വിജയവും സന്തോഷവും ഒരു പോലെയാണ്. നമുക്കവയെ പിന്‍ചെല്ലാനാവില്ല. അവ നമ്മുടെ പ്രവൃത്തികളെ പിന്‍പറ്റിയെത്തുകയാണു ചെയ്യുന്നത്. സ്വാര്‍ത്ഥം തീണ്ടാത്ത ഏതെങ്കിലും ലക്ഷ്യത്തിലേക്ക് എത്രമാത്രം നാം സ്വയം അര്‍പ്പിക്കുന്നുവോ, അതിനനുസൃതമായി വിജയവും സന്തോഷവും കിട്ടുക തന്നെ ചെയ്യും (വിക്ടര്‍ ഫ്രാങ്ക്‌ലിന്‍).
റോബിന്‍ എസ്. ശര്‍മയുടെ ''വിജയം സുനിശ്ചിതം'' എന്ന പുസ്തകം ജൂലിയന്‍ മാന്റില്‍ എന്ന അതിപ്രശസ്തനായ അഭിഭാഷകന്റെ കഥയാണ്. തന്റെ അസന്തുലിതമായ ജീവിതശൈലി കാരണം അയാള്‍ക്ക് ഒരു ദിവസം മാരകമായ ഹൃദയാഘാതമുണ്ടാവുന്നു. ശാരീരികമായ പതനത്തെത്തുടര്‍ന്നുണ്ടാകുന്ന ആദ്ധ്യാത്മിക പ്രതിസന്ധി മാന്റിലിനെ തന്റെ ജീവിതാവസ്ഥയെ നേരിടാനും ജീവിതത്തിലെ പരമപ്രധാനമായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനും നിര്‍ബന്ധിതനാക്കുന്നു. സന്തോഷവും സാഫല്യവും കണ്ടെത്താമെന്നു പ്രതീക്ഷിച്ച് അയാള്‍ പുരാതനമായൊരു സംസ്‌കാരത്തിലേക്ക് അസാധാരണമായൊരു പ്രയാണമാരംഭിക്കുന്നു.
അവിടെ തന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ശക്തികളെ വിമുക്തമാക്കുകയും വര്‍ദ്ധിച്ച ആവേശത്തോടെയും ലക്ഷ്യത്തോടെയും ശാന്തിയോടെയും ജീവിക്കാന്‍ പഠിപ്പിക്കുന്ന ശക്തമായൊരു വ്യവസ്ഥ അയാള്‍ കണ്ടെത്തുകയും ചെയ്യുന്നു. കിഴക്കിന്റെ കാലാതീതമായ ആദ്ധ്യാത്മികവിജ്ഞാനത്തെ പടിഞ്ഞാറിന്റെ ശക്തമായ വിജയതത്ത്വങ്ങളുമായി ഉജ്ജ്വലമായി യോജിപ്പിക്കുന്ന ആവേശകരമായ ഈ കഥ വര്‍ദ്ധിതമായ ധൈര്യത്തോടും മാനസികസ്ഥൈര്യത്തോടും ആഹ്ലാദത്തോടുംകൂടി ജീവിക്കുവാന്‍ സഹായിക്കുന്ന പടിപടിയായുള്ള പാത കാണിച്ചുതരുന്നു. അമ്പതിലധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട അന്തര്‍ദേശീയതലത്തില്‍ ബെസ്റ്റ് സെല്ലറായ 'ദ മങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാറി' എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ. മനസ്സിന്റെ ശക്തിയും അതിന്റെ മായാജാലങ്ങളും എങ്ങനെ കണ്ടെത്താം, അതു വഴി സ്വന്തം ജീവിതം മാത്രമല്ല ചുറ്റുമുള്ളവരുടെ ജീവിതംകൂടി എത്ര സന്തോഷകരമാക്കാം എന്ന് ഈ പുസ്തകം മനസ്സിലാക്കിത്തരുന്നു.