•  5 Dec 2024
  •  ദീപം 57
  •  നാളം 39
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

പൊയ്ക്കാലില്‍ നേടിയ പോരാട്ടവിജയം

''എനിക്കു നൃത്തം ചെയ്യണമെന്നു തോന്നി. ഒരേസമയം ചിരിയും കരച്ചിലും വന്നു. മനസ്സ് പലപല വികാരങ്ങളുടെ ഒരു ''കാലിഡോസ്‌കോപ്പായി.'' അമ്പേ തളര്‍ന്ന് ഞാന്‍ മുട്ടുകുത്തി ഇരുന്നുപോയി. ഉച്ചത്തില്‍ വിളിച്ചു കൂവണമെന്നു തോന്നി. ഞാന്‍ ലോകത്തിന്റെ മുകളറ്റത്തെത്തിയിരിക്കുന്നു. എല്ലാവര്‍ക്കുമുണ്ട് ജീവിക്കാനൊരു കാരണം... നിറവേറ്റാന്‍ ഒരു ദൗത്യം... അഭിനയിക്കാന്‍ തനതായ ഒരു ഭാഗം... എന്റേത് ഇതായിരിക്കാം. ആ ഹിമപാളിയില്‍നിന്ന് ഞാന്‍ ചുറ്റും നോക്കി... എന്റെ ദേശീയപതാക ഞാനേതു കൊടിമരത്തിലാണ് ഉയര്‍ത്തുക. അതിനു പറ്റിയതൊന്നും ഞാനവിടെ കണ്ടില്ല. ത്രിവര്‍ണപതാക രണ്ടുകൈകൊണ്ട് പിടിച്ച് ഞാനുയര്‍ത്തിവീശി... എവറസ്റ്റിനു മുകളില്‍ എന്റെ രാജ്യത്തിന്റെ സാന്നിധ്യം എല്ലാവരെയും അറിയിച്ചുകൊണ്ട്...''
അരുണിമ സിന്‍ഹയുടെ ആത്മകഥയില്‍നിന്ന്...
എല്ലാ ആത്മകഥകളിലും, പ്രത്യേകിച്ചു പെണ്‍ജീവിതങ്ങളില്‍, കാണുന്ന പൊതുവായ ഒന്നുണ്ട്: ഏതു പ്രതിസന്ധികളെയും നേരിടാനുള്ള മനോധൈര്യം. വിജയത്തിന്റെ പടവുകള്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ വിധിയുടെ വിളയാട്ടത്തില്‍ കാല്‍ നഷ്ടപ്പെടുകയും ആ വിധിയെ ചങ്കുറപ്പോടെ നേരിട്ട് ലോകത്തിന്റെ നെറുകയില്‍ - ഹിമവാന്റെ മുകള്‍ത്തട്ടില്‍ - രാജ്യത്തിന്റെ ത്രിവര്‍ണപതാകപാറിച്ച് രാജ്യത്തിന്റെയും തന്റെതന്നെയും യശസ്സ് വാനോളമുയര്‍ത്തുകയും ചെയ്തതാണ് അരുണിമ സിന്‍ഹയെന്ന പെണ്‍പോരാളിയുടെ ജീവിതകഥ. അരുണിമയുടെ ജീവിതത്തിന് രണ്ടു ഘട്ടങ്ങളാണുള്ളത്: അപകടത്തിനുമുമ്പും അപകടത്തിനുശേഷവും... 
ഒന്നാം ഘട്ടം
ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ ഒരു സാധാരണ കുടുംബത്തിലാണ് അരുണിമ സിന്‍ഹ ജനിച്ചത്. പട്ടാളക്കാരനായിരുന്ന ഹരേന്ദ്രകുമാര്‍ സിന്‍ഹയുടെയും ജ്ഞാബാലാ സിന്‍ഹയുടെയും മകള്‍. കുട്ടിക്കാലംമുതല്‍ സ്‌പോര്‍ട്‌സില്‍ താത്പര്യം കാണിച്ചിരുന്ന അരുണിമ  ദേശീയതലത്തില്‍ മികവുകാട്ടിയ വോളിബോള്‍താരമായി വളര്‍ന്നു. എന്നാല്‍, രണ്ടായിരത്തിപ്പതിനൊന്ന് ഏപ്രില്‍ പതിനൊന്നിന് സിഐഎസ്എഫിലേക്കുള്ള പ്രവേശനപ്പരീക്ഷയെഴുതുന്നതിനായി ലക്‌നോവില്‍നിന്ന് ഡല്‍ഹിയിലേക്കു നടത്തിയ ട്രെയിന്‍ യാത്ര അവളുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു. മൂന്നുകൊള്ളക്കാര്‍ ട്രെയിനിലെ യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമിച്ചു. കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല മോഷ്ടിക്കാനുള്ള ശ്രമത്തെഅരുണിമ ശക്തമായി എതിര്‍ത്തു. പിടിവലിക്കിടയില്‍ കൊള്ളക്കാര്‍ അരുണിമയെ ട്രെയിനില്‍നിന്നു പുറത്തേക്കെറിഞ്ഞു. എതിര്‍വശത്തെ ട്രാക്കില്‍ വീണ അരുണിമയ്ക്ക് എഴുന്നേറ്റു നില്‍ക്കാന്‍പോലും കഴിഞ്ഞില്ല. ട്രാക്കിലൂടെ പാഞ്ഞുപോയ ട്രെയിന്‍ ഇടതുകാലിലൂടെ കയറിയിറങ്ങി. ഒരു രാത്രിമുഴുവനും വേദനകൊണ്ടു പിടഞ്ഞ് ആരും സഹായിക്കാനില്ലാതെ കിടന്നു. പിറ്റേന്നു വെളുപ്പിനെയാണ് പാളത്തില്‍ അവശയായിക്കിടന്ന അവളെ ഗ്രാമവാസികള്‍ ആശുപത്രിയിലാക്കിയത്.
രണ്ടാം ഘട്ടം
ബറേലി ജില്ലാ ആശുപത്രിയിലാണ് അരുണിമയെ പ്രവേശിപ്പിച്ചത്. ആശുപത്രിസ്റ്റാഫ് അവളെക്കണ്ടു പകച്ചു. നല്‍കാന്‍ രക്തമില്ല, അനസ്‌തേഷ്യ നല്‍കാന്‍ സംവിധാനമില്ല. അടിയന്തര ഓപ്പറേഷന്‍ ആവശ്യമായിരുന്നു. അനസ്‌തേഷ്യയില്ലാതെ ഇടതുകാല്‍ മുട്ടിനു താഴെവച്ചു പച്ചയ്ക്കു മുറിച്ചുകളയാന്‍ അവള്‍ ആവശ്യപ്പെട്ടു. വേദന തിന്നുകഴിഞ്ഞ തലേരാത്രിയുടെ അനുഭവമായിരുന്നു അങ്ങനെ പറയാന്‍ അവളെ പ്രേരിപ്പിച്ചത്. ഈ മനക്കരുത്തു കണ്ട് ആശുപത്രി സ്റ്റാഫ് അവള്‍ക്കു രക്തം നല്‍കി. ഡോക്ടര്‍മാര്‍ അവളുടെ കാല്‍ മുറിച്ചെടുത്തു. കാല്‍ നഷ്ടപ്പെട്ടവള്‍ക്ക് ഇനിയൊരു വോളിബോള്‍ ഭാവിയില്ലെന്ന് ഒരു നടുക്കത്തോടെ അവള്‍ തിരിച്ചറിഞ്ഞു.
ആശുപത്രിക്കിടക്കയില്‍വച്ച് അവള്‍ ഉറച്ച ഒരു തീരുമാനമെടുത്തു ആശുപത്രി വിട്ടാല്‍ എവറസ്റ്റ് കീഴടക്കാനുള്ള ശ്രമം തുടങ്ങും. കേട്ടവര്‍ക്ക് അവിശ്വസനീയമായിത്തോന്നി. പക്ഷേ, അരുണിമയ്ക്ക്  അതൊരു ദൃഢനിശ്ചയമായിരുന്നു. ദുരിതങ്ങള്‍ മുമ്പും വേട്ടയാടിയ ജീവിതമാണ് അരുണിമ സിന്‍ഹയുടേത്. പട്ടാളോദ്യോഗസ്ഥനായ അച്ഛന്‍ ഹരേന്ദ്രകുമാര്‍ സിന്‍ഹയുടെ ദുരൂഹമരണവും തുടര്‍ന്നുവന്ന കള്ളക്കേസും കുടുംബത്തെ തളര്‍ത്തിരുന്നു. കള്ളക്കേസിന്റെ ഫലമായി അമ്മയും മുതിര്‍ന്ന സഹോദരങ്ങളും ജയിലിലായപ്പോള്‍ വീട്ടില്‍ കുട്ടികളായ അരുണിമയും സഹോദരന്‍ രാഹുലും തനിച്ചായിരുന്നു. പിന്നെ ജ്യേഷ്ഠന്‍ രവിയെ ബിസിനസ് പങ്കാളികള്‍ ചേര്‍ന്നു കൊലപ്പെടുത്തി... അങ്ങനെ ഓരോ ദുരന്തങ്ങള്‍ അവളെ വേട്ടയാടിയിരുന്നു. ഏതൊരു വ്യക്തിക്കും തങ്ങളുടെ ജീവിതത്തില്‍ കൈത്താങ്ങാകാന്‍ ഒരു കരമുണ്ടാകും... അരുണിമയ്ക്കും ഉണ്ടായി ഒരു രക്ഷകന്‍. അവള്‍ സാഹിബ് എന്നു വിളിക്കുന്ന സഹോദരീഭര്‍ത്താവ് ഓം പ്രകാശ്. അവള്‍ വീണുപോകുമെന്നു തോന്നിയ എല്ലാ കാലഘട്ടത്തിലും അവള്‍ക്കു കാവലാളായി സാഹിബ് ഉണ്ടായിരുന്നു.
എവറസ്റ്റ് കീഴടക്കിയ ആദ്യവനിതയായ ബചേന്ദ്രിപാലാണ് അരുണിമയ്ക്ക് പരിശീലനം നല്കിയത്. രണ്ടായിരത്തിപ്പന്ത്രണ്ട് ജനുവരിയിലാണ് അരുണിമ പര്‍വതാരോഹണത്തിനുള്ള ശ്രമം തുടങ്ങുന്നത്. ഒരുനാള്‍ എവറസ്റ്റ് കീഴടക്കണം എന്ന ഒരു ലക്ഷ്യം മാത്രമാണ് അവളുടെ മുന്നിലുണ്ടായിരുന്നത്. അവളുടെ കൃത്രിമക്കാല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ചില സമയത്ത് സ്റ്റിച്ച് പൊട്ടി രക്തം ഒഴുകി. അവളുടെ പരിശീലകര്‍ ഈ ഉദ്യമത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവളിലെ പോരാളി തയ്യാറായില്ല. എവറസ്റ്റ് എന്ന ഒറ്റ ലക്ഷ്യം മാത്രമേ അപ്പോള്‍ അവള്‍ക്കുണ്ടായിരുന്നുള്ളു.
ആദ്യം അവള്‍ നേരിട്ടത് മനസ്സു മടുപ്പിക്കുന്ന കാഴ്ചകളെയാണ്. അതായത്, ദൗത്യത്തിനിടെ മഞ്ഞില്‍ ജീവന്‍ ഹോമിക്കപ്പെട്ടവരുടെ  മൃതദേഹങ്ങള്‍, പിന്നെ കൈയില്‍ കരുതിയിരിക്കുന്ന ഓക്‌സിജന്‍ സിലണ്ടര്‍ തീര്‍ന്നുപോകുമോയെന്ന ഭയം, കയറ്റത്തിനിടെ ഷേര്‍പ്പയുടെ  നിരുത്സാഹപ്പെടുത്തലുകള്‍ തുടങ്ങി പലതും, പലപ്പോഴും അനുസരണക്കേടു കാണിച്ച പൊയ്ക്കാലുകള്‍ നൂറുഡിഗ്രിവരെ ചരിഞ്ഞ് അവളെ ബുദ്ധിമുട്ടിലാക്കി. പക്ഷേ, അതെല്ലാം  അരുണിമയുടെ നിശ്ചയദാര്‍ഢ്യത്തിന്നുമുമ്പില്‍ തോറ്റുമടങ്ങി.
രണ്ടായിരത്തിപ്പതിമൂന്ന്  മെയ് ഇരുപത്തിയൊന്നിന് രാവിലെ 10.55 ന് ലോകം ആ അദ്ഭുതവിജയത്തിനു സാക്ഷ്യം വഹിച്ചു. പൊയ്ക്കാലുമായി എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരിയായി അരുണിമ ചരിത്രത്തില്‍ ഇടം നേടി.
റെയില്‍വേ ട്രാക്കില്‍ ചോര വാര്‍ന്നു കിടന്ന നിസ്സഹായയായ പെണ്‍കുട്ടിയില്‍നിന്ന് ലോകമറിയുന്ന കരുത്തുറ്റ വനിതയെന്ന ബഹുമതിയിലേക്കാണ് അരുണിമ നടന്നുകയറിയത്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)