്നുള്ള കുറ്റിക്കാട്, മുളങ്കാടുകള്‍, വരണ്ട കാടുകള്‍ എന്നിവിടങ്ങളിലാണ് കാണപ്പെടുക. മരപ്പൊത്തിലോ മണ്‍മാളങ്ങളിലോ ആവും താമസം. ചെങ്കീരി നമ്മുടെ വനങ്ങളില്‍ കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ വനങ്ങളില്‍ ഇവറ്റയെ കാണാം.  സിലോണിലും ചെങ്കീരിയെ കാണാറുണ്ട്.
ഒരു പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍ വരെയുണ്ടാവും. ഗര്‍ഭകാലം ഏഴോ എട്ടോ ആഴ്ചകള്‍ മാത്രം. 15 ദിവസം കഴിഞ്ഞാല്‍ മാത്രമേ കുഞ്ഞിന്റെ കണ്ണുകള്‍ തുറക്കൂ. ആയുസ് 10 കൊല്ലമാണ്. ചെങ്കീരിയുടെ ശാസ്ത്രനാമം ഹെപ്പെസ്റ്റസ് വിറ്റികോളിസ് എന്നാണ്.
ചെങ്കീരിക്കു പുറമേ ഇന്ത്യയില്‍ മൂന്നിനം കീരികള്‍കൂടി യുണ്ട്. നാടന്‍കീരി എന്ന കോമണ്‍ മംഗൂസ്. നീളം 90 സെ. മീ. വാലിന് 45 സെ.മീ. ഒന്നരക്കിലോയോളം  ഭാരവും. നീണ്ട മോന്തയും ചാരനിറവും. ഹിമാലയംമുതല്‍ കന്യാകുമാരിവരെ ഇന്ത്യയിലാകെ ഇവറ്റയെ കാണാം. കൃഷിയിടങ്ങളും ചിലപ്പോള്‍ വീടുകളുടെ മേല്‍ക്കൂരയും വരെ ഇവ താവളമാക്കുന്നു.
അടുത്തയിനം ചെറുകീരിയാണ്. സ്‌മോള്‍ ഇന്ത്യന്‍ മംഗൂസ്. നീളം 40-45 സെ.മീ. ഒതുങ്ങിയ ശരീരം. നീളം കുറഞ്ഞ വാല്‍. സ്വര്‍ണനിറമാര്‍ന്ന ശരീരം. വടക്കേയിന്ത്യയിലാണ് ഇവറ്റയെ സുലഭമായി കാണുക. മൂന്നാമത്തെയിനം ഞണ്ടുതീനിക്കീരി. വലിപ്പംകൂടി, തവിട്ടും കറുപ്പും നിറമാണിതിനുള്ളത്. ശരീരത്തിന്റെ അടിഭാഗത്തിനു മഞ്ഞകലര്‍ന്ന തവിട്ടുനിറം. ജലാശയങ്ങള്‍ക്കടുത്താണ് ഇവ താമസിക്കുക. ഞണ്ടുകളാണ് ഇഷ്ടഭോജനം. വെള്ളത്തില്‍ മുങ്ങി പാറയ്ക്കടിയിലുള്ള ഞണ്ടുകളെ കൈനഖങ്ങള്‍കൊണ്ട് വലിച്ചെടുത്ത് ഇടിച്ചുപൊടിച്ചു തിന്നുന്ന കാഴ്ച കാണേണ്ടതുതന്നെ. ആസാം, നേപ്പാള്‍, മ്യാന്‍മര്‍, ചൈന എന്നിവിടങ്ങളില്‍ കണ്ടുവരുന്നു.

 

Login log record inserted successfully!