കേരളത്തിലെ കാടുകളിലും നാട്ടിന്‍പുറത്തുമൊക്കെ നാടന്‍കുരങ്ങുകളെ കണ്ടുവരുന്നു. സുപരിചിതമായൊരു കാട്ടുമൃഗം. ഭയമില്ലാതെ മനുഷ്യരുമായി അടുക്കുന്നു. ആപത്തുവരുമ്പോള്‍ ആക്രമിക്കാതിരിക്കുകയുമില്ല. വനമേഖലയിലൂടെ യാത്രപോകുന്ന യാത്രികരുടെ വിശ്രമനേരത്ത് അവരുടെ തീറ്റസാധനങ്ങളോ മറ്റോ എന്തിന് ബാഗുകള്‍വരെ ഇക്കൂട്ടര്‍ കൈക്കലാക്കി മരങ്ങളില്‍ കയറി സ്ഥലംവിടാറുണ്ട്. ഇവറ്റ ഇരുപതോളം വരുന്ന കൂട്ടമായിട്ടാവും കാണപ്പെടുക. നന്നായി നീന്താനും പറ്റും.
പണ്ടുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ ഇവ ധാരാളമുണ്ടായിരുന്നു. കൃഷികളും മറ്റും നശിപ്പിക്കാന്‍ തുടങ്ങിയതോടെ മനുഷ്യര്‍ ഇവയെ വേട്ടയാടാന്‍ തുടങ്ങി. അങ്ങനെ ഇവ നാട്ടിന്‍പുറങ്ങളില്‍ അപൂര്‍വമായി മാറി. ഇപ്പോള്‍ നമ്മുടെ വനപ്രദേശങ്ങളില്‍ ധാരാളമായിക്കാണാം. പക്ഷേ, മഴക്കാടുകള്‍ ഈ വര്‍ഗക്കാര്‍ക്ക് തീരെ പിടിക്കില്ല. ഉഷ്ണമേഖലയിലെ ഇലപൊഴിയുംകാടുകളാണ് ഇഷ്ടം. വനത്തിന്റെ പ്രാന്തപ്രദേശങ്ങളാണ് കൂടുതലിഷ്ടം. അതായത്, കാടിനോടു ചേര്‍ന്ന ജനവാസമേഖലകളാണ് ഈ കുരങ്ങന്മാര്‍ക്കു വിഹരിക്കാന്‍ പ്രിയം.
ഏകദേശം 60 സെ.മീറ്റര്‍ ഉയരവും 6 മുതല്‍ 9 കിലോഗ്രാം വരെ ഭാരവുമുള്ള ചെറിയ കുരങ്ങുവര്‍ഗമാണിത്. രണ്ടരവര്‍ഷംകൊണ്ടു വളര്‍ച്ച പൂര്‍ത്തിയാക്കുന്നു. ആയുസ് 12 മുതല്‍ 15 വരെ കൊല്ലം മാത്രം. ഇവയുടെ മുതുകുഭാഗം ഇരുണ്ട മഞ്ഞനിറത്തിലാണ്. വയറിന് മഞ്ഞകലര്‍ന്ന വെള്ളനിറവും മുഖത്തിന് ചുവപ്പുനിറവും കാണുന്നുണ്ട്. തലയില്‍ ഒരു ചുഴിയുണ്ട്. ശരീരം രോമാവൃതമാണ്. വാലിന് ഒന്നരയടിയോളം നീളമുണ്ട്.
വെജിറ്റേറിയനെന്നോ നോണ്‍വെജിറ്റേറിയനെന്നോ വ്യത്യാസമൊന്നും നോക്കാതെ വിശന്നാല്‍ എന്തും കഴിക്കുന്ന കൂട്ടരാണ്. കായും പഴവും ഇലയും പൂവും എല്ലാം നാടന്‍കുരങ്ങുകള്‍ക്ക് വലിയ ഇഷ്ടംതന്നെ. പ്രാണികളെയും ഷഡ്പദങ്ങളെയും ചെറുജീവികളെയും ചിലപ്പോള്‍ ഉരഗങ്ങളെ വരെ ഇവ ഭക്ഷണമാക്കും. വനമേഖലയോടു ചേര്‍ന്നുള്ള പട്ടണങ്ങളില്‍ ഉയര്‍ന്നുനില്ക്കുന്ന ഫ്‌ളാറ്റുകളിലെ തുറന്നിട്ട ജാലകംവഴി കുരങ്ങുദമ്പതികള്‍ അടുക്കളയിലും മറ്റും കടന്നുചെന്ന് പലഹാരങ്ങളും ബിസ്‌കറ്റും പഴങ്ങളുമൊക്ക മോഷ്ടിക്കാറുണ്ട്. മണിപേഴ്‌സ്, മൊബൈല്‍ ചാര്‍ജര്‍, പേന എന്നിവയൊക്കെ തട്ടിക്കൊണ്ടുപോകുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. മനുഷ്യരുമായി ഇണങ്ങിപ്പോകുന്ന പ്രകൃതംതന്നെയാണ് ഈ കുരങ്ങന്മാര്‍ക്ക്.
വെള്ളമന്തി എന്നു പേരുകൂടി നാടന്‍കുരങ്ങിനുണ്ട്. മക്കാക്കറേ ഡിയറ്റ എന്നാണു ശാസ്ത്രനാമം.